പരീക്ഷത്ത് ഉറക്കത്തിലാണോ? പരിഷത്ത് ജില്ല സെക്രട്ടറി എം കെ ദേവസ്യയുമായി ജിത്തു തമ്പുരാൻ്റെ അഭിമുഖം


Ad

ജിത്തു തമ്പുരാൻ

“എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ എല്ലാം നിങ്ങൾ പഠിക്കേണം .തയ്യാറാകണം ഇപ്പോൾ തന്നെ ആജ്ഞാ ശക്തിയായി മാറീടാൻ ” എന്ന മുദ്രാവാക്യവുമായി ഒരുകാലത്ത് കേരളത്തിൻറെ അടിസ്ഥാന സൗകര്യങ്ങൾ ,വിദ്യാഭ്യാസം ,വികസന മുരടിപ്പ് , എല്ലാമെല്ലാം തെരുവുകളിൽ ചർച്ച ചെയ്തിരുന്ന ഒരു സംഘടനയായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് . ജനങ്ങൾ ഈ സംഘടനയെ വലിയ മതിപ്പോടെയാണ് കണ്ടിരുന്നത് പക്ഷേ, ഈയിടെ ആയി പരിഷത്തിന്റെ ഒരു വിവരവും അറിയുന്നില്ല. എന്താണ് ഇവിടെ സംഭവിച്ചത് ?

പരിഷത്തിന് എന്തുപറ്റി എന്ന അന്വേഷണമാണ് ഈ അഭിമുഖത്തിലേക്ക് ഞങ്ങളുടെ ലേഖകനെ എത്തിച്ചത് . *കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറിയായ ശ്രീ *എം കെ ദേവസ്യ* ന്യൂസ് വയനാടിനോട് ഹൃദയം തുറന്നു സംസാരിക്കുന്നു . നഷ്ടപ്പെടുത്തരുത് , ഇതൊരു അപൂർവ്വ അഭിമുഖമാണ് .

Q : ആരും ഒന്നും അറിയുന്നില്ല എന്ന പല്ലവി യിൽ തുടങ്ങട്ടെ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയിൽ ആരൊക്കെയുണ്ട് ? സംസ്ഥാന കമ്മിറ്റിയുടെ ഡീറ്റെയിൽ എന്താണ് ?

Ans : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡൻറ് എറണാകുളം ജില്ലക്കാരനായ എ പി മുരളീധരനും സെക്രട്ടറി കോഴിക്കോട് ജില്ലക്കാരനായ കെ രാധൻ മാസ്റ്ററും ട്രഷറർ തൃശ്ശൂർ ജില്ലക്കാരനായ സന്തോഷും ആണ് . വയനാട്ടിൽ നിന്ന് സംസ്ഥാന കമ്മിറ്റിയിൽ എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിലെ സയന്റിസ്റ്റായ സുമ വിഷ്ണുദാസ് സംസ്ഥാന പരിസ്ഥിതി കൺവീനറായും ബത്തേരിയിൽ ഉള്ള ബാലഗോപാലൻ മാസ്റ്റർ വികസന കാര്യ കമ്മിറ്റി ചെയർമാനും ആണ് . വയനാട് ജില്ലാ സെക്രട്ടറി എം കെ ദേവസ്യയും , ജില്ലാ പ്രസിഡൻറ് ബി ആർ മധുസൂദനനും ആണ്

Q : നിലവിൽ നിങ്ങൾ പ്രവർത്തിക്കുന്നത് എൻജിഒ ആയിട്ടാണോ അതോ സ്വതന്ത്ര രാഷ്ട്രീയ നിലപാടുള്ള സംഘടന ആയിട്ടാണോ ?

Ans : കക്ഷിരാഷ്ട്രീയം ഒരു വിഷയമായി സ്വീകരിച്ചിട്ടില്ല . ശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കുക , അതിലൂടെ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഉദ്ദേശം. 1962 ൽ കോഴിക്കോടു വെച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം എടുക്കുന്നത് അന്നുവരെ ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിച്ച ശാസ്ത്ര പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് സാധാരണക്കാരിൽ എത്തിക്കുന്നതിനാണ്. 1973 ആകുമ്പോഴേക്കും ജനങ്ങൾ അവരുടെ ദൈനംദിന പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു സംഘടനയായി ശാസ്ത്ര സാഹിത്യ പരിഷത്തിനനെ അംഗീകരിച്ചു കഴിഞ്ഞിരുന്നു. അന്നത്തെ പരിഷത്തിന്റെ പഠനങ്ങളിൽനിന്ന് എത്തിച്ചേർന്ന നിഗമനം ആരോഗ്യമാണ് ഏറ്റവും അത്യാവശ്യമായത് എന്നായിരുന്നു.
അക്കാലത്ത് ഇന്ത്യ ഗവണ്മെൻറ് നിർദ്ദേശിച്ച സാനിറ്ററി ടോയ്‌ലറ്റ് കേരളത്തിൽ ഉണ്ടാക്കുക എന്നത് ആയിരുന്നു ഒരു വലിയ പ്രശ്നം.

