March 29, 2024

അത് നക്‌സല്‍ വര്‍ഗീസ് ആണെന്ന് എനിക്കറിയില്ലായിരുന്നു; എ.ജെ. ചാക്കോ

0
Img 20210416 Wa0034.jpg
അത് നക്‌സല്‍ വര്‍ഗീസ് ആണെന്ന് എനിക്കറിയില്ലായിരുന്നു; എ.ജെ. ചാക്കോ


********************
*തയ്യാറാക്കിയത്: ജിത്തു തമ്പുരാൻ*
********************
ഫോട്ടോഗ്രാഫിയില്‍ 55 വര്‍ഷം തികഞ്ഞ് ചിത്ര കുടുംബത്തിന്റെ കാരണവരായി ഇപ്പോഴും ജോലി തുടരുകയാണ് മാനന്തവാടി സൂര്യ സ്റ്റുഡിയോയിലെ എ.ജെ ചാക്കോ. നക്‌സല്‍ വര്‍ഗീസിന്റെ ഫോട്ടോ വരെ ഡെവലപ്പ് ചെയ്ത് പോലീസിനെ ഏല്‍പ്പിച്ച അനുഭവ ചരിത്രമുള്ള ചാക്കോചേട്ടന്‍ ന്യൂസ് വയനാട് പ്രതിനിധിയോട് സംസാരിക്കുന്നു.
 
   ഫോട്ടോഗ്രാഫിയിലേക്ക് എത്തണം എന്ന് ചെറുപ്പത്തില്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നില്ല ചാക്കോയ്ക്ക്. കൂലിപ്പണി ആയിരുന്നു അന്നത്തെ ജീവനോപാധി. 1965 ല്‍ തന്റെ അച്ഛന്റെ സുഹൃത്തായ സെന്റ് ജോസഫ് പ്രസിലെ പ്രിന്റര്‍ ആയിരുന്ന അത്തിക്കല്‍ അന്തോണി അച്ഛനോട് പറഞ്ഞു: കൊച്ചിനെ അങ്ങോട്ട് വിട്, പ്രസ്സിലെ പണി പഠിപ്പിക്കാമെന്ന്. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ഗിരിദീപം മാസിക അച്ചടിക്കുന്ന ഗിരിദീപം പ്രസ്സില്‍ എത്തി. പക്ഷേ അവിടെയുണ്ടായിരുന്ന ഫാദര്‍ ജോസഫ് നരിക്കുഴി തല്‍ക്കാലം പണിയൊന്നുമില്ല തിരിച്ചു പോകണം എന്ന് പറഞ്ഞു. അന്തോണി ചേട്ടന്‍ വീണ്ടും വിളിച്ചു. സെന്റ് ജോസഫ് പ്രസിന്റെ ഭാഗമായ ഒരു സ്റ്റുഡിയോ ആണ് തുടങ്ങാന്‍ പോകുന്നത് എന്ന് പറഞ്ഞു. ലോയല്‍ സ്റ്റുഡിയോ എന്നാണ് അതിന്റെ പേര്. അടിച്ചു വാരുന്ന ഒരു ക്ലീനിങ് ബോയി എന്ന നിലയിലാണ് എന്നെ അവിടെ അപ്പൊയിന്റ് ചെയ്തത്. അവിടെ നിന്ന് ഫോട്ടോഗ്രാഫി പഠിപ്പിക്കാന്‍ തുടങ്ങി. 1967 ല്‍ ഞാന്‍ ലോയല്‍ സ്റ്റുഡിയോയില്‍ നിന്നിറങ്ങി കല്‍പ്പറ്റ ദിനേശ് സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്നു. അപ്പോഴേക്കും ഞാന്‍ ഫോട്ടോയെടുക്കല്‍, ഫോട്ടോ കഴുകല്‍, ഡാര്‍ക് റൂം, ടച്ചപ്പ് തുടങ്ങി എല്ലാ ഫോട്ടോഗ്രാഫി മേഖലകളും പഠിച്ചു. ശേഖരന്‍ എന്ന ഒരു വ്യക്തിയാണ് ചാക്കോയ്ക്ക് ആദ്യമായി ടച്ച് അപ് ബ്രഷ് കയ്യില്‍ നൽകുന്നത്. അദ്ദേഹം കൊച്ചിക്കാരന്‍ ആയിരുന്നു.  ആദ്യം ശേഖരേട്ടന്റെ ഫോട്ടോ തന്നെയാണ് എടുത്തത്. നക്‌സല്‍ വര്‍ഗീസിന്റെ ഫോട്ടോ ക്ലിക്ക് ചെയ്തത് ചാക്കോയുടെ ആശാന്‍ ജോസ്  ആയിരുന്നു. വര്‍ഗീസ്  മരിച്ചുകിടക്കുന്ന ബോഡിയുടെ അടുത്ത് പോയ രണ്ട് സിവിലിയന്മാര്‍ ഫോട്ടോഗ്രാഫറും ജോസഫ് വൈദ്യരും മാത്രമായിരുന്നു. ഈ നെഗറ്റീവ് ഗ്രീന്‍ റൂമില്‍ നിന്ന് തുറന്ന് എടുക്കുന്ന സമയത്ത്  തൊട്ടപ്പുറത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നു. ഈ കാവല്‍ എന്തിനാണ് എന്നൊന്നും  അദ്ദേഹത്തിന് മനസ്സിലായില്ല. പെട്ടെന്ന് ഫോട്ടോ കഴുകിയെടുക്കണം എന്ന് പറഞ്ഞപ്പോള്‍  നെഗറ്റീവ് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് കൊണ്ടുപോയി. അവിടെ മാത്രമേ പെട്ടെന്ന് ഉണങ്ങി കിട്ടാനുള്ള ഫാന്‍ സൗകര്യം ഉണ്ടായിരുന്നുള്ളൂ. വയനാട്ടിലെ തണുപ്പ് കാരണം മറ്റെവിടെയും ഫാന്‍ ഫിറ്റ് ചെയ്തിട്ടില്ലായിരുന്നു. ഉണക്കി കൊണ്ടുവന്ന് പ്രിന്റ് ഇട്ട് വാഷ് ചെയ്യുമ്പോഴേക്കും സ്റ്റുഡിയോയിലെ വേസ്റ്റ് ബോക്‌സ് അടക്കം പോലീസുകാര്‍ ചെക്ക് ചെയ്തിരുന്നു.  ഏതെങ്കിലും നെഗറ്റീവ് കഷണങ്ങള്‍ ഒളിപ്പിച്ചു വെക്കുമോ എന്ന സംശയമായിരുന്നു പോലീസിന്. നക്‌സല്‍ വര്‍ഗീസ് എന്ന് ഭീകരതയുടെ പോലീസ് പറഞ്ഞ ആ വ്യക്തി അതാണ് എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു എന്ന് ചാക്കോ പങ്കുവെച്ചു. അജിതയുടെ ഫോട്ടോ എടുക്കുന്നത് തന്റെ സുഹൃത്തായ ഒരു വാര്‍ഡന്‍ മുഖേനയാണ്. അജിതയെ മാനന്തവാടി ജയിലിലടച്ച സമയത്ത് ഒരു 7 മണി രാവിലെ സമയത്താണ്  ആ ഫോട്ടോ എടുത്തത്. .
  പണ്ടത്തെ ഫോട്ടോകള്‍ എടുത്ത് ദിവസങ്ങള്‍ക്കുശേഷം പ്രിന്റ് ചെയ്തു നമ്മളെ തേടിയെത്തുമ്പോള്‍ അതിനൊരു ത്രില്‍ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. ശരിയായില്ല എന്ന് തോന്നിയാല്‍ സ്‌പോട്ടില്‍ മാറ്റിയെടുക്കാം. അന്നത്തേക്കാള്‍ നൂറിരട്ടി സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. 100, 200, 400 എ എസ് എ ഫിലിമുകള്‍ പ്രത്യേകം പ്രത്യേകം ലോഡ് ചെയ്തു മാത്രമേ അന്ന് ഫോട്ടോഗ്രാഫി സാധ്യമായിരുന്നുള്ളൂ . ഇപ്പോള്‍ ഡിജിറ്റലില്‍ 10000 എ എസ് എ വരെ പ്രീ ലോഡ് ചെയ്യാന്‍ സാധിക്കും ചാക്കോ പറഞ്ഞു. ഫോട്ടോഗ്രാഫിയുടെ തിയറി പഠിക്കണമെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്ലതുതന്നെയാണ്. ബേസിക് പഠിക്കണം. 1970 ല്‍ കല്‍പ്പറ്റക്കാരനായ ചാക്കോ ചേട്ടന്റെ, ഗൂഡല്ലൂര്‍ അജന്ത സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഗൂഡല്ലൂരില്‍ കുടിയിറക്ക് തുടങ്ങി. കുടിയിറക്കപ്പെട്ട ഒരു കുടുംബത്തിന്റെ കൂടെ തലശ്ശേരി അതിരൂപതയുടെ പിതാവ് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് തന്റേതായി ആദ്യമായി മാതൃഭൂമിയില്‍ അച്ചടിച്ചുവന്നത്. ദേശാഭിമാനി കോഴിക്കോട് നിന്ന് രാമാനുജം സ്റ്റുഡിയോയിലേക്ക് വന്നു. അദ്ദേഹം ഒരു റോള്‍ ഫിലിം തന്ന ശേഷം പറഞ്ഞു. ഇത് പെട്ടെന്ന് ഒന്ന് ഡെവലപ്പ് ചെയ്ത് തരണം. നാളത്തെ ദേശാഭിമാനിയില്‍ കൊടുക്കാനാണ്. ഗൂഡല്ലൂരില്‍ അന്ന് കൊടുംതണുപ്പുള്ള സമയമാണ്. കട്ടികുറഞ്ഞ പ്രോസസിംഗ് ഔട്ടാണ് ജേണലിസം ഫോട്ടോഗ്രാഫി ഔട്പുട്ട് ആയി ഉപയോഗിക്കുന്നത് എന്ന് അദ്ദേഹമാണ് പഠിപ്പിച്ചത്. 1985 ല്‍ അക്റ്റാ, ഗവാട്ട് എന്നീ കമ്പനികള്‍ ചേര്‍ന്ന് കേരളത്തില്‍ നാലിടങ്ങളില്‍ വച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തിയറി ക്ലാസുകള്‍ സംഘടിപ്പിച്ചു.
