January 24, 2026

ഡോണ്‍ ബോസ്‌കോ കോളജിനെതിരെ എസ്എഫ്‌ഐ നടത്തുന്ന സമരം അനാവശ്യം;കോളജ് അധികൃതര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജിനെതിരെ എസ്എഫ്‌ഐ നടത്തുന്ന അനിശ്ചിതകാല സമരം അനാവശ്യമാണെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കോളജ് കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ച ജിഷ്ണു വേണുഗോപാല്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സസ്‌പെന്‍ഷന്‍ നല്‍കി തെറ്റുതിരുത്തണമെന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ മറുപടിയായി തന്റെ സംഘടനാപ്രവര്‍ത്തകരെ ഉപയോഗിച്ച് ജൂലെ 11ന് കോളജ് തല്ലിത്തകര്‍ക്കുകയായിരുന്നു. ഇതില്‍ പോലീസ് കേസെടുക്കുകയും ജിഷ്ണു അടക്കം പ്രധാന പ്രതികള്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ ഒരുമാസത്തോളം ജയിലില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു. കോടതിയുടെ നിഗമനത്തില്‍ 9.5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിക്കുകയും രണ്ടാഴ്ചയോളം അധ്യയനം നഷ്ടപ്പെടുകയും ചെയ്തു. 
കാമ്പസിനുള്ളില്‍ രാഷ്ട്രീയം വിലക്കാനുള്ള അനുമതി കോളജ് അധികൃതര്‍ക്ക് ഹൈകോടതി വിധിപ്രകാരം ലഭിച്ചിട്ടുള്ളതാണ്. രാഷ്ട്രീയം കടന്നുവരേണ്ട മോശം സാഹചര്യം ഡോണ്‍ ബോസ്‌കോ കോളജില്‍ ഇക്കാലമത്രയും ഉണ്ടായിട്ടില്ല. എന്നാല്‍ എസ്എഫ്‌ഐ സംഘടനയുടെ വ്യാപനത്തിന്റെ ഭാഗമായി ഡോണ്‍ ബോസ്‌കോ കോളജിലും എസ്എഫ്‌ഐ യൂണിറ്റ് സ്ഥാപിക്കാന്‍ ശ്രമിച്ച ജിഷ്ണുവിനെ വ്യക്തിപരമായും അച്ചടക്കസമിതിയും വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും രക്ഷാകര്‍തൃ സമിതിയും ഇതില്‍ നിന്നും പിന്‍മാറാന്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം ധിക്കരിച്ചുകൊണ്ട് കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും പുതിയ വിദ്യാര്‍ഥികളെ സംഘടനിയിലേക്ക് ക്ഷണിക്കുകയും ചെയ്തത്. ഇത് അനുവദിച്ചാല്‍ മറ്റ് രാഷ്ട്രീയ സംഘടനകള്‍ക്കും കോളജില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കേണ്ടിവരും. അതിന് കോളജ് അധികൃതര്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥി യൂണിയനും താല്‍പര്യമില്ല. 
കോളജിനുള്ളില്‍ രാഷ്ട്രീയം പാടില്ല എന്ന പ്രഖ്യാപിത നിയമങ്ങള്‍ അംഗീകരിച്ചാണ് ഓരോ വിദ്യാര്‍ഥിയും ഈ കോളജില്‍ പ്രവേശനം നേടുന്നത്. കഴിഞ്ഞ 13 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡോണ്‍ ബോസ്‌കോ കോളജില്‍ നാളിതുവരെയും അധ്യാപകരുടേയും രക്ഷകര്‍തൃ സമിതിയുടേയും വിദ്യാര്‍ഥികളുടേയും പൊതുധാരണ പ്രകാരം കാമ്പസില്‍ രാഷ്ട്രീയം കൊണ്ടുവരാതെ സൂക്ഷിച്ചിട്ടുണ്ട്. കോളജിന്റെ നിയമാവലിക്കെതിരെ കുറ്റം ചെയ്യുന്ന വിദാര്‍ഥിയെ നടപടി പ്രകാരം താക്കീത് നല്‍കുകയും പിന്നീട് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തിട്ടും തെറ്റു തിരുത്താന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ഇതിനുള്ള അവകാശവും അധികാരവും സ്ഥാപനത്തിനുണ്ട്. തെറ്റു തിരുത്താത്ത കുട്ടിയെ നിയമനടപടിക്ക് വിധേയനാക്കുന്നത് സ്വാഭാവിക നടപടിയാണ്. എന്നാല്‍ തെറ്റു ചെയ്ത ജിഷ്ണുവിന് തെറ്റ് അത് തിരുത്താന്‍ അവസരം നല്‍കിയിട്ടും കൂടുതല്‍ തെറ്റുകളിലേക്ക് കടക്കുകയും കോളജ് തല്ലിത്തകര്‍ക്കുകയും ചെയ്യുന്നതിലേക്കാണ് നീങ്ങിയത്. ഹൈകോടതിയും ന്യൂനപക്ഷ കമ്മീഷനും യൂണിവേഴ്‌സിറ്റി സമതികള്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. 
കോളജ് തല്ലിത്തകര്‍ക്കാന്‍ ജിഷ്ണു തന്റെ സഹപ്രവര്‍ത്തകരെ പ്രേരിപ്പിച്ചതിനാല്‍ പൂര്‍ണ ഉത്തരവാദിത്തം ജിഷ്ണുവിനാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ 19ന് കോളജ് അധികൃതര്‍ രേഖാമൂലം പുറത്താക്കിയത്. എന്നാല്‍ വസ്തുതകള്‍ ഇതായിരിക്കെ ജിഷ്ണുവിനെ സസ്‌പെന്‍ഡ് ചെയ്തത് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്നും അതിനാല്‍ ജിഷ്ണുവിനെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം കഴിഞ്ഞ 19മുതല്‍ കോളജ് കവാടത്തിനുമുമ്പില്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ഇതിന് യാതൊരു അര്‍ഥവുമില്ല. ഏതാനും നേതാക്കളുടെ പിടിവാശികാരണം തങ്ങളുടെ തെറ്റുകള്‍ മറച്ചുവക്കാനും ജാള്യത മറക്കാനും പാവപ്പെട്ട വിദ്യാര്‍ഥികളെ അവരുടെ പഠനം നഷ്ടപ്പെടുത്തി സമരത്തിനായി കൊണ്ടുവരികയാണ്. സമരത്തിന നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ഥികളുടെ പഠനം നഷ്ടമാകുകയാണ്. കൂടുതല്‍ കുട്ടികളുടെ ഭാവി തകര്‍ക്കാതെ അനാവശ്യ സമരം പിന്‍വലിച്ച് കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കുകയാണ് പാര്‍ട്ടിനേതാക്കള്‍ ചെയ്യേണ്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് ഉള്ളാട്ടില്‍, ടി.ടി. ബിജു, കെ.ജെ. എല്‍ദോ, പി.പി. ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *