June 28, 2026

പ്രവാസി വിഷയം: യു. ഡി .എഫ് സത്യാഗ്രഹസമരം 25ന്

0
By ന്യൂസ് വയനാട് ബ്യൂറോ
                                                                  
കല്‍പ്പറ്റ: നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യു ഡി എഫ് ജില്ലാകമ്മിറ്റി 25ന് വയനാട്ടിലെ മൂന്ന് താലൂക്കുകളിലും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ സത്യാഗ്രഹസമരം നടത്തുമെന്ന് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. 25ന് ശേഷം നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് വരാന്‍ പ്രവാസികള്‍ക്ക് സാധിക്കുകയുള്ളു. ചാര്‍ട്ടേര്‍ഡ്, വന്ദേഭാരത് മിഷന്‍ പ്രകാരമുള്ള വിമാനങ്ങളില്‍ നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. മൂന്ന് ദിവസമാണ് കൊവിഡ് പരിശോധനഫലത്തിന്റെ വാലിഡിറ്റിയെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് യു ഡി എഫ് പ്രതിഷേധം ശക്തമാക്കുന്നത്. നാട്ടിലെത്തിയ ശേഷം കോവിഡ് പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്. മറിച്ച് അവിടെ വെച്ച് പരിശോധന നടത്തി ഫലം വരുന്നതിനും, പ്രതീക്ഷിച്ച വിമാനത്തില്‍ നാട്ടിലെത്തുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യമുണ്ടാകും. മണലാരണ്യത്തില്‍ കിടന്ന് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്ഘടനക്ക് ആക്കം കൂട്ടിയവരാണ് പ്രവാസികള്‍. എന്നാല്‍ വീട്ടിലേക്കെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് ഇത്തരത്തില്‍ ക്രൂരത കാട്ടുന്നതില്‍ യാതൊരു നീതികരണവുമില്ല. നിബന്ധനകള്‍ നടപ്പിലാക്കാന്‍ ഒരു മാസം കൂടി നീട്ടിക്കൊടുത്ത് കൂടുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കുകയാണ് വേണ്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരത്തില്‍ നിബന്ധന വെച്ചിട്ടുള്ളത്. കൊവിഡ് രോഗികളായവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക വിമാനം വേണമെന്നാണ് പറയുന്നു. എന്നാല്‍ ഇതൊന്നും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. പ്രതിസന്ധികളുണ്ടാകുമ്പോഴും അല്ലാത്തപ്പോഴും വിദേശരാജ്യങ്ങളില്‍ പോയി കോടിക്കണക്കിന് രൂപ പിരിക്കുന്ന സി പി എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്നത് തികഞ്ഞ അനീതിയാണ്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് യു ഡി എഫ് മൂന്ന് താലൂക്ക് ആസ്ഥാനങ്ങളിലും സത്യാഗ്രഹ സമരം നടത്തുന്നത്. കല്‍പ്പറ്റയില്‍ എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് യു ഡി എഫ് ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചനും, സുല്‍ത്താന്‍ബത്തേരി സ്വതന്ത്രമൈതാനിയില്‍ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും, മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ മുസ്‌ലിംലീഗ് ജില്ലാജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജിയും സത്യാഗ്രഹസമരം  ഉദ്ഘാടനം ചെയ്യും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *