വായ്പ എഴുതിതള്ളിയ ആദിവാസികള്‍ക്ക് ജപ്തി നോട്ടീസ്:വിതരണം ചെയ്തത് ജപ്തി നോട്ടീസല്ല അറിയിപ്പാണന്ന് ബാങ്ക്
കല്‍പ്പറ്റ: പട്ടികജാതി പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ വായ്പ എഴുതിതള്ളിയ വയനാട്ടിലെ 500 ഓളം വനവാസികള്‍ക്ക് വിവിധ ബാങ്കുകളുടെ ജപ്തി നോട്ടീസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജപ്തി നിരോധന കാലാവധി കഴിഞ്ഞതോടെയാണ് റവന്യു റിക്കവറി വിഭാഗത്തിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ അതത് വില്ലേജ് ഓഫീസ് മുഖാന്തിരം വനവാസികള്‍ക്ക് ജപ്തി നോട്ടീസ് നല്‍കിയത്. 2014 മാര്‍ച്ച് 31 വരെ വനവാസികളുടെ കുടിശ്ശികയായ ഒരുലക്ഷം രൂപ വരെയുള്ള തുക എഴുതിതള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന് ഇതേ അക്കൗണ്ടില്‍ വായ്പ എഴുതിതള്ളുന്നതിനായി കോടികള്‍ നീക്കിയിരിക്കുമ്പോഴാണ് അനധികൃതമായി വനവാസികളെ വഴിയാധാരമാക്കുന്നത്. പയ്യമ്പള്ളി ചാലിഗദ്ദ കോളനിയിലെ ഊരുമൂപ്പനായ സുകുമാരന് 15610 രൂപ അടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികള്‍ നേരിടണമെന്നും കാണിച്ച് പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കികഴിഞ്ഞു. പയ്യമ്പള്ളി കാനറാ ബാങ്കിന് കീഴില്‍മാത്രം ഇത്തരത്തില്‍ നിരവധി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. ഇതോടെ വനവാസികള്‍ പ്രതിസന്ധിയിലായി.
2014ന് മുന്‍പ് കുടിശ്ശികയായ വായ്പകള്‍ക്കാണ് ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുന്നത്. വനവാസികള്‍ക്ക് നിയമാനുസൃതമായ വായ്പ്പാ ആനുകൂല്യം ലഭിക്കുമെന്നും ഇത്തരത്തില്‍ നോട്ടീസ് അയക്കുന്നത് സംബന്ധിച്ച് അറിയില്ലെന്നും ഐടിഡിപി ജില്ലാ ഓഫീസര്‍ പി വാണിദാസ് പറഞ്ഞു. വായ്പാ അര്‍ഹതയുള്ളവര്‍ക്ക് ഇനിയും അത് ലഭിക്കും. വിതരണം ചെയ്ത ജപ്തി നോട്ടീസുകളെല്ലാം ജപ്തി എന്ന നിലയ്ക്കല്ല വിതരണം ചെയ്തതെന്നും നടപടിക്രമം മാത്രം പാലിക്കുകയായിരുന്നവെന്നും വനവാസികളോട് ബാങ്കുകളുമായി ബന്ധപ്പെടാന്‍ പറയുകയായിരുന്നുവെന്നും പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ പറഞ്ഞു. നോട്ടീസ് കിട്ടി ബാങ്കുമായി ബന്ധപ്പെട്ട പലരുടെയും വായ്പ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply