May 1, 2026

സമഗ്രവും സുസ്ഥിരവുമായ വികസന നേട്ടങ്ങളുമായി സുൽത്താൻ ബത്തേരി നഗരസഭയുടെ വികസന സദസ്

0
IMG_20251015_195126
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി നഗരസഭയുടെ സമഗ്രവും സുസ്ഥിരവുമായ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് വികസന സദസ്. നഗരസഭ ഹാളിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ സംവിധാനത്തിൽ അടിയുറച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ഭാവിയിലെ വികസന സങ്കൽപ്പങ്ങൾ രൂപപ്പെടുത്തുകയാണ് വികസന സദസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണെന്നും അസൈനാർ കൂട്ടിച്ചേർത്തു. ഭരണ കാലയളവിൽ നഗരസഭ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന മുന്നേറ്റങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മയും കുട്ടികളുടെ സമഗ്ര വളർച്ചയും ലക്ഷ്യമാക്കി കൊണ്ടുവന്ന ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി വിജയം കണ്ടതായി വികസന സദസ് വിലയിരുത്തി. പഠനം മുടങ്ങുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാനും സ്കൂൾ പ്രവേശനം ഉറപ്പാക്കാനും സാധിച്ചു. സ്റ്റുഡന്റ്സ് കൗൺസിൽ പദ്ധതികൾ മുഖേന വിദ്യാർത്ഥികളിൽ നേതൃഗുണങ്ങൾ വളർത്തുകയും ഹാപ്പിനസ് കോർണർ സ്ഥാപിച്ച് അവരുടെ മാനസികാരോഗ്യത്തിനും സൗഹൃദപരമായ പഠനാന്തരീക്ഷത്തിനും പ്രാധാന്യം നൽകുകയും ചെയ്തു.

കുട്ടികൾക്ക് സ്കൂൾ പ്രിയപ്പെട്ട ഇടമാക്കുന്നതിനായി ‘ഒരു സ്കൂൾ – ഒരു കായിക ഇനം’ പദ്ധതിയും നടപ്പിലാക്കി.
വിദ്യാർത്ഥികളുടെ ഭാഷാ മികവിനായി ഗുഡ് ഇംഗ്ലീഷ് ക്ലാസ്, ശാസ്ത്രാവബോധത്തിനും സൃഷ്ടിപരമായ ചിന്തയ്ക്കുമായി സ്പെയിസ് പദ്ധതിയും, ഉയർന്ന പഠനലക്ഷ്യങ്ങൾക്കായി ഫ്ലൈ ഹൈ പദ്ധതിയും നടപ്പിലാക്കി. വിശേഷാവശ്യങ്ങളുള്ള കുട്ടികൾക്കായി സ്പീച്ച് ആന്റ് ഹിയറിംഗ് തെറാപ്പിയും കോക്ലിയർ ഇംപ്ലാന്റേഷൻ മെയിന്റനൻസ് പദ്ധതിയും നടപ്പാക്കി.

ഭിന്നശേഷിക്കാരുടെ സഞ്ചാര സൗകര്യത്തിനായി നഗരസഭ ഓഫീസിലും വയോജന പാർക്കിലും വീൽചെയർ സംവിധാനം ഒരുക്കി. സാമൂഹിക നീതി ഉറപ്പാക്കുന്ന നിലപാടായി ട്രാൻസ്ജെൻഡർ സമൂഹത്തിന് മേക്കപ്പ് കിറ്റ്, തയ്യൽ മെഷീൻ തുടങ്ങിയവ വിതരണം ചെയ്തു.

വിശപ്പ് രഹിത നഗരസഭ പദ്ധതിയും ശ്രദ്ധേയമായി. മത്സ്യകൃഷി ചെയ്യുന്നതിന് താൽപര്യമുള്ള കർകരെ കണ്ടെത്തി സബ്‌സിഡി നിരക്കിൽ ധനസഹായം നൽകി. ബയോബ്ലോക്ക്, മുറ്റത്തൊരു മീൻതോട്ടം, പടുതാകുളം തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ നഗരസഭ നടപ്പാക്കി. വ്യവസായ വകുപ്പും കുടുംബശ്രീയും ചേർന്ന് തുടങ്ങിയ സംരംഭങ്ങളുടെ മികവ് കണക്കിലെടുത്ത് സംരംഭമേഖലയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നഗരസഭയ്ക്ക് ലഭിച്ചു.

ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചു വർഷംകൊണ്ട് 1608 വീടുകൾ നൽകി.
ആർദ്രം മിഷനിലൂടെ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ 7 സബ് സെന്ററുകൾ ആരംഭിച്ചു. ഈ സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളായി ഉയർത്തി.

ഓപ്പൺ ഫോറത്തിൽ നഗരസഭയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങൾ ഉയർന്നു. വാർഡുകൾ കേന്ദ്രീകരിച്ച് വയോജനങ്ങൾക്കായി പകൽവീട് നിർമ്മിക്കുക, മിനി ബൈപാസിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് റോഡ് നിർമ്മാണം നടത്തുക, ചിതലയം വെള്ളച്ചാട്ടം സന്ദര്‍ശനയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളുയര്‍ന്നു. നഗരസഭ പരിധിയിലുള്ള എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്നും ബത്തേരി ഗവൺമെന്റ് കോളജ് യാഥാർത്ഥ്യമാക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വിവിധ സംരംഭങ്ങളിലൂടെ എല്ലാവർക്കും ഉപജീവനമാർഗം ഉറപ്പാക്കണം, നഗരസഭയിൽ ഷീ ലോഡ്ജ് സ്ഥാപിക്കണം, ലഹരി വിരുദ്ധ സേന രൂപീകരിക്കണം, കൃഷിഭവനിൽ നിന്ന് മണ്ണും ജലവും പരിശോധിക്കുന്ന പദ്ധതി നടപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഫോറത്തിൽ ഉയർന്നു വന്നു.

വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികളെയും സംഘങ്ങളെയും വികസന സദസിൽ ആദരിച്ചു. പിഎംഎവൈ ഗുണഭോക്താക്കൾക്ക് വീടുകൾക്കായി സ്ഥലം വിട്ടുനൽകിയ ശിവരാജൻ, ശിവദാസൻ മാസ്റ്റർ, മിനി ബൈപാസിനായി സ്ഥലം വിട്ടുനൽകിയ കക്കോടൻ ഖാദർ എന്നിവർക്ക് പ്രത്യേക ആദരം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്ത സ്ഥാപനങ്ങൾ, ആശ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവരെയും ആദരിച്ചു. അരങ്ങ് കലോത്സവത്തിൽ മികവ് തെളിയിച്ച കുടുംബശ്രീ പ്രവർത്തകരെയും, മികച്ച സംസ്ഥാനതല ഓക്സിലറി ഗ്രൂപ്പായ ധ്വനി ഗ്രൂപ്പിനെയും, മികച്ച അയൽക്കൂട്ടമായ പൗർണമിയെയും അനുമോദിച്ചു.

നഗരസഭ ചെയർമാൻ ടി കെ രമേഷ്, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ ടീച്ചർ, കെ ആർ റഷീദ്, സി കെ സഹദേവൻ, ഷാമില ജുനൈസ്, ടോം ജോസ്, സാലി പൗലോസ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ്‌ കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വിമൽരാജ്, ഡെപ്യൂട്ടി ടൗൺ പ്ലാനർ ചന്ദ്രബോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *