April 29, 2026

കുറുവ ദ്വീപ് വിനോദസഞ്ചാരം: പൂർണ്ണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലാകാൻ വഴിതെളിയുന്നു.

0
images-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ:-കുറുവ ദ്വീപിലെ  പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു ചെയര്‍മാനായ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ജില്ലാ കലക്ടര്‍ എസ്. സുഹാസ് അധ്യക്ഷനായ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും മേല്‍ക്കൈ നഷ്ടമാകുന്നു. കുറുവ ദ്വീപില്‍ ടൂറിസം പൂര്‍ണമായും വരുതിയിലാക്കാനാണ് വനം വകുപ്പിന്റെ നീക്കം. ദ്വീപില്‍ വിനോദസഞ്ചാരം വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(ഇക്കോ ഡലവപ്പ്‌മെന്റ്) പ്രകൃതി ശ്രീവാസ്തവ നവംബര്‍ 10നു പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്
   . ദ്വീപില്‍ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന പരമാവധി  സന്ദര്‍ശകരുടെ നാനൂറായും പ്രവര്‍ത്തനകാലം ഡിസംബര്‍ 16 മുതല്‍ മെയ് 31 വരെയായും  പി.സി.സി.എഫ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 
തെക്കേ വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ചില്‍ പാതിരി സെക്ഷനിലാണ് ജൈവ വൈവിധ്യത്തിന്റെ കലവറയെന്ന് പുകള്‍പെറ്റ കുറുവ ദ്വീപ്. കബനി നദിയില്‍ കൂടല്‍കടവിനും ബാവലി പാപനാശിക്കുമിടയിലെ ചെറുതും വലുതുമായ 70ല്‍ പരം തുരുത്തുകളാണ് കുറുവ ദ്വീപെന്ന്  അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ ഏക ശുദ്ധജല ദ്വീപ് എന്ന പ്രത്യേകതയും കുറുവയ്ക്കുണ്ട്. കബനി നദിയിലെ പാല്‍വെളിച്ചത്തിനും ചെറിയമലയ്ക്കും ഇടയിലുള്ള രണ്ട് വലിയ തുരുത്തുകളിലാണ്  ടൂറിസം. നേരത്തേ ഏഴ് തുരുത്തുകളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.  ജൈവ വൈവിധ്യത്തിന്റെ സംരക്ഷണവും സന്ദര്‍ശകരുടെ സുരക്ഷയും കണക്കിലെടുത്താണ് വിനോദസഞ്ചാരം രണ്ട് തുരുത്തുകളിലായി കുറച്ചത്. 
2011 ഡിസംബര്‍ 28നു  ദ്വീപു കാണാനെത്തിയ സംഘത്തിലെ രണ്ടു പേര്‍ കബനിയില്‍ മുങ്ങിമരിച്ചിരുന്നു. ഇതിനുശേഷം ദ്വീപിലെ സമൂഹത്തിലെ അപകട മേഖലകളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. 
മാനന്തവാടിയില്‍നിന്ന് പാല്‍വെളിച്ചം വഴിയും പുല്‍പള്ളി, പനമരം ഭാഗങ്ങളില്‍നിന്ന് പാക്കം വഴിയുമാണ് സഞ്ചാരികള്‍ കുറുവയിലെത്തുന്നത്. പാല്‍വെളിച്ചം ഭാഗത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വനം വകുപ്പും സംയുക്തമായും ചെറിയമല ഭാഗത്ത് വനംവകുപ്പ് തനിച്ചുമാണ് ടൂറിസം നിയന്ത്രിച്ചിരുന്നത്. സീസണില്‍ ദിവസം മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ സഞ്ചാരികളാണ് കുറുവയിലെത്തുന്നത്. സന്ദര്‍ശകരില്‍ ഏറെയും പാല്‍വെളിച്ചം ഭാഗത്തുകൂടിയാണ് ദ്വീപില്‍ പ്രവേശിക്കുന്നത്. 
മഴക്കാലത്ത് കബനിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ജൂണ്‍ രണ്ടാം വാരം അടച്ച കുറുവയില്‍ ടൂറിസം നവംബര്‍ ഒന്നു മുതല്‍ പുനരാരംഭിക്കാന്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഈ യോഗത്തില്‍ വനം വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. 
കുറുവ ദ്വീപിലെ അനിയന്ത്രിത ടൂറിസം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് പ്രസിഡന്റ് എന്‍. ബാദുഷ  ആഴ്ചകള്‍ മുമ്പ് വനം മേധാവികള്‍ക്ക്  കത്തയച്ചിരുന്നു. അനിയന്ത്രിത ടൂറിസം കുറുവ ദ്വീപില്‍ കൊടിയ പരിസ്ഥിതി നാശത്തിനു കാരണമാകുന്നുവെന്ന് വിവരിച്ചായിരുന്നു കത്ത്. സഞ്ചാരികളുടെ ബാഹുല്യം ദ്വീപില്‍ വന്യജീവികളുടെ സൈ്വരം കെടുത്തുന്നുവെന്നും പരിസര പ്രദേശങ്ങളില്‍ മനുഷ്യ-മൃഗ സംഘര്‍ഷത്തിനു കാരണമാകുന്നുവെന്നും  ചൂണ്ടിക്കാട്ടുന്നതുമായിരുന്നു കത്ത്.  ഇതിനു പിന്നാലെ ദ്വീപില്‍ ടൂറിസം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതകള്‍ വിവരിച്ച് സൗത്ത് വയനാട് വനം ഡിവിഷന്‍ ഓഫീസറും മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു പി.സി.സി.എഫിന്റെ ഉത്തരവ്. 
പാല്‍വെളിച്ചം, ചെറിയമല ഭാഗങ്ങളിലൂടെ ദിവസം 200 വീതം സന്ദര്‍ശകര്‍ക്കേ ദ്വീപില്‍ പ്രവേശനം നല്‍കാവൂ എന്നാണ് പി.സി.സി.എഫിന്റെ ഉത്തരവില്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ദ്വീപിന്റെ താങ്ങല്‍ശേഷി കണക്കാക്കിയാണ് പ്രവേശനം അനുവദിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണം നിശ്ചയിച്ചത്. 
സന്ദര്‍ശകരുടെ എണ്ണം ഇത്തരത്തില്‍ പരിമിതപ്പെടുത്തിയതിനെതിരെ രംഗത്തുവന്നിരിക്കയാണ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി. പി.സി.സി.എഫിന്റെ ഉത്തരവ് റദ്ദുചെയ്യിക്കുന്നതിനു വനം മന്ത്രി ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് സമ്മര്‍ദം ചെലുത്താനാണ് കമ്മിറ്റി തീരുമാനം. കുറുവയിലെ വിനോദസഞ്ചാരവികസനം മുന്നില്‍ക്കണ്ട് നിരവധിയാളുകള്‍ പാല്‍വെളിച്ചത്തും സമീപങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. കുറുവയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറയുന്നത് ചെറുതും വലുതുമടക്കം  നിക്ഷേപകര്‍ക്ക് പ്രഹരമാകും. ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കും ഡി.ടി.പി.സിക്കും കീഴില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ താത്കാലിക നിയമനം ലഭിച്ചവര്‍ക്കും വനം വകുപ്പിന്റെ നീക്കം തിരിച്ചടിയാകും. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *