March 29, 2024

ന്യായ് പദ്ധതി കൂടുതൽ ഗുണം വയനാടിന്: ഡോ. നാഗലക്ഷ്മി

0
ന്യായ് പദ്ധതി കൂടുതൽ ഗുണം വയനാടിന്: ഡോ. നാഗലക്ഷ്മി

സുൽത്താൻ ബത്തേരി: യു ഡി എഫിൻ്റെ ന്യായ് പദ്ധതി ഏറ്റവുമധികം ഗുണം ചെയ്യുക വയനാടിനെന്ന് മഹിള കോൺഗ്രസ് ദേശീയ ഉപാധ്യക്ഷയും എ ഐ സി സി നിരീക്ഷയുമായ ഡോ.നാഗലക്ഷ്മി പറഞ്ഞു. യു ഡി എഫിൻ്റെ പ്രകടനപത്രികയുടെ നിയോജക മണ്ഡലം തല പ്രകാശനം സുൽത്താൻ ബത്തേരി പ്രസ് ക്ലബ്ബിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു നാഗലക്ഷ്മി.സർക്കാരിൻ്റെ കർഷകദ്രോഹ നടപടികളിൽ ശ്വാസം മുട്ടി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ വയനാട്ടുകാർക്ക് ന്യായ് പദ്ധതിയിലൂടെ പ്രതിവർഷം കിട്ടുന്ന 72000 രൂപ വലിയ ഉണർവ്വ് പകരും. പെൻഷൻ തുകയായ 3000 രൂപ കൂടി പ്രതിമാസം ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് യു ഡി എഫ് സർക്കാർ കൈത്താങ്ങാകും എന്നത് ഉറപ്പാണ്.ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ, തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ, എല്ലാ വെള്ള കാർഡുടമകൾക്കും മാസം 5 കിലോ അരി സൗജന്യം തുടങ്ങി സാമ്പത്തികമായി തകർന്ന വയനാടിന് ഉണർവ്വേകുന്ന നിരവധി പദ്ധതികളാണ് യു ഡി എഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതം മുന്നോട്ടു നീക്കാനായി വായ്പയെടുത്ത് കടക്കെണിയിലായ വയനാട്ടുകാരെ ജപ്തി ചെയ്ത് കിടപ്പാടം നഷ്ടപ്പെടുത്തുന്ന സർഫാസി ആക്ടിനെ ദുരുപയോഗം ചെയ്യാൻ ബാങ്കുകളെ അനുവദിക്കില്ലെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ തുടങ്ങി കർഷകരുടെ കാലങ്ങളായുള്ള ആവശ്യകൾക്കുള്ള മറുപടിയും പ്രകടനപത്രികയിലുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കാരുണ്യ പദ്ധതിയും ജനസമ്പർക്ക പരിപാടിയും വഴി പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയ ഐക്യജനാധിപത്യ മുന്നണി ഇത്തവണയും പാവങ്ങളോട് ഒപ്പം തന്നെയായിരിക്കും എന്നാണ് പ്രകടനപത്രിക ഉറപ്പ് നൽകുന്നത്. ഇടത് ഭരണത്തിൽ വയനാടിന് ലഭിച്ചത് അവഗണന മാത്രമാണ്. കുടിയേറ്റ മേഖലയിലെ കാർഷിക പ്രശ്നങ്ങൾ, മെഡിക്കൽ കോളേജ്,വയനാട് റെയിൽവേ,രാത്രിയാത്രാ നിരോധനം,ബഫർ സോൺ,ചുരം ബദൽ പാത തുടങ്ങിയ പ്രധാന പ്രശ്നങ്ങളിലൊക്കെ വയനാട്ടുകാരെ സഹായിച്ചില്ലെന്ന് മാത്രമല്ല കബളിപ്പിച്ച് പരിഹാസ്യരാക്കുകയായിരുന്നു പിണറായി സർക്കാർ.