August 28, 2026

രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന് കാപ്പി സംഭരിക്കും

0
IMG_20220204_185553.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ 1542 ചെറുകിട നാമമാത്ര കര്‍ഷകരില്‍ നിന്നാണ് കാപ്പി ഇപ്പോള്‍ സംഭരിക്കുന്നത്. വിപണി വിലയേക്കാള്‍ 10 രൂപ അധികം നല്‍കിയാണ് സംഭരണം. 100 കായ്ക്കുന്ന മരമെങ്കിലുമുള്ള കര്‍ഷകരില്‍നിന്ന് ആദ്യഘട്ടത്തില്‍ പരമാവധി 250 കിലോഗ്രാം വീതമാണ് ഉണ്ടകാപ്പി സംഭരിക്കുക. 445 ടണ്‍ സംഭരിക്കുന്നതിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തുളള കാര്‍ഷിക മൊത്തവ്യാപാര വിപണി വഴിയാണ് സംഭരണം. ജില്ലാ കളക്ടര്‍ അധ്യക്ഷനായ റൂറല്‍ അഗ്രികള്‍ച്ചര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച ജില്ലയിലെ മൂന്ന് ഏജന്‍സികള്‍ക്കാണ് സംഭരണാനുമതിയുളളത്. കല്‍പ്പറ്റ ബ്ലോക്കിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കല്‍പ്പറ്റ നഗരസഭയിലേയും കാപ്പി ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സംഭരിക്കും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പുല്‍പ്പള്ളി, പൂതാടി, മുളളന്‍കൊല്ലി പഞ്ചായത്തുകളിലേത് വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയും മാനന്തവാടി ബ്ലോക്കിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മാനന്തവാടി നഗരസഭ എന്നിവ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സംഭരിക്കും. ഫെബ്രുവരി 7 മുതല്‍ 19 വരെ പഞ്ചായത്തുകളിലെ ഒന്നോ രണ്ടോ ലൊക്കേഷനുകളില്‍ നിന്നുമാണ് കാപ്പി സംഭരിക്കുക. ജില്ലയിലെ പ്രധാന വിപണിയിലെ സംഭരണവില നിലവാരവും പ്രമുഖ പത്രങ്ങളിലെ കമ്പോള നിലവാരവും അടിസ്ഥാനമാക്കിയാണ് സംഭരണ വില നിശ്ചയിക്കുന്നത് . കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് അഞ്ചു ദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സംഭരണവില നല്‍കും. ഗുണമേന്‍മ ഉറപ്പുവരുത്തിയാണ് ഏജന്‍സികള്‍ ഉണ്ടകാപ്പി സംഭരിക്കുക ( ജലാംശം പരമാവധി 10.5 – 15 ശതമാനം വരെ, കീടരോഗബാധയില്ലാത്തത് , കലര്‍പ്പുകള്‍ ഇല്ലാത്തത്).  
ജില്ലയിലെ ഏറ്റവും പ്രധാന വരുമാന മാര്‍ഗ്ഗമായ കാപ്പികൃഷി 67426 ഹെക്ടറിലാണ് വ്യാപിച്ചു കിടക്കുന്നത്. ഇതില്‍ പ്ലാന്റേഷന്‍ ഒഴികെ ഏകദേശം മുപ്പതിനായിരത്തോളം ഹെക്ടര്‍ ചെറുകിട നാമമാത്ര കര്‍ഷകരുടെ കൈവശത്തിലാണ്. വയനാട് പാക്കേജില്‍ കാപ്പികൃഷി വികസനത്തിനായി അനുവദിച്ച 500 ലക്ഷത്തില്‍ 105 ലക്ഷം രൂപ കാപ്പി കൃഷിയുടെ വ്യാപനത്തിനായും 150 ലക്ഷം നിലവിലെ കാപ്പിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനായും 75 ലക്ഷം രൂപ ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും 120 ലക്ഷം രൂപ സൂക്ഷ്മ ജലസേചന സൗകര്യത്തിനും 50 ലക്ഷം രൂപ ചെറുകിട നാമമാത്ര കര്‍ഷകരുടെ കാപ്പി സംഭരണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *