സമുദായിക നേതാക്കളെയും ഉന്നതി നിവാസികളെയും നേരിൽ കണ്ടു; ആവേശം ചോരാതെ പ്രചാരണം സജീവമാക്കി എ.എസ് കവിത
ബത്തേരി: രണ്ടാംഘട്ട പ്രചാരണത്തിലും ആവേശം ചോരാതെ എൻഡിഎ ക്യാമ്പ്. തെരഞ്ഞെടുപ്പ് അടുത്തതോടെ മറ്റ് രണ്ട് മുന്നികളെക്കാൾ മുൻപിൽ എത്താൻ സാധിച്ചു എന്ന ആത്മവിശ്വാസമാണ് എൻഡിഎക്ക് ഉള്ളത്. ഇടതു, വലതു മുന്നണികളുടെ കള്ളപ്രചരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ബത്തേരി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ എസ് കവിതയുടെ പ്രചാരണം.
തേലംപറ്റ ഭഗവതി ക്ഷേത്രദർശനത്തോടെയാണ് കവിതയുടെ ഇന്നത്തെ പ്രചരണം ആരംഭിച്ചത്. തുടർന്ന് വിവിധ സമുദായിക നേതാക്കളെ നേരിൽ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ഏറെനേരം നേതാക്കളുമായി സംസാരിച്ച ശേഷമാണ് സ്ഥാനാർത്ഥി അവിടെ നിന്നും മടങ്ങിയത്. തുടർന്ന് വിവിധ ഊരുകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി.
കനത്ത വെയിലിലും പ്രദേശവാസികളെ സന്ദർശിച്ച കവിത ഉന്നതികളിലെ പ്രശ്നങ്ങൾ ഓരോന്നായി ചോദിച്ചറിഞ്ഞു. ഉന്നതികളിലെ വീടുകളുടെ ശോചനീയാവസ്ഥ ഉന്നതി നിവാസികൾ തുറന്നു പറഞ്ഞു. ഈരം കൊല്ലി ഉന്നതി, കുറ്റ പാതി ഉന്നതി, പഴേരി ചക്കാല ഉന്നതി തുടങ്ങി നിരവധി ഉന്നതികളിൽ സ്ഥാനാർഥി പര്യടനം നടത്തി. ശേഷം കുപ്പാടി യുവരശ്മി ക്ലബ്ബ് അംഗങ്ങളുമായി സംവദിച്ചു. അവരുടെ പ്രശ്നങ്ങൾ എല്ലാം ചോദിച്ചറിയുകയും ചെയ്തു.
വൈകിട്ട് കേണിച്ചിറയിൽ എത്തിയ സ്ഥാനാർഥി കേണിച്ചിറ ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേണിച്ചിറ ടൗണിൽ സ്ഥാനാർഥി പര്യടനവും നടത്തി. സ്ഥാനാർത്ഥി പര്യടനത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.





Leave a Reply