കര്‍ഷകരെ സഹായിക്കുക വയനാട് പാക്കേജിന്റെ മുഖ്യ ലക്ഷ്യം: – മന്ത്രി കെ. രാജന്
കൽപ്പറ്റ : കര്‍ഷകരെ സഹായിക്കാനാണ് വയനാട് പാക്കേജെന്നും വയനാടിന്റെ പ്രധാന കാര്‍ഷിക വിഭവങ്ങള്‍ പാക്കേജിലൂടെ പരമാവധി സംഭരിക്കാന്‍ ശ്രമിക്കുമെന്നും റവന്യു മന്ത്രി കെ. രാജന് പറഞ്ഞു. വയനാട് പാക്കേജ് പദ്ധതിയില്‍ ഉള്‍പെടുത്തി ജില്ലയിലെ ചെറുകിട നാമ മാത്ര കര്‍ഷകരുടെ കാപ്പി വിപണി വിലയേക്കാള്‍ 10 രൂപ അധികമായി നല്കി സംഭരിക്കുന്നതിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെന്മേനിയിലെ കാപ്പി കര്‍ഷകനായ എം.വി വിശ്വനാഥനില്‍ നിന്ന് കാപ്പി സംഭരിച്ചാണ് കാപ്പി സംഭരണത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്.
കര്‍ഷക കേന്ദ്രീകൃതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് വയനാട് പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി 2021-22 സാമ്പത്തികവര്‍ഷം ജില്ലയ്ക്ക് 1335 ലക്ഷം രൂപയാണ് ബജറ്റില്‍ വിവിധ ഘടകങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. കുരുമുളക് കൃഷി വികസനത്തിനും കാപ്പി കൃഷി വികസനത്തിനും 500 ലക്ഷം രൂപ വീതവും ഇഞ്ചി, മഞ്ഞള്‍ കൃഷി എന്നിവയ്ക്ക് 125 ലക്ഷം, മുള്ളന്‍കൊല്ലി – പുല്‍പ്പള്ളി വരള്‍ച്ച /വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് 210 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതുവരെ ലഭിച്ച 1151.6 ലക്ഷം രൂപയില്‍ 660 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.
വന്യമൃഗശല്യവും വില ലഭ്യത കുറവും ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. നവീനമായ ആശയങ്ങളും സാങ്കേതിക സഹായങ്ങളും ഉപയോഗപ്പെടുത്തി പരമാവധി ഗുണമേന്മയുളള ഉല്പന്നങ്ങള് ഉത്പാദിപ്പാക്കാന്‍ സാധിക്കണം .കൂടുതല്‍ മൂല്യ വര്‍ദ്ധിത ഉള്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനം വര്ദ്ധിപ്പാക്കാനുളള ശ്രമങ്ങള്‍ കര്‍ഷകരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഒ.ആര്. കേളു, അഡ്വ. ടി. സിദ്ദിഖ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, കൗണ്‍സിലര്‍ സലീം മഠത്തില്‍, ജില്ലാ കാര്‍ഷിക സമിതി പ്രതിനിധി അംബി ചിറയില്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.കെ സജി മോള് തുടങ്ങിയവര്‍ സംസാരിച്ചു.






Leave a Reply