കമ്മിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹ സമരം
കൽപ്പറ്റ: കമ്മിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിലേക്ക് നടത്തിയ മത്സരപരീക്ഷ റദ്ദാക്കുക ,നിയമനം അർഹരായ ആദിവാസികൾ നിന്നുമാത്രം നടത്തുക
എന്നീ ആവശ്യങ്ങൾ
ഉന്നയിച്ച് കളക്ടറേറ്റ് മുന്നിൽ സത്യാഗ്രഹ
സമരം നടത്തി. അഭ്യസ്ഥവിദ്യരായ ആദിവാസി യുവതീ – യുവാക്കളാണ് വയനാട് കളക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം
നടത്തിയത്. എസ്. ടി പ്രൊമോട്ടർ നിയമനത്തിൽ പ്രായപരിധി ഉയർത്തുക സമരത്തിലെ മറ്റൊരാവശ്യമായിരുന്നു. ആദിവാസി വിഭാഗത്തിൽ നിന്നും യോഗ്യതയുള്ളവർ ഉണ്ടെന്നിരിക്കെ പൊതുപരീക്ഷയിൽ ഇതര വിഭാഗങ്ങൾക്ക് കൂടി അവസരം നൽകിയത് ബന്ധുനിയമനവും അഴിമതിയും നടത്താനാണെന്ന് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി വരുന്ന മണികണ്ഠൻ. സി ചൂണ്ടിക്കാട്ടി. ഇംഗ്ലീഷിൽ തയ്യാറാക്കിയ ചോദ്യപേപ്പർ ഒരു സ്വകാര്യ ഏജൻസിയാണ് തയ്യാറാക്കിയത്. ഉത്തരം കണ്ടെത്താൻ പ്രയാസമേറിയ ചോദ്യങ്ങളായിരുന്നു ഏറെയും. ആദിവാസികളുടെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൂറിൽ രണ്ടെണ്ണം മാത്രമായിരുന്നു. ഒ.എം.ആർ മാതൃകയിലുള്ള ഉത്തരക്കടലാസിൽ ഉദ്യോഗാർഥികളുടെ പേരും ഫോൺ നമ്പറും എഴുതി വാങ്ങിച്ചിരുന്നു. പരീക്ഷയിൽ വൻ ക്രമക്കേട് നടന്നതായി സംശയിക്കുന്നുണ്ട്. ഒരേ വിദ്യാർഥി ഒന്നിലധികം ജില്ലയിലെ ലിസ്റ്റുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വയനാട് ചെതലയം ക്യാമ്പസിൽ നിന്ന് മാത്രം നിരവധി വിദ്യാർഥികൾ സോഷ്യോളജിയിൽ ഡിഗ്രിയും പി ജിയും കഴിഞ്ഞു പുറത്ത് വന്നിട്ടുണ്ട്. മറ്റു ക്യാമ്പസുകൾ നിന്നും മസ്വ പാസ്സായവരുമുണ്ട്. 54 തസ്തികളാണ് വിജ്ഞാപനം ചെയ്തത്. 160 ആദിവാസി വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ആദിവാസികളുടെ അവസരം തട്ടിയെടുക്കുന്ന നടപടി അവസാനിപ്പിച്ച് ആദിവാസികളിൽ നിന്ന് മാത്രം നിയമനം നടത്താൻ സർക്കാർ തയ്യാറാകണം. പ്രൊമോട്ടർ നിയമനത്തിൽ പ്രായപരിധി ഉയർത്തി പരിചയസമ്പന്നരായവരെ കണ്ടെത്താനും സർക്കാർ തയ്യാറാകണം.
സത്യാഗ്രഹ പരിപാടി വെള്ളി അട്ടപ്പാടി നിർവഹിച്ചു. മണികണ്ഠൻ.സി അധ്യക്ഷത വഹിച്ചു. എം.ഗീതാനന്ദൻ ( ആദിവാസി ഗോത്രമഹാസഭ ) സതി ശ്രീ ദ്രാവിഡ് (വൈസ് ചെയർപേഴ്സൺ ആദിശക്തി സമ്മർ സ്കൂൾ) പി.ജനാർദ്ദനൻ (ജനറൽ സെക്രട്ടറി ആദിവാസി ഗോത്ര മഹാസഭ) രജിതൻ(കെ.ഡി.പി) ചന്തുണ്ണി.എ ( കേരള ആദിവാസി ഫോറം) വിജീഷ് കുണ്ടു(ആദിശക്തി സമ്മർ സ്കൂൾ) രമേശ് കൊയാലിപ്പുര ( ആദിവാസി ഗോത്രമഹാസഭ) ധന്യ, ജിഷ്ണു.ജി, ശശി ചുള്ളി മൂല (പണിയ സമാജം) തുടങ്ങിയവർ സംസാരിച്ചു.
മാർച്ച് 4-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും സമരക്കാർ പറഞ്ഞു.






Leave a Reply