Q : ശൗചാലയം എന്ന കോൺസെപ്റ്റ് തന്നെയല്ലേ ഇത് ?

Ans : തീർച്ചയായും , ശൗചാലയം ആണ് കേരളത്തിൽ അത്യാവശ്യം എന്ന് അന്ന് കണ്ടെത്തിയത് പരിഷത്തായിരുന്നു. കലാജാഥകളിലെല്ലാം ഞങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു : മണിമാളികകൾ അല്ല ഇവിടെ വേണ്ടത് ഓരോ വീട്ടിലും ശൗചാലയങ്ങൾ ആണ് . നാടകങ്ങളിലൂടെയും പാട്ടുകളിലൂടെയും ഞങ്ങൾ ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോൾ ജനങ്ങൾ അത് ഏറ്റെടുത്തു . മാറിമാറിവന്ന ഗവൺമെൻറുകൾ ഇക്കാര്യം ഏറ്റെടുത്തു . സ്വച്ച് ഭാരത് നിലവിൽ വരുന്നതിന് എത്രയോ മുമ്പേ തന്നെ കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞല്ലോ ? ഇന്ന് കക്കൂസുകൾ ഇല്ലാത്ത വീടുകൾ കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം.

രണ്ടാമത്തെ പ്രശ്നം വിദ്യാഭ്യാസം ആയിരുന്നു . എല്ലാവർക്കും എഴുതാനും വായിക്കാനും കഴിയുക എന്ന ലക്ഷ്യത്തിൽ സാക്ഷരതായജ്ഞം പരിഷത്ത് കൊണ്ടുവന്നു . 98 ശതമാനം നിരക്ഷരതാ നിർമാർജനം കേരളത്തിൽ സാധ്യമായത് പരിഷത്തിന്റെ പ്രവർത്തനം കൊണ്ടുതന്നെയാണ് . ഇപ്പോഴും ഇത് തുടരുന്നുണ്ട്. അതിനുശേഷമാണ് കേരളത്തിലെ ഇന്നത്തെ ജനകീയാസൂത്രണം എന്ന പദ്ധതി പരിഷത്ത് അവതരിപ്പിച്ചത്. കല്യാശ്ശേരി മോഡൽ മുതലായ വികസന പദ്ധതികൾ കേരളത്തിന് ചേർന്നതാണ് എന്ന് ഗവൺമെൻറി നെ ബോധ്യപ്പെടുത്താൻ പരിഷത്തിനു സാധിച്ചു. ജനകീയാസൂത്രണം നടപ്പിൽ വരുത്തിയിട്ട് 25 വർഷം പൂർത്തിയാകുന്നു . ഇനിയും ഇവിടെ ഒട്ടേറെ ചെയ്യാനുണ്ട്.

Q : പരിഷത്തിനെ ഇപ്പോൾ കാണുന്നില്ലല്ലോ എന്ന് ചോദിച്ചാൽ ദേഷ്യപ്പെടുമോ ?

Ans : അന്നത്തെ പോലെ തന്നെ ശക്തമായി ഇന്നും പരിഷത്ത് പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ ആയിട്ടാണ് കൂടുതലും കാര്യങ്ങൾ നീക്കുന്നത്. ഇന്നും ഞാൻ ജില്ലാപഞ്ചായത്തിൽ പോയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ പുതിയ പദ്ധതിയുടെ ചെയർമാൻ ആക്കുന്നതിനു വേണ്ടിയാണത്. ഇതല്ലേ ജനകീയത ? .

Q : പഴയ ഖാദി ജൂബയും ബോട്ടവും ഒക്കെ ധരിച്ച് നടത്തിയ പരിഷത്ത് കലാജാഥകൾ ഇപ്പോഴും തുടരുന്നുണ്ടോ ?