 1984 ല്‍ ആണ് ആദ്യമായി  സ്വന്തമായി ഒരു ഫോട്ടോസ്റ്റുഡിയോ തുടങ്ങിയത്. സുതാര എന്നാണ് അദ്ദേഹം അതിനു പേരിട്ടത്. ഡിജിറ്റല്‍ ഫോട്ടോ നിലവില്‍ വന്ന ശേഷവും  അനലോഗ് പ്രിന്റിങ്ങില്‍ തന്നെ ഉണ്ടായിരുന്നു. അന്ന്  കോടതികളില്‍ ഫോട്ടോ പ്രൂഫ് സമര്‍പ്പിക്കുന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ചാക്കോ. കുറ്റകൃത്യങ്ങളുടെയും വസ്തുതകളുടെയും തെളിവുകള്‍ ഡിജിറ്റല്‍ ആയി സ്വീകരിക്കാന്‍ അന്ന് കോടതികള്‍ തയ്യാറായിരുന്നില്ല. അന്വേഷണ കമ്മീഷനുകളും അഡ്വക്കേറ്റ മാരും ഒക്കെ എന്നില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. 1981 ല്‍ ബത്തേരിയില്‍ ഗോപി എന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ സ്റ്റുഡിയോ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു. രഹസ്യമായി ഓരോ ഫോട്ടോഗ്രാഫേഴ്‌സ് കണ്ടാണ് സംഘടനാ തട്ടിക്കൂട്ടിയത്. 1983 -84 ല്‍ ബത്തേരി കോളേരി ഹൈസ്‌കൂളില്‍ കയറി പോലീസുകാര്‍ക്ക് ഒരു ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു. ഈ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ പിടിച്ച് വൈത്തിരി ജയിലിലടച്ചു. കൂടെയുള്ള ഫോട്ടോഗ്രാഫര്‍മാരോട്  അസോസിയേഷന്റെ പേര് വെച്ച് പ്രമുഖ പത്രങ്ങളില്‍ വാര്‍ത്ത കൊടുക്കാന്‍ ആവശ്യപ്പെട്ടു. വാര്‍ത്ത അത് പ്രസിദ്ധീകരിച്ച് വന്ന് അധികം വൈകാതെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. 1985 അപ്പോഴേക്കും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നിലവില്‍ വന്നു കഴിഞ്ഞിരുന്നു. ഞങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ജാഗ്രതപ്പെടേണ്ടത്. ഒരുപാട് ചരിത്രപരമായ ക്ലിക്കുകള്‍ ഇനി എടുക്കാന്‍ ഉണ്ട്. വയനാട് കര്‍ണാടകയെ എങ്ങാന്‍ ഏല്‍പ്പിക്കണമായിരുന്നു. ടൂറിസത്തില്‍ ഇന്ന് കിട്ടുന്നതിന്റെ 30 ഇരട്ടി കര്‍ണാടക വയനാട് ടൂറിസത്തിലൂടെ സമ്പാദിക്കുമായിരുന്നു. കുറിച്യര്‍ അന്നും ഇന്നും സമ്പൂര്‍ണ്ണ സ്‌നേഹത്തിലാണ് ഞങ്ങളോട് പെരുമാറുന്നത്. അവര്‍ക്ക് ഞങ്ങളോട് അയിത്തം ഒന്നുമില്ല. അവര്‍ സത്യസന്ധരും നിഷ്‌കളങ്കരുമാണ്. കുറുമരും നല്ല പ്രകൃതി മനുഷ്യരാണ്. കാര്‍ഷിക ഫോട്ടോഗ്രാഫിയില്‍ നെഞ്ചു പിടയുന്ന നോവുകള്‍ ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *