ഓട്ടോറിക്ഷ ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിക്കുന്നത് വൈകുന്നു;പ്രത്യക്ഷ സമരത്തിനൊരുങ്ങി ഓട്ടോ തൊഴിലാളികള്‍
കല്‍പ്പറ്റ: നഗരസഭയില്‍ 2008ന് ശേഷം ഓട്ടോറിക്ഷ ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിക്കാത്തത് ഓട്ടോ തൊഴിലാളികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ്. ഒന്‍പത് വര്‍ഷമായി കല്‍പ്പറ്റ നഗരത്തില്‍ പുതിയതായി ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിച്ചിട്ടില്ല. ഇതിനെതിരെ പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് തങ്ങളെന്ന് ഓട്ടോ തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2008ന് ശേഷം 150ഓളം പുതിയ ഓട്ടോറിക്ഷകള്‍ കല്‍പ്പറ്റ നഗരസഭയില്‍ എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിച്ച് കിട്ടണം എന്ന ആവശ്യവുമായി കല്‍പ്പറ്റ നഗരസഭയിലും ആര്‍ടിഒ ഓപീസിലും നിരന്തരം ബന്ധപ്പെട്ടിട്ടും ഇതുവരെയായി യാതൊരു തുടര്‍ നടപടികളും ഉണ്ടായിട്ടില്ല. നഗരസഭയിലെ സ്ഥിരം താമസക്കാരും ഒരു വാഹനം മാത്രമുള്ളവരുമായ ഓട്ടോകള്‍ക്ക് ഹാള്‍ട്ടിംഗ് പ്ലെയ്‌സ് നല്‍കണമെന്നാണ് തൊഴിലാലികള്‍ ആവശ്യപ്പെടുന്നത്.
ഹാള്‍ട്ടിംഗ് പ്ലെയ്‌സ് ആവശ്യപ്പെട്ടതനുസരിച്ച് ആര്‍ടിഒ വിളിച്ച മീറ്റിംഗുകളില്‍ ട്രേഡ് യൂണിയനെ പ്രതിനിധീകരിച്ച് നേതാക്കള്‍ പങ്കെടുക്കുകയും 2008ന് ശേഷം വാങ്ങിയ ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ 150ഓളം ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിംഗ് പ്ലെയ്‌സ് ഇല്ലാത്ത അവസ്ഥയാണ്. തങ്ങള്‍ ട്രേഡ് യൂണിയനുകളില്‍ അംഗമല്ലാത്തിനാല്‍ തങ്ങള്‍ക്കുവേണ്ടി ആര്‍ടിഒ വിളിക്കുന്ന മീറ്റിംഗുകളില്‍ വാദിക്കാന്‍ ആരുമില്ലാതെ വിഷമിക്കുകയാണ്. ഏക ഉപജീവനമാര്‍ഗമെന്ന നിലയിലാണ് തങ്ങള്‍ ഓട്ടോറിക്ഷ വാങ്ങിയത്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ 51 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനായി കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുകയും അതുപ്രകാരം വിവിധ യൂണിയനുകളുടേയും നഗരസഭയുടേയും വാദം കേട്ടശേഷം വിധി തിയതി മുതല്‍ രണ്ട് മാസത്തിനുള്ളില്‍ ഓട്ടോരിക്ഷകള്‍ക്ക് ഹാള്‍ട്ടിംഗ് പ്ലെയ്‌സ് നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
കേരള ഹൈക്കോടതി ഉത്തരവ് പോലും പാലിക്കാതെ നഗരസഭയും ആര്‍ടിഒയും വീഴ്ചവരുത്തിയതിനെത്തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതി നല്‍കി. ഇവിടെ നിന്നും ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഉത്തരവ് നല്‍കി. ഇതോടെ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നഗരസഭാ കൗണ്‍സില്‍ കൂടുകയും 100 ഓട്ടോറിക്ഷകള്‍ക്ക് പുതിയതായി ഹാള്‍ട്ടിംഗ് പ്ലെയ്‌സ് നല്‍കാന്‍ തീരുമാനമാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആര്‍ടിഒ അപേക്ഷ സ്വീകരിച്ച് പണം അടക്കുകയും ചെയ്‌തെങ്കിലും അഞ്ച് മാസമായിട്ടും 100 ഓട്ടോകള്‍ക്കുപോലും ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിക്കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണ്.
ഹാള്‍ട്ടിംഗ് പ്ലെയ്‌സ് ഇല്ലാത്തതിനാല്‍ ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ തങ്ങള്‍ ഓട്ടോ ഓടിക്കുന്നത് തടയുകയും ദോഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ പരാതി പറഞ്ഞിട്ടും യാതൊരും പ്രയോജനവും ഉണ്ടാകുന്നില്ല. ആര്‍ടിഒയും പോലീസും ട്രേഡ് യൂണിയന് വഴങ്ങി പ്രവര്‍ത്തിക്കുകയാണ്. കല്‍പ്പറ്റയില്‍ സ്ഥിരം താമസക്കാരല്ലാതെ തെറ്റായ വിലാസം നല്‍കി ഒന്നിലധികം ഓട്ടോകളുടെ ഉടമകളുമായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.
2008ന് ശേഷം ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിക്കാതെയും 100 വാഹനങ്ങള്‍ക്ക് ഹാള്‍ട്ടിംഗ് പ്ലെയ്‌സ് നല്‍കുന്നതിന് തീരുമാനം എടുത്തിട്ടും അത് നല്‍കാതെ തങ്ങളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ കളക്‌റേറ്റിന് മുമ്പിലും ആര്‍ടിഒ ഓഫീസിന് മുന്നിലും ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. ഹാള്‍ട്ടിംഗ് പ്ലെയ്‌സ് അനുവദിക്കുന്നതിന് അനന്തമായി നീളുകയാണെങ്കില്‍ ദേശീയപാത ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും സമരസമിതി അംഗങ്ങളായ കെ. പ്രകാശന്‍, എം. കൃഷ്ണന്‍കുട്ടി, കുഞ്ഞപ്പഹാജി, സി. സെയ്തലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.





Leave a Reply