ജില്ലാ പഞ്ചായത്ത്: അമ്പലവയലില്‍ ഏറ്റുമുട്ടുന്നതു അടവും ചുവടും പഠിച്ചവര്‍

കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ അമ്പലവയല്‍ ഡിവിഷനില്‍ വയനാടാകെ ശ്രദ്ധിക്കുന്ന പോരാട്ടം.രാഷ്ടീയത്തിലെ അടവുകളും ചുവടുകളും പഠിച്ച കരുത്തരാണ് ഇവിടെ ഏറ്റുമുട്ടുന്നത്.കെപിസിസി മെംബറും ഡിസിസി മുന്‍ വൈസ് പ്രസിഡന്റുമായ കെ.കെ. വിശ്വനാഥനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.സിപിഎം ജില്ലാ കമ്മിറ്റിയംഗവും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സിറ്റിംഗ് വൈസ് പ്രസിഡന്റുമായ സുരേഷ് താളൂരാണ് എല്‍ഡിഎഫിനുവേണ്ടി അങ്കത്തട്ടില്‍.ബിജെപി ജില്ലാ കമ്മിറ്റിയംഗം കെ. വേണുവാണ് എന്‍ഡിഎയ്ക്കുവേണ്ടി രംഗത്ത്.മൂന്നു സ്ഥാനാര്‍ഥികളും ആദ്യമായാണ് ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നത്.
18 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ ചേരുന്നതാണ് അമ്പലവയല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.അമ്പലവയല്‍ പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച്,ആറ്,ഏഴ്,15,16,17,18,19,20 വാര്‍ഡുകളും നെന്‍മേനി പഞ്ചായത്തിലെ മരവയല്‍,അമ്പുകുത്തി,എടക്കല്‍,കുപ്പക്കൊല്ലി,പാലുപറമ്പ് വാര്‍ഡുകളും ഡിവിഷന്റെ ഭാഗമാണ്.26,400നടുത്താണ് വോട്ടര്‍മാരുടെ എണ്ണം.കര്‍ഷകരും തൊഴിലാളികളുമാണ് സമ്മതിദായകരില്‍ അധികവും.2015ലെ തെരഞ്ഞെടുപ്പില്‍ വനിതാസംവരണ വാര്‍ഡായിരുന്ന അമ്പലവയലില്‍ സിപിഎമ്മിലെ എന്‍.പി. കുഞ്ഞുമോളായിരുന്നു വിജയി. 780 വോട്ടായിരുന്നു ഭൂരിപക്ഷം.
ഡിവിഷനില്‍ ശുഭപ്രതീക്ഷയിലാണ് എല്‍ഡിഎഫ്.ഇക്കുറി ഭൂരിപക്ഷം മെച്ചപ്പെടുമെന്നു സ്ഥാനാര്‍ഥിയും പ്രാദേശിക നേതാക്കളും പറയുന്നു.എന്നാല്‍ മണ്ഡലചിത്രം മാറ്റിയെഴുതാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്.അമ്പലവയില്‍നിന്നു വിശ്വനാഥന്‍ ജില്ലാ പഞ്ചായത്തിലെത്തുമെന്നു കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നു.വിജയത്തിന്റെ കാര്യത്തില്‍ വിശ്വനാഥനും സന്ദേഹമില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടന്ന വികസനവും ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ടര്‍മാരെ കാണുന്നത്.അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ഭരണത്തിലെ കോട്ടങ്ങളുമാണ് യുഡിഎഫ് പ്രധാനമായും തെരഞ്ഞെടുപ്പു വിഷയമാക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ ഭരണമികവുകള്‍ എടുത്തുപറഞ്ഞു വോട്ടുകള്‍ ഉറപ്പിക്കാനാണ് എന്‍ഡിഎ ശ്രമം.
കേണിച്ചിറ താഴെമുണ്ട കണ്ണംകോട്ട് കൊട്ടാരത്തില്‍ കുടുംബത്തിന്റെ നാഥനാണ് 74 കാരനായ വിശ്വനാഥന്‍.ഭാര്യ രാജമ്മയും സിന്ധു,സന്ധ്യ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.പതിറ്റാണ്ടുകളായി പൊതുരംഗത്തുള്ള വിശ്വനാഥന്‍ 33 വര്‍ഷം അരിമുള എയുപി സ്‌കൂള്‍ അധ്യാപകനായിരുന്നു.പ്രധാനാധ്യാപകനായിരിക്കെയാണ് വിരമിച്ചത്.20 വര്‍ഷം പൂതാടി പഞ്ചായത്ത് ഭരണസമിതിയംഗമായിരുന്ന ഇദ്ദേഹം ഏഴു വര്‍ഷം പ്രസിഡന്റും അഞ്ചുവര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു.ടീ ബോര്‍ഡ് മെംബര്‍,സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍,സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ പൂതാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ചെറുകിട കാപ്പി കര്‍ഷക സംഘം അധ്യക്ഷനുമാണ്.
കേരള അതിര്‍ത്തി ഗ്രാമമായ താളൂരിലെ വരിക്കിഴങ്ങില്‍ കുടുംബാംഗമാണ് 50കാരനായ സുരേഷ് താളൂര്‍.ഭാര്യ ലീനയും അജയ്,വൈഗ ലക്ഷ്മി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.സിപിഎമ്മിന്റെ വിദ്യാര്‍ഥി,യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തു സജീവമായത്.നിലവില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ്.ജില്ലയില്‍ നിരവധി കര്‍ഷകത്തൊഴിലാളി സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.
തോമാട്ടുചാല്‍ കിളയില്‍ കുടുംബാംഗമാണ് 48കാരനായ കെ. വേണു.ഭാര്യ സുനിതയും അഭിജിത്ത് കൃഷ്ണ,അദ്വൈത്കൃഷ്ണ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്പലവയല്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ മത്സരിച്ചിട്ടുണ്ട്.ആണ്ടൂര്‍ ശ്മശാന സംരക്ഷണ സമിതി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്.



Leave a Reply