ദുരന്തബാധിതരുടെ പുനരധിവാസം തയ്യാറാക്കിയ പട്ടികയിലെ ക്രമക്കേട് പ്രാഥമിക പരിശോധനക്ക് വിജിലന്‍സ് ഉത്തരവ്
കല്‍പ്പറ്റ:ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപക ക്രമക്കേടുണ്ടായെന്ന പരാതിയില്‍ പ്രാഥമിക പരിശോധനക്കൊരുങ്ങി വിജിലന്‍സ്. 14 മാസമായിട്ടും പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്തിറക്കാന്‍ സര്‍ക്കാറിന് ഇതുവരെ കഴിയാത്തതും വലിയ പ്രതിഷേധത്തന് ഇടയാക്കുന്നുണ്ട്.
ദുരന്തബാധിതരുടെ സംഘടനയായജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പടെ നല്‍കിയ പരാതി സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തി എത്രയും പെട്ടെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടത്. വിജിലന്‍സ് സി.ഐ അബ്ദുല്‍ ജലീലിനാണ് അന്വേഷണം ചുമതല.
നിലവില്‍ പല ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ 451 പേരാണ് ഇടം നേടിയത്.ഇതില്‍ അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ ലിസ്റ്റില്‍ നിരവധി അനര്‍ഹര്‍ കടന്നു കൂടിയെന്നും സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനന്റെ നേതൃത്വത്തിലാണ് തിരിമറി നടത്തിയതെന്നുമാണ് ആരോപണം. സ്വന്തമായി ഒരു സന്റെ് ഭൂമി പോലുമില്ലാത്ത പാടികളില്‍ താമസിച്ച കുടുംബങ്ങള്‍ ഉള്‍പ്പടെ ദുരന്ത ബാധിതരായ 173 പേര്‍ ഇപ്പോഴും പുറത്ത് നില്‍കുമ്പോള്‍ വര്‍ഷങ്ങള്‍മുമ്പ് പ്രദേശത്ത് നിന്ന് താമസം മാറിപ്പോയവരടക്കമുള്ളവരെ ലിസ്റ്റില്‍ തിരുകിക്കയറ്റിയതായി ദുരന്ത ബാധിതര്‍ ആരോപിക്കുന്നു.
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ആവശ്യമായ സ്ഥലവും വീട് നിര്‍മിച്ചു നല്‍കാന്‍ നിരവധി സന്നദ്ധ സംഘടനകളും തയ്യാറായിട്ടും ദുരന്ത ബാധിതരില്‍ പലരേയും ഗുണഭോക്തൃലിസ്റ്റിന് പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണെന്നാണ് ആരോപണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ പോലും നോക്കു കുത്തിയാക്കി കൈക്കൂലി വാങ്ങിയാണ് ഇത്തരം തിരിമറി നടത്തിയെന്നും ഇതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞിരുന്നു. അര്‍ഹരായ നിരവധി പേരെ പട്ടികയില്‍ ഉള്‍പെടുത്താതെ അനര്‍ഹരെ ലിസ്റ്റില്‍ തിരുകിക്കയറ്റി എന്നാണ് ആരോപണം. റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുമ്പോള്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്ള രണ്ടുപേര്‍ക്ക്് രണ്ടു വീടുകള്‍ ലഭിച്ചത് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണെന്നാണ് ദുരന്ത ബാധിതര്‍ പറയുന്നത്. കൂടാതെ, ദുരന്തത്തിന് ശേഷം പുതിയ രേഖകള്‍ ഉണ്ടാക്കിയാണ് ചിലര്‍ ടൗണ്‍ഷിപ്പില്‍ വീട് അര്‍ഹരായതെന്നും ആരോണമുണ്ട്. അവസാനം പ്രസിദ്ധീകരിച്ച പട്ടികയില്‍ കുറഞ്ഞത് 12 പേരെങ്കിലും അനര്‍ഹരാണെന്ന് ആക്ഷന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അര്‍ഹരല്ല എന്ന് ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തിയ ആറു പേര്‍ പുതിയ ലിസ്റ്റില്‍ കടന്നു കൂടിയതിന് പിന്നില്‍ സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മന്ത്രിയെയും ഡി.ഡി.എം.എ യും ഉള്‍പ്പടെ നോക്കുകുത്തിയാക്കി ലിസ്റ്റില്‍ തിരിമിറി നടത്തിയതായെന്നുമാണ് ഇവര്‍ പറയുന്നത്.





Leave a Reply