വിലക്കയറ്റവും വിളനാശവും കൊണ്ട് ദുരിതത്തിലായ കർഷകരെ സമാശ്വസിപ്പിക്കാൻ ഒരു പദ്ധതിയും നടപ്പിലാക്കാത്ത സർക്കാർ ഉല്പന്നങ്ങൾ ഹോർട്ടികോർപ്പ് വഴി സംഭരിച്ച് പണം നൽകാതെ കർഷകരെ വഞ്ചിച്ചു.കോടിക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ സംഭരണത്തിൻ്റെ പേരും പറഞ്ഞ് വാങ്ങിയെടുത്ത സർക്കാർ കർഷകൻ്റെ വിയർപ്പിന് കൂലിനൽകാതെ കണ്ണീര് കുടിപ്പിക്കുകയാണ്. ആരോഗ്യ മേഖലക്ക് കൈത്താങ്ങായി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളേജ് 300 രൂപയുടെ ഫ്ലക്സ് ബോർഡിൽ ഒതുക്കി ഇടതു സർക്കാർ.മെഡിക്കൽ കോളേജിലെത്തിച്ച രോഗിയെ ജില്ലയിലെ മറ്റ് ആസ്പത്രികളിലേക്ക് റഫർ ചെയ്ത് വയനാട്ടുകാരെ പരിഹസിക്കുകയാണ് പിണറായി സർക്കാർ.റെയിൽവേ മന്ത്രാലയത്തിൻ്റെ പിങ്ക് ബുക്കിൽ ഇടം നേടിയ വയനാട് റെയിൽവേയെ വെറും 2 കോടി രൂപ തടഞ്ഞുവെച്ച് അട്ടിമറിച്ചു. ഐതിഹാസികമായ രാത്രിയാത്ര നിരോധന സമരം മന്ത്രിമാരെത്തി ഉറപ്പുകൾ നൽകി അവസാനിപ്പിച്ച് വയനാട്ടുകാരെ ഒന്നടങ്കം വഞ്ചിച്ചു. പാരിസ്ഥിതിക അനുമതി പോലും മേടിക്കാതെ കൊട്ടിഘോഷിച്ച് ചുരം തുരങ്ക പാതയുടെ ഉത്ഘാടനം നടത്തി ജനങ്ങളെ വിഢികളാക്കി. സുൽത്താൻ ബത്തേരി പട്ടണത്തെ പോലും ഇല്ലാതാക്കുന്ന തരത്തിൽ ബഫർ സോൺ പരിധി നിശ്ചയിക്കുക വഴി ഈ പ്രദേശത്തിൻ്റെ വികസന മുരടിപ്പ് ഉറപ്പാക്കുകയായിരുന്നു ഇടതു സർക്കാർ ചെയ്തത്. രാത്രിയാത്ര നിരോധനം, ബഫർ സോൺ തുടങ്ങി സുൽത്താൻ ബത്തേരിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ അവസാന ഉദാഹരണമാണ് കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന മുനിസിപ്പാലിറ്റിയുടെ മാസ്റ്റർ പ്ലാൻ. വഞ്ചനക്കും അവഗണനകൾക്കുമെതിരെ വോട്ടവകാശം വിനിയോഗിച്ചിട്ടുള്ള ചരിത്രമാണ് വയനാട്ടുകാർക്ക് ഉള്ളതെന്നും ഇത്തവണ ജില്ലയിലെ 3 സീറ്റും യു ഡി എഫ് നേടുമെന്നും നാഗ ലക്ഷ്മി പറഞ്ഞു.യു ഡി എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ കെ കെ അബ്രഹാം, എൻ എം വിജയൻ,പി പി അയ്യൂബ്, ഡി പി രാജശേഖരൻ, ഉമ്മർ കുണ്ടാട്ടിൽ, ഇ എ ശങ്കരൻ, പി.അബ്ദുൾ സലാം, പി വി ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *