April 20, 2024

സ്വയം സന്നദ്ധ പുനരധിവാസം; പ്രതിഫലത്തുക വര്‍ധിപ്പിച്ചു

0
സ്വയം സന്നദ്ധ പുനരധിവാസം; പ്രതിഫലത്തുക വര്‍ധിപ്പിച്ചു

കല്‍പ്പറ്റ: രാജ്യത്തെ വന്യജീവി കേന്ദ്രങ്ങളിലും ടൈഗര്‍ റിസര്‍വുകളിലും നടന്നു വരുന്ന സ്വയം സന്നദ്ധ ഗ്രാമ പുനരധിവാസ പദ്ധതിയില്‍ ഒരു യോഗ്യതാ കുടുംബത്തിന് ഇപ്പോള്‍ നല്‍കി വരുന്ന 10 ലക്ഷം രൂപ 15 ലക്ഷമാക്കി ഉയര്‍ത്തി കേന്ദ്ര വനം പരിസ്ഥിതി വകപ്പ് ഉത്തരവു പുറപ്പെടുവിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജേന്ദ്ര ജി ഗരാവാദ് ഈ മാസം എട്ടിന് ഒപ്പുവച്ച ഉത്തരവ് അടിയന്തിരമായി തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മുന്‍കാല പ്രാബല്യം എന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്ത് വയനാട് വന്യജീവി കേന്ദ്രത്തില്‍ മാത്രമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തില്‍ സ്വയം സന്നദ്ധ പുനരധിവാസം നടന്നു വരുന്നത്. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് പഠനം നടത്തി കണ്ടെത്തിയ പതിനാല് ഗ്രാമങ്ങളിലെ 800 കുടുംബങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇതിനകം 10 ഗ്രാമങ്ങളിലെ 560 കുടുംബങ്ങള്‍ പദ്ധതി പ്രകാരം പുറമെ അധിവസിച്ചു കഴിഞ്ഞു. 2011ല്‍ തുടങ്ങിയ പുനരധിവാസം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 260 കുടുംബങ്ങള്‍ ഉള്ള ചെട്ടിയാലത്തൂരില്‍ 50 ഓളം കുടുംബങ്ങള്‍ അവശേഷിക്കുകയാണ്. കൊറോണയെത്തുടര്‍ന്ന് നടപടികള്‍ മന്ദഗതിയിലാണ്. സമീപകാലത്ത് പുനരധിവാസം സ്വീകരിച്ചവരും പ്രതിഫലം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെയും കോടതിയെയും സമീപിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *