May 4, 2026

മാനന്തവാടി നഗരസഭാ ഓഫീസ്, പിലാക്കാവ് ആരോഗ്യകേന്ദ്രം ബ്ലോക്ക് ഉദ്ഘാടനം 30ന്   

0
IMG_20251028_190141
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ പുതിയ ഓഫീസും നഗരസഭയുടെ കീഴിലുള്ള പിലാക്കാവ് അടിവാരം ഇന്ദിരാഗാന്ധി അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ പുതിയ ബ്ലോക്കും വ്യാഴാഴ്ച പ്രിയങ്കാഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭരണസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ ഓഫീസ് രാവിലെ 10.30നും ആരോഗ്യകേന്ദ്രം ബ്ലോക്ക് 11.30നുമാണ് ഉദ്ഘാടനം ചെയ്യുക. മാനന്തവാടി ക്ലബ്ബുകുന്നിലാണ് നഗരസഭാ ഓഫീസിനു പുതിയ കെട്ടിടം നിർമിച്ചത്. മുമ്പ് മാനന്തവാടി ടൗൺഹാൾ ഉണ്ടായിരുന്ന സ്ഥലമാണിത്. തിരക്കേറ്റിയ മെഡിക്കൽ കോളേജ് റോഡിലാണ് ഇപ്പോഴുള്ള ഓഫീസ് പ്രവർത്തിക്കുന്നത്. എന്തെങ്കിലും ആവശ്യത്തിനായി എത്തുന്നവർക്കു വാഹനം നിർത്തിയിടാനുള്ള സൗകര്യം പോലുമില്ല. പുതിയ കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാവും. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗിച്ച് 15000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഐസിഡിഎസ്, കുടുംബശ്രീ, ഹരിതകർമ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവൻ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴിൽ വരും. കോൺഫറൻസ് ഹാൾ, ആയിരത്തോളംപേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയം, കാന്റീൻ എന്നിവ അടുത്ത ഘട്ടത്തിൽ ഓഫീസിന്റെ ഭാഗമായി നിർമിക്കും. ലിഫ്റ്റ് സംവിധാനവും സജ്ജീകരിക്കും.

ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹകരണത്തോടെയാണ് രണ്ടുവർഷം മുമ്പ് ഗ്രാമപ്രദേശമായ പിലാക്കാവ് അടിവാരത്ത് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സായാഹ്ന ഒപി മാത്രമാണ് ഉണ്ടായിരുന്നത്. മാസങ്ങൾക്കു മുമ്പ് പ്രഭാത ഒപിയും തുടങ്ങിയിരുന്നു. ഈ ആരോഗ്യകേന്ദ്രത്തെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന പത്തു കിടക്ക സൗകര്യമുള്ള ആശുപത്രിയായി ഉയർത്താനുള്ള നീക്കം ഭരണസമിതി നടത്തുന്നുണ്ട്. പത്തു കിടക്കകൾ ഇടാനുള്ള സൗകര്യം, ലബോറട്ടറി, ഇസിജി യൂണിറ്റ് എക്സ്-റേ, ഫിസിയോ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കുന്നതിനു 35 ലക്ഷം രൂപ ചെവഴിച്ചാണ് പുതിയ ബ്ലോക്ക് സജ്ജമാക്കിയത്. നഗരസഭാ ചെയർപേഴ്‌സൺ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതിയധ്യക്ഷരായ പി.വി.എസ്. മൂസ, ലേഖാ രാജീവൻ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി. ജോർജ്, വി.യു. ജോയി, സ്മിത തോമസ്, ടിജി ജോൺസൺ, ബി.ഡി. അരുൺകുമാർ, ലൈലാ സജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *