ഉപജീവന ധനസഹായം ലഭിച്ചില്ല; കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ
കൽപ്പറ്റ: മൈക്രോ പ്ലാൻ വഴി പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്നാരോപിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നൽകുന്ന ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നുവെങ്കിലും ഇതുവരെ ഏതാനും പേർക്ക് മാത്രമാണ് തുക ലഭിച്ചതെന്നാണ് ഇവരുടെ പരാതി.
ഉപജീവന മാർഗങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ കുടുംബശ്രീയും ജില്ലാ ഭരണകൂടവും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 357 കുടുംബങ്ങൾക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീക്ക് അനുവദിച്ചത്. ഫേസ് 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി മൈക്രോ എന്റർപ്രൈസുകൾ വഴി ഉപജീവനം ആവശ്യപ്പെട്ട മുഴുവൻ ആളുകൾക്കും സഹായം വിതരണം ചെയ്യുമെന്നായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനം.
തുടർന്ന് 2025 ഒക്ടോബറിൽ മുൻ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചിരുന്നു. 234 കുടുംബങ്ങൾക്ക് ഉപജീവന ഫണ്ട് ലഭ്യമാക്കുമെന്നും, സി.എം.ഡി.ആർ.എഫിന്റെ 3.61 കോടി രൂപയും കുടുംബശ്രീ പ്രത്യാശ ഫണ്ടിലെ 1.65 കോടി രൂപയും ഉൾപ്പെടെ ആകെ 5.20 കോടി രൂപ 435 ഗുണഭോക്തൃ കുടുംബങ്ങൾക്കായി കുടുംബശ്രീ വഴി വിതരണം ചെയ്യുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അർഹതപ്പെട്ട തുക ലഭിക്കാതായതോടെയാണ് ദുരന്തബാധിതർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.





Leave a Reply