May 11, 2026

വയനാടിന് വേണ്ടി ശബ്ദിക്കാനാണ് സത്യൻ മൊകേരിയെ ഇടതുപക്ഷം സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്; ബിനോയ് വിശ്വം

0
Img 20241025 Wa00951
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപറ്റ: ദുരന്തം തകർത്തെറിഞ്ഞ വയനാടിന്റെ പുനർജ്ജീവനം മുഖ്യലക്ഷ്യമായിക്കണ്ട് പ്രവർത്തിക്കുന്ന ഭരണസംവിധാനമാണ് കേരളത്തിലേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയനാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ആവശ്യം പാർലമെന്റിൽ ഉന്നയിക്കാൻ എം പിയില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത് വയനാട്ടിലെ ജനങ്ങളല്ല മറിച്ച് കോൺഗ്രസാണ്. അതുകൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് എത്തിക്കേണ്ട അവസ്ഥയുണ്ടായി. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ദുരന്തബാധിതമേഖലയിലെത്തി കാഴ്ചകണ്ടു മടങ്ങിയ പ്രധാനമന്ത്രിക്ക് പിന്നീട് മിണ്ടാട്ടമുണ്ടായിട്ടില്ല. വയനാടിന് വേണ്ടി ശബ്ദിക്കാൻ പാർലമെന്റിൽ ജനപ്രതിനിധിയില്ലാത്ത സാഹചര്യം അത്യന്തം ഗുരുതരമായ

സ്ഥിതിവിശേഷമാണുണ്ടാക്കിയത്. വയനാടിന് വേണ്ടി ശബ്ദിക്കാനാണ് സത്യൻ മൊകേരിയെ ഇടതുപക്ഷം സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്. അതിനാൽ സത്യൻ മൊകേരിയുടെ വിജയം ഈ നാടിന്റെ വിജയമായി മാറും. തോന്നുമ്പോൾ മത്സരിക്കാനും തോന്നുമ്പോൾ രാജിവയ്ക്കാനുമുള്ള കളിക്കളമാണ് കോൺഗ്രസിനും യുഡിഎഫിനും വയനാട്. മേളങ്ങളും മാമാങ്കങ്ങളുമല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇടയ്ക്ക് വന്ന് ചായകുടിച്ച് പിരിഞ്ഞുപോകേണ്ടവരല്ല ജനപ്രതിനിധികൾ. പ്രിയങ്കയ്ക്ക് ഡൽഹിയിൽ മറ്റൊരു സ്ഥാനം ലഭിച്ചാൽ വയനാട്ടിൽ അടുത്തതാരെന്ന് ചിന്തിക്കേണ്ട ഗതികേടാണ് കോൺഗ്രസ് നേതൃത്വത്തിനുണ്ടാകാൻ പോകുന്നത്. കോൺഗ്രസിൽ ഒന്നും ശരിയായവിധത്തിലല്ല നടക്കുന്നതെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. അതാണ് പാലക്കാട്ടും ചേലക്കരയിലും കാണുന്നത്. ഇടതുപക്ഷത്തിന് വ്യക്തമായൊരു പ്രത്യേയശാസ്ത്രമുണ്ട്, കൃത്യമായ രാഷ്ട്രീയമുണ്ട്, സർവ്വോപരി മനുഷ്യരോടൊപ്പമാണ് നിലകൊള്ളുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *