September 12, 2026

ഗോകുലിന്റെ മരണം;ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
Nw site psdzxfdad

 

 

കല്‍പ്പറ്റ:കഴിഞ്ഞ ദിവസം കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഗോകുലിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാല്‍ പുതിയപാടി പണിയ ഉന്നതിയിലെ പരേതനായ ചന്ദ്രന്‍,അമ്മിണി ദമ്പതികളുടെ മകനായ ഗോകുല്‍ കഴിഞ്ഞ ദിവസം കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സത്യസന്ധവും, നീതിയുക്തവുമായ അന്വേഷണം നടത്തണം.പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഡി.ജി.പി യുമായി ഫോണില്‍ സംസാരിച്ചതായും എം.എല്‍.എ അറിയിച്ചു.പോലീസിന്റെ നിരീക്ഷണത്തിലെ പാളിച്ചയും, അപാകതയുമാണ് മരണം സംഭവിക്കാന്‍ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. പോലീസ് സ്റ്റേഷനില്‍ വെച്ച് മാനസികമോ, ശാരീരികമോ ആയ പീഡനം നടന്നുവോ എന്നത് സി.സി.ടി.വി ഉള്‍പ്പെടെയുള്ളവ പരിശോധിക്കേണ്ടതുണ്ട്.

ഗോത്രവര്‍ഗത്തില്‍പ്പെട്ട ആളുകള്‍ക്ക് നല്‍കേണ്ട മതിയായ സംരക്ഷണം പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ പരാജയപ്പെടുന്നുവെന്നതാണ് ഈ സംഭവം പുറത്ത് കൊണ്ടുവരുന്ന പ്രധാനപ്പെട്ട കാര്യം. പ്രായപൂര്‍ത്തി ആകാത്ത ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളായത് കൊണ്ട് അവരോട് കാണിക്കേണ്ട പ്രത്യേകമായ സമീപനം ഉണ്ടായിരുന്നു. ഈ സമീപനം പോലും സ്വീകരിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. പോലീസിന് വീഴ്ചപറ്റിയെന്നും, ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്ന ആവിശ്യം കുടുംബമുള്‍പ്പെടെ ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ ഗോകുലിന്റെ കുടുംബം പറയുന്ന കാര്യങ്ങള്‍ കൂടി വിശ്വാസത്തിലെടുത്ത് സത്യസന്ധവും, നീതിയുക്തവുമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *