മഴക്കാലമയാൽ കൂടംകുന്നുകാർ ഒറ്റപ്പെടും
വാളാട്: മഴക്കാലമയാൽ കൂടംകുന്ന് പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെടും. ഒന്നോ രണ്ടോ മഴ ശക്തമായി പെയ്താൽ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ജനങ്ങൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന കൂടുംകുന്നിലേക്കുള്ള റോഡിലേക്ക് വെള്ളം കയറാൻ അധിക സമയമൊന്നും വേണ്ടിവരില്ല. വാളാട് റോഡിൽ നിന്നും കൂടംകുന്ന് റോഡ് തുടങ്ങുന്ന ഭാഗം താഴ്ന്ന് നിൽകുന്നത് കാരണം വാളാട് പുഴ നിറഞ്ഞാൽ റോഡും വെള്ളത്തിലാകും. കൂടംകുന്ന് വഴി കാരച്ചാൽ പുതുശേരി ഭാഗങ്ങളിലേക്ക് പോകുന്ന റോഡും കൂടാതെ മഴ ശക്തമായാൽ വെള്ളമുണ്ട, മക്കിയാട്, കോറോം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവുന്ന പ്രധാന റോഡിലും വെള്ളം കയറും. പിന്നീട് പഞ്ചായത്തോ സന്നദ്ധ പ്രവർത്തകരോ ഏർപ്പാട് ചെയ്യുന്ന ചെറു ബോട്ടിലാണ് നാട്ടുകാരുടെ സാഹസിക യാത്ര. സ്കൂൾ, ആശുപത്രി, റേഷൻ കട എന്നിവിടങ്ങളിലേക്ക് പോകാനും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുമെല്ലാം ബോട്ടിനെ ആശ്രയിക്കേണ്ടി വരും. വാളാട് ടൗണിനെ ആശ്രയിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളാണ് ഇത്തരത്തിൽ ഒറ്റപ്പെട്ടു പോകുന്നത്. കൂടംകുന്ന് റോഡിനൻറെ നൂറുമീറ്ററിൽ താഴെവരുന്ന ഭാഗം ഏകദേശം രണ്ടുമീറ്റർ ഉയർത്തിയാൽ തന്നെ ഈ ദുരിതത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ ആവശ്യമായി പ്രദേശ വാസികൾ പല വാതിലുകളും മുട്ടിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അധികാരികളുടെ അവഗണന ഇനിയും സഹിക്കാനാകില്ലന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിൽ ബന്ധപ്പെടുമ്പോൾ ആവശ്യമായ ഫണ്ട് അവരുടെ പരിധിയിൽ നിൽക്കില്ലെന്നുള്ള വാദമുയർത്തി തിരിച്ചയക്കും. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കടക്കം നിവേദനം കൊടുത്തിട്ടും അനുകൂലമായ തീരുമാനംഉണ്ടായില്ല. ഇനിയും അവഗണന തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Leave a Reply