April 25, 2024

എൽ ഡി എഫ് സ്ഥാനാർത്ഥി മണ്ഡലപര്യടനം തുടങ്ങി. വലിയ രാഷ്ട്രീയ മാറ്റത്തിന‌് തുടക്കമിട്ട‌് പി പി സുനീർ

0
ബിജു കിഴക്കേടം
വയനാട‌് ലോക‌്സഭാ മണ്ഡലം രൂപീകരിച്ച‌് 10 വർഷം പിന്നിടുമ്പോൾ മണ്ഡലത്തിലുണ്ടായ പിന്നോട്ടടിക്ക‌് മാറ്റം വരുത്താനും വിജയക്കൊടി പാറിക്കാനും എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീർ മണ്ഡലപര്യടനം തുടങ്ങി.  ഞായറാഴ‌്ച്ച ജില്ലയിലെത്തിയ സ്ഥനാർഥി വിവിധ പരിപാടികളിൽ പങ്കെടുത്തു. പ്രചാരണം തുടങ്ങിയ ദിവസംതന്നെ തെരഞ്ഞെടുപ്പ‌് പ്രഖ്യാപനവുമുണ്ടായി. പ്രചാരണത്തിന്റെ ആദ്യദിനം സ‌്നേഹോഷ‌്മള സ്വീകരണമാണ‌് ഇടതുപോരാളിക്ക‌് ലഭിച്ചത‌്.
‘വയനാട‌് മണ്ഡലത്തിൽ മാറ്റങ്ങളുണ്ടാകണം. 10 വർഷത്തെ നഷ്ടം മറികടക്കണം. എൽഡിഎഫിന‌് അനുകൂലമായ രാഷ‌്ട്രീയ സാഹചര്യമാണുള്ളത‌്.’ ചെറിയവാക്കുകളിൽ  മണ്ഡലത്തിലുണ്ടാകാൻ പോകുന്ന വലിയ രാഷ‌്ട്രീയ മാറ്റത്തിന‌്  സുനീർ  നാന്ദി കുറിച്ചു. രാവിലെ സിപിഐ ജില്ലാ എക‌്സിക്യൂട്ടിവായിരുന്നു ആദ്യപരിപാടി. പിന്നീട‌് എൽഡിഎഫ‌് യോഗം, പാർടി ലോക്കൽ ജനറൽ ബോഡി, കുടുംബയോഗം എന്നിവയിലും പങ്കെടുത്തു. സൗഹൃദ സന്ദർശനങ്ങളുമുണ്ടായി.  എൽഡിഎഫ‌്, സിപിഐ യോഗങ്ങൾ കൽപ്പറ്റയിലായിരുന്നു.  മീനങ്ങാടിയിലായിരുന്നു സിപിഐയുടെ ലോക്കൽ ജനറൽ ബോഡി. പാർടി പ്രവർത്തകർക്കൊപ്പം മറ്റുനിരവധിപേരും സ്ഥാനാർഥിയെ കാണാനും സംസാരിക്കാനുമെത്തിയിരുന്നു. ബത്തേരി ഫെയർ ലാൻഡിലായിരുന്നു കുടുംബ സംഗമം. സ‌്ത്രീകളുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഫെയർ ലാൻഡ‌്, സീക്കുന്ന‌് പ്രദേശത്തെ ഇരുനൂറ്റമ്പതോളം കൈവശക്കാർക്ക‌് പട്ടയം നൽകാൻ  കഴിഞ്ഞ മന്ത്രി  സഭായോഗം  തീരുമാനിച്ചിരുന്നു. ഈ സന്തോഷവും ആളുകൾ സ്ഥാനാർഥിയുമായി പങ്കിട്ടു. എൽഡിഎഫ‌് വിജയിക്കേണ്ടതിന്റെ ആവശ്യകതയും തെരഞ്ഞെടുപ്പിന്റെ പ്രാധാനവ്യം സൂചിപ്പിച്ച‌് സ്ഥാനാർഥി പ്രസംഗം അവസാനിപ്പിച്ചു. കൽപ്പറ്റയിൽ കെഎസ‌്ടിഎയുടെ നേതൃത്വത്തിൽ നടന്ന പ്രീ പ്രൈമറി അധ്യാപകരുടെ കൺവൻഷനിലും  സംസാരിച്ചു. വിവിധ വ്യക്തികളുമായി കൂടിക്കാഴ‌്ച്ച നടത്തി. തരുവണയിലെ മരണവീട്ടിലും എത്തി.
12ന‌് മാനന്തവാടി, 13ന‌് ബത്തേരി, 14ന‌് കൽപ്പറ്റയിലുമാണ‌് സ്ഥാനാർഥി പര്യടനം നടത്തും. 14ന‌് മുക്കത്ത‌് മണ്ഡലം കൺവൻഷനും ചേരും. 16ന‌് ജില്ലയിലെ മൂന്ന‌് നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ‌് കൺവൻഷനുകൾ നടക്കും.  17, 18 തിയതികളിൽ ലോക്കൽ തെരഞ്ഞെടുപ്പ‌് കൺവൻഷനുകളും 20, 21 തിയതികളിൽ ബൂത്ത‌് കൺവൻഷനുകളും ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *