May 1, 2026

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ റേഡിയേഷന്‍ ചികിത്സ തുടങ്ങുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ- വടക്കേവയനാട്ടിലെ നല്ലൂര്‍നാട്ടിലുള്ള ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററില്‍ റേഡിയേഷന്‍ ചികിത്സ തുടങ്ങുന്നു. ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ ലൈസന്‍സ് ലഭിക്കുന്ന മുറയ്ക്ക്  റേഡിയേഷന്‍  ചികിത്സ ആരംഭിക്കും. ബാബാട്രോണ്‍ 2 റേഡിയോ തെറാപ്പി യൂണിറ്റ് ഇന്‍ഷലേഷനും റേഡിയോ ആക്ടീവ് സോഴ്‌സ് ലോഡിംഗിനുംശേഷം ലഭിക്കേണ്ട കമ്മീഷനിംഗ് അപ്രൂവല്‍ സെന്ററിനു ജനുവരി ഒമ്പതിനു ലഭിച്ചിട്ടുണ്ട്. 
റേഡിയേഷന്‍ ഓങ്കോളിസ്റ്റിന്റെയും റേഡിയേഷന്‍ ഫിസിസ്റ്റിന്റെയും ഒന്നുവീതവും റേഡിയേഷന്‍ ടെക്‌നോളജിസ്റ്റിന്റെ രണ്ടും തസ്തികകളില്‍ നിയമന നടപടികളും പൂര്‍ത്തിയായി. റേഡിയേഷന്‍ ചികിത്സയ്ക്കുള്ള ലൈസന്‍സ് വൈകാതെ  ലഭിച്ചേക്കുമെന്നാണ് കാന്‍സര്‍ കെയര്‍ യൂണിറ്റ് നോഡല്‍ ഓഫീസര്‍ ഡോ.സന്തോഷ്‌കൂമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രജിസ്ട്രാര്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 
കാന്‍സര്‍ കെയര്‍ സെന്ററിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മാനന്തവാടി ദ്വാരകയിലെ സാമൂഹികപ്രവര്‍ത്തകന്‍ കെ.കെ. നാസര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. 
വയനാട് ഹെല്‍ത്ത് പ്രൊജക്ടിന്റെ ഭാഗമായി പട്ടികവര്‍ഗ ക്ഷേമവകുപ്പ് അംബേദ്കര്‍ ട്രൈബല്‍ ആശുപത്രി എന്ന പേരില്‍ ആരംഭിച്ചതാണ് നല്ലൂര്‍നാട്ടിലെ ആതുരാലയം. 1996 ഡിസംബര്‍ ഏഴിനാണ് ഇവിടെ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. 2002 ജൂണ്‍ ഏഴിനു കിടത്തിച്ചികിത്സ വിഭാഗം തുടങ്ങി. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു ആശുപത്രി പ്രവര്‍ത്തനം. 
2007 ഒക്ടോബര്‍ 18നു പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സ്ഥാപനം ആരോഗ്യ വകുപ്പിനു കൈമാറി. ഇതോടെ ആദിവാസി ഇതര വിഭാഗങ്ങള്‍ക്കും ആശുപത്രിയുടെ സേവനം ലഭ്യമായി. പിന്നീട് ആതുരാലയത്തെ സ്‌പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തി സ്‌പെഷലിസ്റ്റ് തസ്തികകള്‍ അനുവദിച്ചു. 
സ്വന്തമായുള്ള ഏഴര ഏക്കര്‍ വളപ്പിലാണ് നല്ലൂര്‍നാട് ആശുപത്രി കെട്ടിട സമുച്ചയം. ഒരേ സമയം 25 രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള വാര്‍ഡുകളും മുറികളും  ലാബോറട്ടറിയും എക്‌സ്‌റേ യൂണിറ്റ് ഉള്‍പ്പെടെ അനുബന്ധ സംവിധാനങ്ങളും  ആശുപത്രിയിലുണ്ട്. ജനസാന്ദ്രതയും ഗതാഗത സൗകര്യങ്ങളും കുറവുള്ള നല്ലൂര്‍നാടിനു മൂന്നു കിലോ മീറ്റര്‍ പരിധിയിലാണ് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രവും എടവക പ്രാഥമികാരോഗ്യകേന്ദ്രവും. പത്തു കിലോമീറ്റര്‍ പരിധിയില്‍ ജില്ലാ ആശുപത്രിയുമുണ്ട്. എന്നിരിക്കെ ജനറല്‍ ആശുപത്രി എന്ന നിലയില്‍ നല്ലൂര്‍നാട്ടിലെ ആതുരാലയം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. 
ആശുപത്രിയില്‍ 2013 ജൂലൈയിലാണ് ജില്ലാ കാന്‍സര്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തമാരംഭിച്ചത്. സര്‍ക്കാര്‍ മേഖലയില്‍  അര്‍ബുദ ചികിത്സാസൗകര്യം ഇല്ലാത്ത ജില്ലകളില്‍ ബേസിക് പാലിയേറ്റീവ് കീമോ തെറാപ്പി യൂണിറ്റുകള്‍ അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് ഇതിനു സഹായകമായത്. വൈകാതെ ഒരേ സമയം 10 രോഗികള്‍ക്ക് കീമോ തെറാപ്പി നല്‍കാന്‍ ശേഷിയുള്ള മോണിറ്ററിംഗ് സംവിധാനത്തോടെയുള്ള വാര്‍ഡ് ആശുപത്രിയില്‍ സജ്ജമാക്കി. ഇത് പട്ടികവര്‍ഗ-നിര്‍ധന വിഭാഗങ്ങളിലെ രോഗികള്‍ക്കും ഒരളവോളം ആശ്വാസവുമായി. 
വിദഗ്ധരുടെ സേവനം  വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ലഭ്യമാക്കി ക്യുറേറ്റീവ് കീമോ തെറാപ്പിയും ഇവിടെ നല്‍കുന്നുണ്ട്. ആശുപത്രിയില്‍ 2017ലാണ് റേഡിയോ തെറാപ്പി ജൂണിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക അനുവദിച്ചത്. നിലവില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് സ്റ്റാഫ് നഴ്‌സുമാണുള്ളത്. കാരുണ്യ പദ്ധതിയില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള അംഗീകാരമുള്ളതാണ് സെന്റര്‍. 
ജില്ലയില്‍ ആദിവാസി വിഭാഗങ്ങളിലടക്കം അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 2013-14ല്‍ സെന്ററില്‍ 88 പേര്‍ക്കാണ് കീമോതെറാപ്പി നല്‍കിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളതാണ് ഇതില്‍ 52 പേര്‍. 2016-17ല്‍ സെന്ററില്‍ കീമോ തെറാപ്പിക്ക് വിധേയരായ 1078 പേരില്‍ 483 പേര്‍ ആദിവാസികളാണ്. 2017-18ല്‍ ഡിസംബര്‍ വരെ 357 ആദിവാസികളടക്കം 796 പേര്‍ക്ക് കീമോതെറാപ്പി നല്‍കി. ജില്ലയിലെ അര്‍ബുദ രോഗികള്‍  നിലവില്‍ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *