മൂഞ്ഞ ശല്യം: അനാവശ്യ കീടനാശിനി പ്രയോഗത്തിൽ നിന്ന് കർഷകർ പിൻമാറണം: ശാസ്ത്രജ്ഞർ
കുട്ടനാട്ടില്‍ വിതച്ച് 60 ദിവസത്തിന് മേല്‍ പ്രായമായ ചില കൃഷിയിടങ്ങളില്‍ മൂഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. മിത്രപ്രാണികളെ ഉള്‍പ്പെടെ നശിപ്പിക്കുന്ന വിശാല പ്രവര്‍ത്തന പരിധിയുളള കീടനാശിനികള്‍ ശുപാര്‍ശ പ്രകാരമല്ലാതെ മുന്‍കൂറായി പ്രയോഗിച്ച കൃഷിയിടങ്ങളിലാണ് ഇപ്പോള്‍ മൂഞ്ഞയുടെ സാന്നിദ്ധ്യം കണ്ടിട്ടുളളത്. നിലവിലെ കാലാവസ്ഥാ ഈ കീടത്തിന്‍റെ വംശവര്‍ദ്ധനവിന് അനുകൂലമാണ്. അതിനാല്‍ കര്‍ഷകര്‍ കൃഷിയിടങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും മൂഞ്ഞയുടെ സാന്നിദ്ധ്യം കാണുന്ന പക്ഷം, സാങ്കേതിക നിര്‍ദ്ദേശം സ്വീകരിച്ചു മാത്രം തുടര്‍നടപടികള്‍ കൈക്കൊളളുകയും വേണം. മൂഞ്ഞയ്ക്കെതിരെ നേരത്തെ ശുപാര്‍ശ ചെയ്തിരുന്ന ചില കീടനാശിനികള്‍ക്കെതിരേ ഈ കീടം പ്രതിരോധശേഷിയാര്‍ജ്ജിച്ചതായി കാണുന്നു. അതുപോലെ പുഴുവര്‍ഗ്ഗത്തില്‍പ്പെടുന്ന കീടങ്ങള്‍ക്കെതിരേ വിശാല പ്രവര്‍ത്തന പരിധിയുളള കീടനാശിനികള്‍ പ്രയോഗിക്കുന്നത് മിത്രപ്രാണികളുടെ നാശത്തിനും തുടര്‍ന്നുളള മൂഞ്ഞബാധയ്ക്കും ഇടയാക്കും. അതിനാല്‍ അനാവശ്യമായ കീടനാശിനി പ്രയോഗത്തില്‍ നിന്നു കര്‍ഷകര്‍ പിന്മാറണമെന്നും, മൂഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നപക്ഷം സാങ്കേതിക ഉപദേശം സ്വീകരിച്ചു മാത്രം തുടര്‍നടപടികള്‍ കൈക്കൊളളണമെന്നും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.



Leave a Reply