എ കെ ജി സെന്ററില്‍ ജീവനൊടുക്കുമെന്ന് ബ്രഹ്മഗിരിയില്‍ പണം നിക്ഷേപിച്ച പാര്‍ട്ടി അംഗം
കല്‍പ്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ളതും പ്രവര്‍ത്തനം നിലച്ചതുമായ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയില്‍ 16 ലക്ഷം രൂപ നിക്ഷേപിച്ച യുവാവ് ആത്മഹത്യ ഭീഷണിയുമായി രംഗത്ത്. കല്‍പ്പറ്റ മുണ്ടേരി മാട്ടില്‍ നൗഷാദ് ആണ് നിക്ഷേപിച്ച പണം തിരികെ തന്നില്ലെങ്കില്‍ കല്പറ്റ എ കെ ജി സെന്ററില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.വി. ഗോവിനും കത്തയച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് കത്തയച്ചത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും നൗഷാദ് പറഞ്ഞു.
സി പി എം കല്പറ്റ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ബ്രഹ്മഗിരി ജീവനക്കാരനുമായിരുന്ന തന്നെ ജില്ലയിലെ മുതിര്‍ന്ന സി പി എം നേതാക്കാള്‍ കല്പറ്റ പാര്‍ട്ടി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ബ്രഹ്മഗിരിയില്‍ പണം നിക്ഷേപിക്കണമെന്നും സര്‍ക്കാര്‍ ഗ്യാരന്റി ഉണ്ടെന്നും പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്നും പറഞ്ഞതെന്ന് നൗഷാദ് കത്തില്‍ പറയുന്നു. തുടര്‍ന്ന് വിവിധ തവണകളായി 14 ലക്ഷവും ഒടുവില്‍ 2022-ല്‍ 2 ലക്ഷം കൂടി നല്‍കിയതടക്കം 16 ലക്ഷം നിക്ഷേപിച്ചു. മലബാര്‍ മീറ്റ് ഫാക്ടറി പൂട്ടിയ ശേഷം പല തവണകളായി 1.80 ലക്ഷം തിരികെ കിട്ടി. ഇനിയും പലിശയടക്കം 22 ലക്ഷത്തോളം കിട്ടാനുണ്ട്. സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ബന്ധുക്കളെയും ഞാന്‍ വഴി നിക്ഷേപകരാക്കി.
എന്നാല്‍ പല ക്രമക്കേടുകളും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെടുകയും പാര്‍ട്ടി അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല നൂറു കണക്കിനാളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത് നിയമപ്രകാരമല്ലെന്നാണ് അറിവ്.
ജോലി വാഗ്ദാനം ചെയ്തും പലരില്‍ നിന്നായി സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങിയെടുത്തു. വയനാട് കോഫി എന്ന പേരില്‍ നടത്തിയ പദ്ധതിയിലും പോത്തു കുട്ടി വിതരണ പദ്ധതിയിലും തട്ടിപ്പു നടന്നിട്ടുണ്ട്. ഇത് എനിക്ക് നേരിട്ടറിയാം. അന്നത്തെ സിഇഒ യെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.പുതിയ ഭരണ സമിതി വന്ന ശേഷമാണ് എന്നോട് 2 ലക്ഷം കൂടി വാങ്ങിയെടുത്തത്.
നിക്ഷേപത്തുകയില്‍ നിന്ന് ഒന്നും കിട്ടാതായതോടെ സാമ്പത്തിക ബുദ്ധിമുട്ട് വര്‍ധിച്ച് ഞാന്‍ ചെക്കു കേസില്‍ 3 ദിവസം റിമാന്‍ഡിലാവുകയും ചെയ്തു.
തുടര്‍ന്ന് നവകേരള സദസിലും കലക്ടര്‍ക്കും നല്കിയ പരാതി ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു.പരാതി നില നിന്നാല്‍ സര്‍ക്കാര്‍ സഹായം തടസ്സപ്പെടുമെന്നായിരുന്നു കാരണം.ഇപ്പോള്‍ എനിക്ക് വീടും സ്ഥലവും വില്‍ക്കേണ്ട അവസ്ഥയാണ്.പണം ഉടന്‍ തിരികെ നല്കാന് നടപടികളുണ്ടായില്ലെങ്കില്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി ജീവനൊടുക്കുമെന്നും നൗഷാദ് കത്തില്‍ പറയുന്നു.




Leave a Reply