April 19, 2024

വെറ്ററിനറി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: പ്രായപരിധി കഴിഞ്ഞിട്ടും നിയമനം ലഭിച്ച ഏഴു പേര്‍ പുറത്താകും

0


കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍   2015ല്‍ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 2018 ഡിസംബര്‍ 12ലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. പ്രായപരിധി കഴിഞ്ഞവര്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി നല്‍കിയ നിയമനം അസാധുവാക്കിയ  സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ജസ്റ്റിസ് എ.എം.ഷെഫീഖ്, ജസ്റ്റിസ് മേരി ജോസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. ഇതോടെ പ്രായപരിധി കഴിഞ്ഞിട്ടും വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ലഭിച്ച  ഏഴു പേര്‍ സര്‍വകലാശാലയ്ക്കു പുറത്താകുന്നതിനു വഴിയൊരുങ്ങി. സര്‍വകലാശാലയില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നതും പിന്നീട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നേടിയവരുമാണ് ഇവരെല്ലാംതന്നെ. മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്തിരുന്നവരാണ്  ഡപ്യൂട്ടേഷനില്‍ എത്തിയിരുന്നതില്‍ അധികവും. 
അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ 105  തസ്തികകളില്‍   നിയമനത്തിനു അപേക്ഷകള്‍ ക്ഷണിച്ച് 2014 ജൂണ്‍ 12നാണ് സര്‍വകലാശാല  വിജ്ഞാപനം പുറപ്പെടുവിച്ചത്.നിയമനത്തിനു അപേക്ഷിക്കുന്നതിനു  ജനറല്‍ വിഭാഗത്തിനു 40 വയസാണ് പ്രായപരിധി നിശ്ചയിച്ചിരുന്നത്. വിജ്ഞാപനത്തില്‍ പറഞ്ഞ തിയതിയില്‍ 40 വയസ് കവിഞ്ഞവര്‍ നല്‍കിയ അപേക്ഷകള്‍ സൂക്ഷമപരിശോധനയ്ക്കുശേഷം സര്‍വകലാശാല നിരസിച്ചിരുന്നു. എന്നാല്‍  പ്രായപരിധി കഴിഞ്ഞ ഉദ്യോഗാര്‍ഥികളില്‍ ഡപ്യൂട്ടേഷനില്‍ ഉണ്ടായിരുന്നവരടക്കം കോടതി മുഖേന നേടിയ താത്കാലിക ഉത്തവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല അപേക്ഷ വീണ്ടും പരിഗണിച്ചു.ഡപ്യൂട്ടേഷനില്‍ ഉണ്ടായിരുന്നതില്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാംതന്നെ 
നിയമനവും  ലഭിച്ചു. ഇതിനെതിരെ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 
പ്രായപരിധി കഴിഞ്ഞവരില്‍നിന്നു സര്‍വകലാശാല അപേക്ഷ സ്വീകരിച്ചതും നിയമനം നല്‍കിയതും ചട്ടവിരുദ്ധമാണെന്നാണ് സിംഗിള്‍ ബെഞ്ച് വിധിച്ചത്. വഴിവിട്ടു നടത്തിയ നിയമനങ്ങള്‍ റദ്ദാക്കാനും കോടതി ഉത്തരവായി. ഇതിനു പിന്നാലെ  സമര്‍പ്പിച്ച റിട്ട് പെറ്റീഷനുകളിലായിരുന്നു ഇക്കഴിഞ്ഞ 20നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നതില്‍ 52 വയസുള്ളയാളും  അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ലഭിച്ചവരില്‍ ഉള്‍പ്പെടും.നിയമനങ്ങളില്‍ നടന്ന സംവരണ മാനദണ്ഡങ്ങളുടെ ലംഘനം, അധികയോഗ്യത പരിഗണിക്കാതിരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടും ഹൈക്കോടതിയില്‍ വ്യവഹാരം നടന്നുവരികയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *