വയനാട്ടിൽ മഴ ശക്തി പ്രാപിക്കുന്നു
കൽപ്പറ്റ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. ഇതിനെ തുടർന്ന് വയനാട്ടിലും മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിൽ വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിട്ടുണ്ട്. പലയിടങ്ങളിലും മരം കടപുഴകി വീഴുകയും, റോഡ് ഇടിഞ്ഞു താഴുകയും ചെയ്തു. നൂൽപ്പുഴ പുഴ കരകവിഞ്ഞതോടെ പ്രദേശത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിട്ടുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് ബത്തേരി താലൂക്കിലെ തിരുവണ്ണൂർ, ചുണ്ടക്കുനി, ചീരാൽ, പുത്തൂർ എന്നിവിടങ്ങളിലായി 24 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ഈ മാസം ഒന്നുമുതൽ 16 വരെ പെയ്യ്ത മഴയുടെ അളവനുസരിച്ച് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കല്ലടിയിലാണ്, 160 മില്ലിമീറ്റർ. രണ്ടാമത് തിരുനെല്ലിയിൽ 119 മില്ലിമീറ്റർ. ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ബാവലി(44 മില്ലിമീറ്റർ), പുൽപള്ളി(51 മില്ലിമീറ്റർ) എന്നിവിടങ്ങളിലാണ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇടയ്ക്കൽ, എന്നൂര് എന്നിവിടങ്ങളിലേക്ക് ഇന്ന് സന്ദർശകർക്കായുള്ള പ്രവേശനത്തിൽ വിലക്കേർപ്പെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.




Leave a Reply