June 21, 2026

മരണാനന്തര നേത്രദാനം; നക്ഷത്രശോഭ പരത്തി രുക്മിണി അവ്വയും

0
08-38-13-10696982995bfc3745f1802-IMG-20181125-WA0006
By ന്യൂസ് വയനാട് ബ്യൂറോ
മരണാനന്തര നേത്രദാനം; നക്ഷത്രശോഭ പരത്തി രുക്മിണി അവ്വയും 
കല്‍പറ്റ-മരണാനന്തര നേത്രദാനത്തിലൂടെ നക്ഷത്രശോഭ പരത്തി പനമരം നീര്‍വാരം ഭക്തിനിവാസില്‍ രുക്മിണി അവ്വയും. 26 നു രാത്രി 11നു  കല്‍പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയില്‍ അന്തരിച്ച രുക്മിണി അവ്വയുടെ(87)നേത്രപടലങ്ങള്‍ ബംഗളൂരു പ്രൊജക്ട് വിഷന്‍ ശേഖരിച്ച് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ നേത്രബാങ്കിലേക്കു അയച്ചു. അവ്വയുടെ മിഴികള്‍ ഇനി രണ്ടു പേര്‍ക്കു വെളിച്ചമാകും. 
നേത്രദാന സമ്മതപത്രം നേരത്തേ നല്‍കിയിരുന്ന രുക്മിണി അവ്വയുടെ മരണം മക്കളാണ് '6235002244' എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ച് പ്രൊജക്ട് വിഷന്‍ ജില്ലാ യൂണിറ്റില്‍  അറിയിച്ചത്. മരണം നടന്നു ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിയ പ്രൊജക്ട് വിഷന്‍ ടെക്‌നീഷ്യന്‍ പി.എല്‍. ജോസി വാര്‍ഡില്‍ത്തന്നെ ശസ്ത്രക്രിയ നടത്തി നേത്രപടലങ്ങള്‍ ശേഖരിച്ചു. പ്രൊജക്ട് വിഷന്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജും ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷനൂപ് ജോര്‍ജും ചേര്‍ന്നു നേത്രപടലങ്ങള്‍ എറ്റുവാങ്ങി. ദാനമായി  നേത്രപടലങ്ങള്‍ സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ഇവര്‍ രുക്മിണി അവ്വയുടെ കുടുംബംഗങ്ങള്‍ക്കു നല്‍കി. 
നീര്‍വാരം ഭക്തിനിവാസില്‍ പരേതനായ എ.കെ. വെങ്കിട്ടഗൗഡറുടെ ഭാര്യയാണ് രുക്മിണി അവ്വ. കൃഷ്ണരാജേന്ദ്രപ്രസാദ്, വസന്ത്കുമാര്‍, സുലോചന എന്നിവരാണ് മക്കള്‍. തിമിരം ഉള്‍പ്പെടെ നേത്രരോഗങ്ങള്‍ രുക്മിണി അവ്വയെ അലട്ടിയിരുന്നില്ല. അതിനാല്‍ ജീവിതസായാഹ്‌നത്തില്‍  അവര്‍ക്കു കണ്ണാടി ആവശ്യമായിരുന്നില്ല.
'എല്ലാവര്‍ക്കും കാണാനാവട്ടെ' എന്ന സന്ദേശവുമായി ദേശീയതലത്തില്‍ നേത്രദാന പ്രോത്സാഹന പദ്ധതി നടത്തിവരികയാണ് പ്രൊജക്ട് വിഷന്‍. ഇതിന്റെ ഭാഗമായാണ് വയനാട്ടില്‍നിന്നു നേത്രപടലങ്ങള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ 21നു മേപ്പാടിയില്‍ അന്തരിച്ച സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി കേരള പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ബീയാട്രീസിന്റെ നേത്രപടലങ്ങളാണ് പ്രൊജക്ട് വിഷന്‍ ജില്ലയില്‍ ആദ്യമായി ശേഖരിച്ചത്.  2017 ഒക്‌ടോബറിലെ ലോക കാഴ്ച ദിനത്തില്‍ കല്‍പറ്റയിലടക്കം ജനകീയ  പങ്കാളിത്തത്തോടെ 'അന്ധ നടത്തം' സംഘടിപ്പിച്ചാണ്  പ്രൊജക്ട് വിഷന്‍ ജില്ലയില്‍  പ്രവര്‍ത്തനം തുടങ്ങിയത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *