October 2, 2026

മാധ്യമ പഠനക്യാംപ് സമാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള മീഡിയാ അക്കാദമിയും വയനാട് പ്രസ്‌ക്ലബ്ബും ചേര്‍ന്നു കല്‍പ്പറ്റയില്‍ ഒരുക്കിയ മാധ്യമ പഠനക്യാംപ് സമാപിച്ചു. ജില്ലയില്‍ നിന്നു തിരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുത്തത്. ത്രിദിന ക്യാംപിന്റെ സമാപന ദിവസമായ ഇന്നലെ നവമാധ്യമങ്ങളെക്കുറിച്ച് ജയകുമാര്‍ ക്ലാസെടുത്തു. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് റിപോര്‍ട്ടര്‍ എം കമല്‍ കുട്ടികളുമായി സംവദിച്ചു. കുട്ടികള്‍ തയ്യാറാക്കിയ പത്രം 'കബനി' വയനാട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പി ഒ ഷീജ പ്രകാശനം ചെയ്തു. ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാംപില്‍ കുട്ടികള്‍ വിവിധ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ നടപ്പാക്കുന്ന പദ്ധതി, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയെ സംബന്ധിച്ച സചിത്ര റിപോര്‍ട്ടുകളാണ് ക്യാംപ് അംഗങ്ങള്‍ നഗരസഭാ ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലെത്തി തയ്യാറാക്കിയത്. ഭരണ കര്‍ത്താക്കളെയും ഉദ്യോഗസ്ഥരെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ലാ കോടതി സമുച്ചയത്തിലും കുട്ടികളെത്തി. കബനി എന്നു പേരിട്ട
 കുട്ടിപ്പത്രത്തിനായി ചിലര്‍ ലേഖനമെഴുതി. ഒരാള്‍ മുഖപ്രസംഗം തയ്യാറാക്കി. രണ്ടുപേര്‍ കാര്‍ട്ടൂണ്‍ വരച്ചു. ഒരു ഫോട്ടോ ഫീച്ചറും തയ്യാറായി. ക്യാംപിന്റെ രണ്ടാം ദിവസം ശ്രദ്ധേയമായതു കേരളം ചര്‍ച്ച ചെയ്ത പ്രശസ്തമായ ഫോട്ടോകളായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി മുസ്തഫ ഫോട്ടോഗ്രഫിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. തന്റെ തൊഴില്‍ ജീവിതത്തില്‍ എടുത്ത ശ്രദ്ധേയമായ ഫോട്ടോകളും കുട്ടികള്‍ക്കായി കാണിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പി വി മുരുകന്‍, കാര്‍ട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണന്‍, മീഡിയാ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ ടി ശേഖര്‍ ക്യാംപിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *