March 29, 2024

മെഡിക്കല്‍ കോളജില്‍ സിക്കിള്‍സെല്‍ വാര്‍ഡ് തുറന്നു

0
Img 20230304 183120.jpg
മാനന്തവാടി : വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ നവീകരിച്ച സിക്കിള്‍സെല്‍ വാര്‍ഡ് ഒ.ആര്‍ കേളു എംഎല്‍എ രോഗികള്‍ക്കു തുറന്നുനല്‍കി. എച്ച്.പി.എല്‍.സി മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനവും മാതൃയാനം പദ്ധതി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സിക്കിള്‍സെല്‍ തുടര്‍ ചികിത്സാ ബുക്ക്ലെറ്റ് പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ സിക്കിള്‍സെല്‍ പേഷ്യന്റ് അസോസിയേഷന്‍ അംഗം സരസ്വതി ഏറ്റുവാങ്ങി. എക്സൈസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ആരംഭിച്ച വിമുക്തി ഡി അഡിക്ഷന്‍ സെന്ററും മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് ഷാജി ലഹരിവിരുദ്ധ സന്ദേശം നല്‍കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തി. എം.പിയുടെ പ്രതിനിധി പി.കെ ജയലക്ഷ്മി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ അരുണ്‍കുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ്, എച്ച്ഡിഎസ് പ്രതിനിധികളായ കുര്യാക്കോസ്, വീരേന്ദ്രകുമാര്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
രക്തജന്യ രോഗികള്‍ക്കു മാത്രമായി കൂടുതല്‍ മികച്ച പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനാണ് 10 കിടക്കകളോടുകൂടി സിക്കിള്‍സെല്‍ വാര്‍ഡ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. എച്ച്ഡിയു (ഹൈ ഡിപ്പന്‍ഡന്റ് യൂണിറ്റ്) വഴി ജില്ലയിലെ അരിവാള്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം ലഭ്യമായ അരിവാള്‍ കോശ രോഗനിര്‍ണയത്തിന്റെ ആധുനിക പരിശോധനാ സംവിധാനമാണ് എച്ച്പിഎല്‍സി (ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രൊമാറ്റോഗ്രഫി) മെഷീന്‍ വഴി സാധ്യമാക്കുന്നത്. ഇതോടെ സൗജന്യവും കൃത്യവുമായ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഇതുവഴി ലഭ്യമാവും. 
പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സതേടുന്ന രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ളതാണ് സിക്കിള്‍സെല്‍ തുടര്‍ചികിത്സാ ബുക്ക്ലെറ്റ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗികളുടെ വിവരങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി സൂക്ഷിക്കാനും തുടര്‍ചികിത്സ ഉറപ്പുവരുത്താനും ഇതുവഴി കഴിയും. പുതുക്കിയ മാതൃയാനം പദ്ധതിയിലൂടെ ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലേക്കും പ്രസവത്തിനു ശേഷം വീട്ടിലേക്കും സൗജന്യ യാത്ര സാധ്യമാവും. ഹോം ഡെലിവറി, പ്രസവസംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കഴിയുമെന്നതാണ് ശ്രദ്ധേയം. വാഹനസൗകര്യമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫിസര്‍, മൂന്നു സ്റ്റാഫ് നഴ്സ്, സോഷ്യല്‍ വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ്, മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ സേവനം ലഭ്യമാണ്. ലഹരിക്കടിമപ്പെട്ടവരെ വൈദ്യസഹായവും കൗണ്‍സലിങും നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയെന്നതാണ് ഡി അഡിക്ഷന്‍ സെന്ററിന്റെ ലക്ഷ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *