വീടുകളുടെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധത്തിലേക്ക്
പുല്‍പ്പള്ളി:കരാറെടുത്ത വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവിന്റെ കടയുടെ മുന്നില്‍ പ്രതിഷേധവുമായി കൊളവള്ളി അംബേദ്കര്‍ ഉന്നതിയിലെ ആദിവാസി കുടുംബങ്ങള്‍.സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനും പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയുമായ സജീവന്‍ കൊല്ലപ്പള്ളിയുടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിനു മുന്നിലെ കടയുടെ മുന്നിലേക്കാണ് അഞ്ചോളം കുടുംബങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.പലവട്ടം ആവശ്യപ്പെട്ടിട്ടും വീട് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെന്ന് ഉന്നതിയിലുള്ളവര്‍ പറഞ്ഞു.
ചൊവ്വ വൈകിട്ട് മുന്നോടെ ഉന്നതിയിലെ ഓണത്തി, ദേവി, ചന്ദ്രന്‍, വേധി, കൈമ എന്നിവര്‍ ‘വീട് പണിത് പറ്റിച്ച കൊല്ലപ്പള്ളി സജീവനെ അറസ്റ്റ് ചെയ്യുക’ എന്ന പോസ്റ്ററുമായി പ്രതിഷേധിക്കുകയായിരുന്നു.
2016ല്‍ പട്ടികവര്‍ഗ വകുപ്പിന്റെ ഭവനനിര്‍മാണ പദ്ധതിയിലൂടെ -വീട് നിര്‍മാണത്തിന് ലഭിച്ച തുക സജീവന്‍ കൊല്ലപ്പള്ളി, അഖില്‍, നിഖില്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്ത് നിര്‍മാണം പാതിവഴിയില്‍ അവസാനിപ്പിച്ചു എന്നാണ് പരാതി. ഉന്നതിയിലെ ഇരുപതോളം കുടുംബം സമാനമായ തട്ടിപ്പിനിരകളാണ്. വീട് നിര്‍മിച്ചുനല്‍കാമെന്ന് അറിയിച്ച് പണം കൈപ്പറ്റി വഞ്ചിക്കുകയായിരുന്നു.
കരാറുകാരനായ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് പുല്‍പ്പള്ളി പൊലീസിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. സൂചനാ പ്രതിഷേധമാണ് നടത്തിയതെന്നും വരുംദിവസങ്ങളില്‍ ശക്തമായ സമരം നടത്തുമെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.





Leave a Reply