ജനകീയ റോഡുവെട്ടൽ സമരത്തിൽ വൻ ജനപങ്കാളിത്തം
വൈത്തിരി: തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് ബൈപാസ് റോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തളിപ്പുഴയിലെ വനാതിർത്തിയിൽ നടന്ന ജനകീയ റോഡുവെട്ടൽ സമരത്തിൽ വനിതകളടക്കം വൻ ജനപങ്കാളിത്തം. റോഡുവെള്ള സമരം അഡ്വ. ടി സിദ്ധീക്ക് എംഎൽഎ ഉദ്ഘടനം ചെയ്തു. ദേശീയ പാതയിൽ ചുരം ഒന്നാം വളവിനു മുകളിൽ ചിപ്പിലിത്തോടുനിന്നും തുടങ്ങി മരത്തിലവ് വഴി തളിപ്പുഴയിൽ എത്തുന്ന വിധത്തിലാണ് നിർദ്ദിഷ്ട ബൈപാസ്. ഇതിൽ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി കോടഞ്ചേരി പരിധിയിൽ 6 കിലോമീറ്റർ നീളത്തിൽ പഞ്ചായത്ത് റോഡ് നിലവിലുണ്ട്. തുടർന്ന് രണ്ടര കിലോമീറ്റർ വനഭൂമി പിന്നിട്ടാൽ ബാക്കി ഭാഗം വൈത്തിരി പഞ്ചായത്ത് പരിധിയിലെ കൂപ്പ് റോഡാണ്.കാലപ്പഴക്കം കൊണ്ടും അമിത ഭാരം കൊണ്ടും നിലനിൽപ്പ് ഭീഷണി നേരിടുന്ന വയനാട് ചുരത്തിനു ഏക പരിഹാരമാർഗമാണ് നിർദ്ധിഷ്ട ബൈപാസ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിര പരിഗണയിൽപെടുത്തി ഈ ബൈപാസ് സാധ്യമാക്കിയെടുക്കുന്നതിനു നേതൃത്വപരമായ പങ്ക് വഹിക്കുമെന്ന് ഉദ്‌ഘാടനപ്രസംഗത്തിൽ എംഎൽഎ വ്യക്തമാക്കി. ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി കെ ഹുസ്സൈൻ കുട്ടി അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എൻഡി അപ്പച്ചൻ, ഫാദർ തോമസ് കൊച്ചുമണ്ണറത്ത്, സെയ്ത് തളിപ്പുഴ, ജോണി പാറ്റാനി, റസാക്ക് കൽപ്പറ്റ, എ എ വർഗീസ്, ഷാജഹാൻ തളിപ്പുഴ, ബിന്ദു ഉടയാൻ, മൊയ്തു മുട്ടായി, ഇ കെ വിജയൻ, പി കെ സുകുമാരൻ, ജ്യോതിഷ് കുമാർ, റെജി ജോസഫ്, സി സി തോമസ്, ബിജു താന്നിക്കാക്കുഴി, ഷാഹി വളഞ്ഞപാറ, ഖദീജ സത്താർ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി, പുതുപ്പാടി, താമരശേരി, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിൽ നീങ്ങിയ മാർച്ച് വനാതിർത്തിയായ സി സി പാലത്തിനു സമീപം വെച്ച് വൈത്തിരി സ്റ്റേഷൻ എസ് ഓഫീസർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിൽ പോലീസും വൈത്തിരി ഡെപ്യുട്ടി റേഞ്ച് ഓഫീസർ സനിലിന്റെ നേതൃത്വത്തിൽ വനം വകുപ്പുദ്യോഗസ്ഥരും തടഞ്ഞു.
പാലത്തിനടുത്തുവെച്ചു നടന്ന റോഡ് വെട്ടലിനു കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശേരി, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താട്ടിക്കൽ, ജില്ല പഞ്ചായത്ത് അംബിക മംഗലത്ത്, ബ്ലോക്ക് സ്ഥിരം കമ്മിറ്റി ചെയർമാൻ കെ പി സുനീർ, വൈത്തിരി പഞ്ചായത്ത് പ്രതിനിധികളായ ജ്യോതിഷ്കുമാർ, ഡോളി ജോസ് എന്നിവർ നേതൃത്വം നൽകി.






Leave a Reply