കെട്ടിടം പണി തീർന്നില്ല.:പരാതി തീരാതെ മാനന്തവാടി മത്സ്യ മാർക്കറ്റ്
മാനന്തവാടി ∙ നൂറുകണക്കിന് ആളുകൾ നിത്യവും ആശ്രയിക്കുന്ന മാനന്തവാടി നഗരസഭയുടെ
എരുമത്തരുവ് മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായില്ല.
പഴകിയതും മായം ചേർത്തതുമായ മത്സ്യവും മാംസവും വിറ്റതായ ആക്ഷേപങ്ങൾ
അനുദിനം ഉയരുമ്പോഴും സ്ഥിരം കെട്ടിടം നിർമിക്കുന്നതിൽ നഗരസഭ വീഴ്ച
വരുത്തകയാണ്. കഴിഞ്ഞ ദിവസം ഇവിടെ ഭക്ഷ്യ സുരക്ഷാ വിജിലന്‍സ് സംഘം പരിശോധന
നടത്തിയിരുന്നു.
2019 നവംബർ മാസത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകിയ കെട്ടിട
നിർമാണമാണ് ഇപ്പോൾ പാതി വഴിയിൽ നിലച്ചിട്ടുള്ളത്. പ്രതിപക്ഷം സമരം നടത്തിയപ്പോൾ നവംബര്‍
31നകം നിർമാണം പൂർത്തീകരിക്കുമെന്ന് നഗരസഭാ അധികൃതർ ഉറപ്പ് നൽകിയിരുന്നു.
ഫെബ്രുവരി പകുതിയായിട്ടും ഉദ്ഘാടനം നടത്തി കച്ചവടക്കാർക്ക് കെട്ടിടം
തുറന്ന് നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ഭരണ–പ്രതിപക്ഷ
കക്ഷികൾ നിസംഗത തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും ചട്ടപ്പടി പരിശോധന
നടക്കുന്നതിനിടയിലും എരുമത്തെരുവിലെ മത്സ്യ–മാംസ മാർക്കറ്റിൽ ഭക്ഷ്യ
യോഗ്യമല്ലാത്ത മീനും ഇറച്ചിയും വിൽപന പതിവാകുന്നതായുള്ള പരാതി വ്യാപകമായി
ഉയരുന്നുണ്ട്. താൽകാലിക മാർക്കറ്റിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിലാണ്
പരിശോധന നടത്തിയത്. സ്ഥിരം മാർക്കറ്റിന്റെ പണി പൂർത്തിയാകാത്തതും
വിവാദമാകുന്നുണ്ട്. മാനന്തവാടി എരുമത്തെരുവിലെ മാര്‍ക്കറ്റില്‍ നിന്ന്
മായം ചേർത്ത ഭക്ഷ്യ വസ്തുക്കൾ വൽപന നടത്തിയെന്ന പരാതി പലവട്ടം
ഉയരുമ്പോഴും പ്രശ്ന പരിഹാരത്തിന് ശാശ്വത നടപടികൾ സ്വീകരിക്കാൻ അധികൃതർ
തയാറാകുന്നില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
കഴിഞ്ഞ ഞായറാഴ്ച്ച ഇവിടെ നിന്ന് വാങ്ങിയ കിളി മീനിൽ നിന്ന്
രാസവസ്തുവിന്റെ ഗന്ധം ഉണ്ടായെന്നും പാചകം ചെയ്ത് രുചിച്ച് നോക്കിയപ്പോള്‍
വായില്‍ ചൊറിച്ചില്‍ ഉണ്ടായെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ
കോഴിക്കോട് നിന്നെത്തിയ ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്ക്വാഡ്
ചൊവ്വാഴ്ച്ച പരിശോധന നടത്തിയിരുന്നു. പരാതിക്ക് ഇടയാക്കിയ കടയില്‍ നിന്ന്
കിളിമീനിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് റീജല്‍ അനലറ്റിക്കല്‍
ലബോറട്ടറിയിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. പരിശോധനാ ഫലം വരുന്ന
മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍
അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാരൻ എരുമത്തരുവ് മാർക്കറ്റിൽ
നിന്ന് വാങ്ങിയ പുഴുവരിച്ച മത്സ്യത്തിന്റെ ദൃശ്യം മുഖ പുസ്തകത്തിലൂടെ
പങ്കുവെച്ചിരുന്നു. ഫുഡ് സേഫ്റ്റി ഓഫിസർക്ക് ഇൗ ദൃശ്യം കൈമാറിയെങ്കിലും
നടപടി ഉണ്ടായില്ല. പുഴുവരിച്ച മാംസം ആരോഗ്യ വിഭാഗം
പിടികൂടികുഴിച്ചിട്ടതിനെ തുടർന്ന് അടച്ച് പൂട്ടാൻ നോടടീസ് നൽകിയ
സ്റ്റാളുകൾ മണിക്കൂറുകൾക്കകം തുറന്ന സംഭവവുംഎരുമത്തരുവിൽ ഉണ്ടായി.
61 ലക്ഷം രൂപ വകയിരുത്തി 2 വർഷം മുൻപ് ആരംഭിച്ച കെട്ടിട നിർമാണം ഇപ്പോഴും
പാതി വഴിയിലാണ്. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഇവിടെ
മാർക്കറ്റ് പ്രവർത്തിക്കുന്നതി സബ് കലക്ടർ നിരോധിച്ചിരുന്നു. പൊലൂഷൻ
കൺട്രോൾ ബോർഡിന്റെ അനുമതി അടക്കമുള്ള കാര്യങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ
പുതിയ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.





Leave a Reply