Ans : കോവിഡിന് തൊട്ടുമുമ്പുവരെ കലാജാഥകൾ നടന്നിരുന്നു. ഏറ്റവും അവസാനം നടത്തിയ കലാജാഥയുടെ വിഷയം പൗരത്വബിൽ ആയിരുന്നു. ഇത്തവണ ആകർഷകവും ജനകീയവുമായ രീതിയിൽ ക്ലാസുകൾ നടത്തി അതിനൊപ്പം അൽപ്പം ഡിജിറ്റൽ സ്കിറ്റുകളും നാടകങ്ങളും ഉൾപ്പെടുത്തും. മ്യൂസിക് ബാൻഡുകൾ വീഡിയോകൾ എന്നിവയെല്ലാം ഇതിനൊപ്പം ഉണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബെയ്സ് ആക്കി വായനശാലകൾ, സാംസ്കാരിക നിലയങ്ങൾ, എന്നിവിടങ്ങളിലെല്ലാം ഈ ക്ലാസുകൾ എത്തിക്കും.

Q : ഇത്തവണത്തെ പ്രധാന വിഷയം എന്താണ് ?

Ans : കർഷക സമരവും ഭക്ഷ്യസുരക്ഷയും ആണ് ഇത്തവണത്തെ പ്രധാന വിഷയം. കർഷക ബില്ല് കേന്ദ്രം നടപ്പിലാക്കിയാൽ നമ്മുടെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ എവിടെയെത്തും എന്ന് ജനങ്ങളോട് സംവദിക്കും. കൂടാതെ കേരളത്തിലെ കാലാവസ്ഥ കൃഷി എന്നിവയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഒരു പഞ്ചായത്തിൽ കുറഞ്ഞത് ഇത്തരം 20 ക്ലാസുകൾ എങ്കിലും നടത്തും.

Q : പരിഷത്ത് ഇപ്പോഴും ഉണ്ടോ എന്ന് ആരെങ്കിലും താങ്കളുടെ മുഖത്തുനോക്കി ചോദിക്കാറുണ്ടോ ?

Ans : ആശയ പ്രചാരണത്തിനായി പഴയതുപോലെ ചുമരുകളിൽ പോസ്റ്റർ ഒട്ടിക്കുന്നത് ചെലവ് കൂടിയതും പലയിടത്തും നിയമവിരുദ്ധവും ആയതിനാൽ സോഷ്യൽ മീഡിയകളെ അവളെ പരിഷത്ത് ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട് . ഗ്രൂപ്പുകൾ രൂപീകരിച്ച് കൃത്യമായ ബോധവൽക്കരണം നടത്തുന്നുണ്ട് . പരിഷത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച ആർക്കും കോവിഡ് വന്നതായി സ്ഥിരീകരിച്ചിട്ടില്ല എന്ന അഭിമാനവുമുണ്ട്.എല്ലാ രാഷ്ട്രീയങ്ങളിലും ഉള്ളവർ ഇതിലുണ്ട്. തീവ്രമായ ജാതി മത രാഷ്ട്രീയ ചിന്തകൾ പേറുന്നവർ മാത്രമേ പരീക്ഷണത്തിനെ അവഗണിക്കുന്നുള്ളൂ. മുഴുവൻ ആളുകളും പരിഷത്തിലേക്ക് വരാത്തത് ഇത് എന്തോ ഒരു ശാസ്ത്ര ബുദ്ധിജീവി സാധനമാണ് എന്ന തെറ്റിദ്ധാരണ കൊണ്ടാണ് .

Q : വ്യക്തതക്കുറവുണ്ടല്ലോ ഒന്ന് വിശദീകരിക്കാമോ ?.

Ans : പരിഷത്തിന്റെ പുസ്തകങ്ങളും ആർട്ടിക്കിളുകളും എല്ലാം ഏറ്റവും ലാളിത്യത്തോടെ ആണ് തയ്യാറാക്കുന്നത്. പരിഷത്ത് പ്രവർത്തകരുടെ സംസാരവും പ്രവർത്തനവും ജീവിതവുമെല്ലാം വളരെ ലളിതമാണ്. ഏറ്റവും അക്കാദമിക് വിദ്യാഭ്യാസം കുറഞ്ഞ ആൾക്ക് മനസ്സിലാകുന്ന രീതിയിലാണ് പരിഷത്തിന്റെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് .

Q : നടൻ മമ്മൂട്ടി തന്നെ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആഗോളീകരണവും ഔദാര്യ വൽക്കരണവും ആദ്യകാലത്ത് ഒരു കുലവധു പോലെ മനോഹരിയായും പിന്നീട് കുലദ്രോഹിയായ മൂശേട്ടയായും തോന്നുമെന്ന് . പരിഷത്തിന്റെ വളരെ ചെലവു കുറഞ്ഞ അന്നത്തെ ചൂടാറാപ്പെട്ടി ഇപ്പോൾ ഹോട്ട് മാജിക് പോട്ട് എന്ന പേരിൽ ആയിരക്കണക്കിന് രൂപക്ക് മാർക്കറ്റിൽ ലഭ്യമാണല്ലോ ?

Ans : പാലക്കാട് മുണ്ടൂർ ഉള്ള ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ (IRTC) യിൽ വെച്ചാണ് ഇത്തരം വസ്തുക്കൾ നിർമ്മിച്ചത് . സാധാരണക്കാരന് ഏറ്റവും കുറഞ്ഞ രീതിയിൽ ഇതൊക്കെ പ്രാപ്യമാക്കുക എന്ന ഉദ്ദേശമാണ് പരിഷത്തിന് ഉള്ളത്.

Q : പരിഷത്തിന്റെ പുകയില്ലാത്ത സൗജന്യ അടുപ്പ് ഇന്ന് ആലുവ അടുപ്പ് എന്ന പേരിൽ 15000 രൂപയ്ക്ക് മുകളിൽ മാർക്കറ്റിൽ കിട്ടുന്നുണ്ടല്ലോ ? പരിഷത്ത് എന്തുകൊണ്ട് ഇതിന്റെയൊന്നും പാറ്റന്റ് എടുത്തില്ല ?

Ans : ആർക്കും എങ്ങനെ വേണമെങ്കിലും സൗജന്യ രീതിയിൽ ഉപയോഗിക്കാം എന്നതാണ് പരിഷത്തിൻറെ ഓരോ നിർമ്മാണത്തിനന്റെയും പ്രത്യേകത . ഉമി , പുറ്റുമണ്ണ്, സാധാരണ മണ്ണ് കുഴൽ ഇവ ചേർത്ത് ശാസ്ത്രീയം ആയിട്ടാണ് പരിഷത്ത് ചെലവുകുറഞ്ഞ അടുപ്പ് നിർമ്മിച്ചത് . അതേ അടുപ്പുതന്നെ ടൈൽ സിമൻറ് സ്റ്റീൽ കുഴൽ എന്നിവചേർത്ത് സൗന്ദര്യവൽക്കരണം നടത്തി വലിയ വിലക്ക് മുതലാളിത്തം മാർക്കറ്റിൽ വിൽക്കുന്നു. പരിഷത്തിന് ഇതിൽ പരാതികൾ ഇല്ല . ഒരു വസ്തുവിനും പാറ്റന്റ് സ്വന്തമാക്കാൻ ശ്രമിച്ചിട്ടുമില്ല . ചൂടാറാപ്പെട്ടി പരിഷത്ത് കണ്ടുപിടിച്ചത് മുണ്ടൂരിലെ സെൻററിൽ വച്ച് ഒരുപാട് നാളത്തെ പരീക്ഷണങ്ങൾക്ക് ശേഷം ആണ് . ഇന്ന് അതിൻറെ വില 350 രൂപ മാത്രമാണ്. പക്ഷേ , മാർക്കറ്റിൽ 3500 രൂപ വരെ വിലയുള്ള ചൂടാറാപ്പെട്ടികളും ലഭ്യമാണ്. ഏറ്റവും ശുദ്ധമായ മെറ്റീരിയലുകൾ ഉപയോഗിച്ച് സോപ്പ് സാനിറ്ററി വസ്തുക്കളെല്ലാം പരിഷത്ത് ഇപ്പോഴും തയ്യാറാക്കുന്നുണ്ട് . ഇപ്പോൾ ഇത് എല്ലായിടത്തും എല്ലാവർക്കും എത്തിച്ചു കൊടുക്കാൻ കഴിയാത്ത ഒരു ബുദ്ധിമുട്ട് ഉണ്ട് എന്ന് മാത്രമേ ഉള്ളൂ.

Q : ഓരോ ജില്ലയിലും ഇത്തരം ഡെവലപ്മെന്റ് സെൻററുകൾ വരാൻ സാധ്യതയുണ്ടോ ?

Ans : ആഗ്രഹമുണ്ട്. അതിനുള്ള ഭൂമിയും സാഹചര്യങ്ങളും ഓരോ ജില്ലയിലും ഒത്തു വരണം . കൂടാതെ കോഴി വളർത്തൽ , ചെറുകിട രീതിയിൽ ന്യൂട്രീഷൻ ഫുഡുകളുടെ നിർമ്മാണം, അതിനാവശ്യമായ ധാന്യങ്ങളുടെ കൃഷിരീതികൾ പഠിപ്പിക്കുക, ഭൂമിയില്ലാതെ കൃഷി ചെയ്യാനുള്ള സംവിധാനങ്ങൾ പഠിപ്പിക്കുക തുടങ്ങിയവയെല്ലാം അജണ്ടയിലുണ്ട്.വയനാട്ടിൽ ഇതുപോലെ ഒരു സെൻറർ ഉടനെ നിലവിൽ എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

Q : കിണർ റീചാർജ് പരിപാടി ആദ്യമായി നിലവിൽ കൊണ്ടുവന്നത് പരിഷത്ത് തന്നെയല്ലേ ?

Ans :തീർച്ചയായും. 1000 സ്ക്വയർ ഫീറ്റ് വരുന്ന ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് ഒരു മഴക്കാലത്ത് പെയ്തൊഴുകി വരുന്ന വെള്ളം ആ കെട്ടിടത്തിന് അടുത്തുള്ള കിണറ്റിലേക്ക് തിരിച്ചുവിട്ടാൽ അടുത്ത വീട്ടിലെ കിണറ്റിൽ പോലും ഇതിൻറെ പോസിറ്റീവ് വശം കാണാൻ സാധിക്കുമെന്ന് പരിഷത്ത് പരീക്ഷിച്ച് അറിഞ്ഞിട്ടുണ്ട് . എറണാകുളം തുരുത്തിക്കരയിൽ ഞങ്ങളുടെ ഒരു പ്രവർത്തകൻ ഐ ആർ ടി സിയുടെ ഒരു സബ് സെൻറർ ഗ്രാമപഞ്ചായത്തും ആയി ലിങ്ക് ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്. അവിടെ കിണർ റീചാർജ് 100% വിജയം ആയിരുന്നു .
വയനാട് ഇടുക്കി ജില്ലകൾ ആണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ഏറ്റവും കുറച്ച് അംഗസംഖ്യ ഉള്ളത്

Q : ചാത്തനും ഒടിയനും ഒറ്റ മുലച്ചിയും തസ്കരൻ മാരുടെ സൂത്രം , കാളിയും കൂളിയും ഭീരുക്കൾ സൃഷ്ടിച്ച ഭാവനാ ചിത്രങ്ങൾ മാത്രം എന്ന് ഉറക്കെപ്പാടിയ പരിഷത്ത് ഇപ്പോൾ ഏതു മത വിഭാഗങ്ങളോടും സമരസപ്പെടുന്ന മൃദുസമീപനം സ്വീകരിക്കുന്നതായി കാണപ്പെടുന്നുണ്ടല്ലോ ?

Ans : വിശ്വാസ രാഹിത്യം ഉണ്ടാക്കിയെടുക്കുക എന്ന അജണ്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതുവരെ വെച്ചിട്ടില്ല . കേരളത്തിലെ സാഹചര്യം അനുസരിച്ച് സമ്പൂർണ്ണ നിരീശ്വരവാദം നടപ്പിൽ ആവുമെന്ന് തോന്നുന്നില്ല . വിശ്വാസ രാഹിത്യത്തിൻറെ കടുംപിടുത്തം പരിഷത്തിൽ നിന്ന് ഉണ്ടാകുന്നില്ല , ഉണ്ടാകുകയുമില്ല , തേടി വരുന്നവർക്ക് നൂറുശതമാനം സപ്പോർട്ടും ജീവിതസാഹചര്യവും പരിഷത്ത് എന്തുവിലകൊടുത്തും അവരുടെ മതമോ രാഷ്ട്രീയമോ വിശ്വാസമോ നോക്കാതെ ചെയ്തു കൊടുത്തിട്ടുണ്ടാകും.

Q : നിലവിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും ആയി അന്തർധാര പുലർത്തുന്ന രാഷ്ട്രീയ സംഘടനകൾ ഏതൊക്കെയാണ് ?

Ans : രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനം എല്ലാം സമ്പൂർണ്ണ ജന പക്ഷവും വിശ്വസനീയവും ആണ് എന്ന് പരിഷത്ത് ഒരിക്കലും വിലയിരുത്തിയിട്ടില്ല . ഇവിടെ മാറിമാറി ഭരിക്കുന്ന മുന്നണി സാഹചര്യമാണ് കാണപ്പെടുന്നത്. ഭരണത്തിൽ ആരായാലും ചെയ്തത് ജനവിരുദ്ധം ആണെങ്കിൽ അത് ശരിയല്ല എന്ന് മുഖത്തുനോക്കി പറയുന്ന ആദ്യത്തെ സംഘടന പരിഷത്ത് തന്നെയാണ് ഇനിയും അങ്ങനെ ആയിരിക്കും. ഇതൊരു സ്വതന്ത്ര സംഘടനയാണ്. ഏതു രാഷ്ട്രീയത്തിൽ ഉള്ളവർക്കും ഇതിൽ പ്രവർത്തിക്കാം. പക്ഷേ ആ രാഷ്ട്രീയത്തിന്റെ പ്രചരണ മീഡിയം ആക്കാൻ പരിഷത്തിനെ ഉപയോഗിക്കരുതെന്ന് മാത്രമേ ഉള്ളൂ.

Q : എങ്കിലും പൊതുജനങ്ങളുടെ സംസാരപ്രകാരം പരിഷത്തും മറ്റുചില കലാസാഹിത്യ സംഘടനകളും ചില രാഷ്ട്രീയ കക്ഷിയുടെ പ്രചരണത്തിനുവേണ്ടി ഉണ്ടാക്കിയതാണ് ഇങ്ങനെയൊരു ആരോപണം ഉണ്ടല്ലോ ?

Ans : സാധാരണക്കാരൻറെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യം ഉള്ളവരാണ് പരിഷത്തിൽ ഉണ്ടാവുക . പരിഷത്തിന്റെ തെരുവ് നാടകങ്ങളിൽ ഇടതുപക്ഷക്കാർ വരുന്നത് അവർ ഇതിൽ ആകൃഷ്ടരായ കലാകാരന്മാർ ആയതുകൊണ്ട് മാത്രമാണ്. ഞങ്ങൾ ഇതുവരെ കലാജാഥയിലേക്ക് ഡിവൈഎഫ്ഐ കാരൻ മാത്രമേ വരാവൂ എന്ന് അന്വേഷിച്ചിട്ടില്ല . കലാകാരന്മാർ വേണമെന്നാണ് അന്വേഷിച്ചത്. ഇവിടെ വരുന്നവരെല്ലാം നല്ല കലാകാരന്മാരാണ്. ഞങ്ങൾ അത്രയേ കാണുന്നുള്ളൂ.

Q : ഇ കെ നായനാർ മുഖ്യമന്ത്രിയായ കാലഘട്ടത്തിനുശേഷം കേരളത്തിൽ വന്നിട്ടുള്ള ഇടതുവലതു ഗവൺമെൻറുകൾ പരിഷത്തിനെ ഇന്ന് അധികം സപ്പോർട്ട് ചെയ്യുന്നതായി കാണുന്നില്ലല്ലോ ? . ഇപ്പോഴുള്ള വിജയൻ ഗവൺമെൻറ് വരെ അത്തരത്തിലുള്ള ഒരു നോൺ സപ്പോർട്ടിംഗ് നിലപാട് സ്വീകരിക്കുന്നു എന്നു പറഞ്ഞാൽ നിഷേധിക്കുമോ ?

Ans : ഇ കെ നായനാരെ പോലുള്ള വ്യക്തികൾ സജീവമായി പരിഷത്തിൽ ഇടപെട്ട് പ്രവർത്തിക്കുക തന്നെ ചെയ്തിരുന്നു. കാരണം അന്ന് കേരളത്തിന് അത് ആവശ്യമായിരുന്നു. ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു . പരിഷത്ത് അന്നത്തെതിനേക്കാൾ സ്വതന്ത്ര നിലപാടുകളിലേക്ക് എത്തിച്ചേർന്നു. സ്വയംപര്യാപ്ത രീതിയിൽ എത്തിച്ചേർന്നു. ഇത് മനസ്സിലാക്കിയത് കൊണ്ടാണെന്നു തോന്നുന്നു അധികം സ്വാധീനം ഗവൺമെൻറുകളിൽ നിന്ന് ഈയിടെ പരിഷത്തിന് വരുന്നില്ല . മറ്റു സംസ്ഥാനങ്ങളിൽ വരെ പരിഷത്തിന് സമാന സംഘടനകൾ രൂപപ്പെട്ടുവരുന്നു. ഇത് ഒരു അഖിലേന്ത്യ മൂവ്മെൻറ് ആയി മാറിക്കൊണ്ടിരിക്കുന്നു.അപ്പോഴും കേരളത്തിലെ സാംസ്കാരിക ഇടതുപക്ഷം ഞങ്ങളുടെ സഹോദരരാണ് എന്ന് പരിഷത്ത് വിശ്വസിക്കുന്നു . മറ്റുള്ള പക്ഷത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരും പരിഷത്തിന് പ്രിയ സഹോദരർ തന്നെയാണ്.

Q : കുടുംബശ്രീ പോലെയുള്ള സ്വയംസഹായ സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെ പരിഷത്ത് എങ്ങനെ നോക്കിക്കാണുന്നു ? .എന്തുകൊണ്ട് നിങ്ങളുടെ പ്രോഡക്ടുകൾ കുടുംബശ്രീയിലെ സഹോദരിമാരുടെ ശാക്തീകരണത്തിനായി ഉപയോഗിച്ചുകൂടാ ?

Q : ഇത്തവണ ഞങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്യുന്ന കാര്യങ്ങളിൽ വീട്ടുമുറ്റ ക്ലാസുകൾ ആരംഭിക്കുന്നു. ഈ ക്ലാസുകളിൽ കുടുംബശ്രീയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിഷത്തിന് ഉൽപ്പന്നങ്ങൾ ഞങ്ങൾ ഇക്കൂട്ടത്തിൽ അവരെ പരിചയപ്പെടുത്തും . അവർക്ക് ഇത് ഉപയോഗിക്കാം വിപണനം നടത്താം. ശക്തീകരണം ഓട്ടോമാറ്റിക്കലി അവിടെ സംഭവിക്കുമല്ലോ ?

Q : പൊതുജന സംശയം പോലെ ,ഇടതുപക്ഷത്തിനു വേണ്ടി വോട്ട് ചോദിക്കുക എന്ന അജണ്ട നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ?

Ans : ഒരിക്കലുമില്ല . ഓരോരോ പ്രവർത്തകരും അവരവർക്ക് ഇഷ്ടപ്പെട്ട കക്ഷിരാഷ്ട്രീയത്തിന് വോട്ട് ചെയ്യും . അലോസരങ്ങൾ ഇല്ലാത്ത രീതിയിൽ സമ്പൂർണ്ണ ജനാധിപത്യം നടന്നു കാണണം എന്നുമാത്രമാണ് പരിഷത്ത് വിഭാവനം ചെയ്യുന്നത് . ആർക്ക് വോട്ട് ചെയ്യണം എന്ന ചർച്ച ഇന്നേവരെ പരിഷത്തിന്റെ ഒരു കമ്മിറ്റിയിലും ഉണ്ടായിട്ടില്ല . അത്തരത്തിലുള്ള നിർദ്ദേശങ്ങൾ ഞങ്ങളുടെ അജണ്ടയിൽ ഒരിക്കലും വരികയുമില്ല.

Q : വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എൽകെജി പ്രായം മുതൽ
“മ “പ്രസിദ്ധീകരണങ്ങൾ സ്വാധീനം ചെലുത്തുകയും കൊമേഷ്യൽ പൈങ്കിളി സംസ്കാരത്തിലേക്ക് കുട്ടികൾ എത്തിപ്പെടുകയും ചെയ്യുന്നു . പരിഷത്ത് ഇതിനെ തിരുത്താൻ ശ്രമിക്കുന്നുണ്ടോ ?

Q : യുറീക്ക ശാസ്ത്രകേരളം ശാസ്ത്രഗതി മുതലായ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ആദ്യം നിലവിലുള്ള സബ്സ്ക്രൈബേഴ്സുമായി മുന്നോട്ടുപോകുന്നു. അതിൽ കുറവ് സംഭവിച്ചിട്ടില്ല .ഇപ്പോൾ ഡിജിറ്റൽ വായനയുടെ കാലഘട്ടമാണ്. കോവിഡ് നമ്മെ ആ രീതിയിൽ എത്തിച്ചിരിക്കുന്നു . പണംകൊടുത്ത് പുസ്തകം വാങ്ങിക്കാതിരിക്കാൻ ഇതിൻറെ ഡിജിറ്റൽ കോപ്പി കണ്ടിട്ടുണ്ട് എന്ന് പലരും നുണ പറയുന്നു.

എങ്കിലും പറയട്ടെ . ഇക്കഴിഞ്ഞ കഴിഞ്ഞ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വിറ്റഴിച്ച റെക്കോർഡ് ശാസ്ത്രസാഹിത്യ പരിഷത്തിന് ഉള്ളതാണ്. ഞങ്ങളുടെ പുസ്തകങ്ങൾ വായിക്കാൻ കാത്തിരിക്കുന്ന ഒട്ടനവധിപേർ ഇപ്പോൾ കേരളത്തിൽ ഉണ്ട് . ഇറങ്ങുന്ന ഓരോ പുതിയ പുസ്തകങ്ങളും ചൂടപ്പംപോലെ വിറ്റുപോകുന്നു . ഇതിൽ പരിഷത്ത് വ്യത്യസ്തം തന്നെയാണ്. പൈങ്കിളിയുടെ പേജുകൾ ലുട്ടാപ്പികളുടെ മായിക ലോകത്തേക്ക് കുട്ടികളെ കൊണ്ടുപോകുമ്പോൾ യുറീക്ക ഇലയും വേരും പൂവും കായും തണ്ടും എന്താണെന്ന് കുട്ടികളെ ശാസ്ത്രീയമായി മനസ്സിലാക്കിക്കൊടുക്കുന്നു. കൗതുകത്തേക്കാൾ ഒരിക്കലും യാഥാർത്ഥ്യത്തിന് മാർക്കറ്റ് കിട്ടില്ലല്ലോ. യുറീക്കയൊക്കെ സബ്സ്ക്രൈബ് ചെയ്യാൻ മുതിർന്നവർ കുട്ടികളോട് പറയണം .

Q : സീരിയലുകളിൽ കുടുങ്ങിപ്പോയ വീട്ടമ്മമാരെ രക്ഷിച്ചെടുക്കുന്ന കാര്യം പരിഷത്ത് ആലോചിച്ചിട്ടുണ്ടോ ?

Ans : ഒറ്റപ്പെടൽ ഒഴിവാക്കാനാണ് വനിതകൾ കൂടുതൽ സീരിയലുകളിലേക്ക് മുങ്ങിത്താഴുന്നത്. സീരിയലുകളുടെ സ്ഥാനത്ത് സാമ്പത്തികം ഉണ്ടാകുന്ന കൈത്തൊഴിലുകൾ വനിതകൾ പരിശീലിക്കണം . സാമ്പത്തികഭദ്രത കൈവരിക്കണം. സുരക്ഷിതത്വബോധം ഉണ്ടെങ്കിൽ അവർ സീരിയലിൻറെ മായിക അക്രമ റൂട്ടിലേക്ക് പോകില്ല . പുരുഷമേധാവിത്തത്തിലൂടെയുള്ള അടിമത്തത്തിൽ നിന്നാണ് സ്ത്രീകൾക്ക് നിരാശ ഉണ്ടാക്കുന്നതും സീരിയലുകളിൽ ഒക്കെ മുങ്ങിത്താഴാൻ നോക്കുന്നതും. 50 % ജെൻഡർ ഇക്വാലിറ്റി വന്നുകഴിഞ്ഞാൽ പിന്നെ ഇത്തരം ഒറ്റപ്പെടലുകൾ ഒന്നും ഉണ്ടാകില്ല . സീരിയലുകൾ അതിൻറെ വഴിക്ക് പൊയ്ക്കോളും . വീട്ടമ്മമാർ തുല്യമായി കുടുംബത്തിലെ സാമ്പത്തിക ഭാരം വരെ വഹിക്കുന്ന അഭിമാനികളായ സ്ത്രീസമൂഹം ആയി മാറും. മാറണം മാറ്റണം മാറ്റിയെടുക്കണം .

Q : ഇടതുപക്ഷ ഗാന്ധിയൻമാർ എന്ന ഒരു വിശേഷണം പരിഷത്തിനെ കുറിച്ച് വന്നതായി കേൾക്കുന്നു . യോജിക്കുന്നുണ്ടോ ?

Ans : സാധാരണക്കാരെ ജീവിതത്തിൻറെ സുരക്ഷിത ശ്രേണിയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആർക്കൊപ്പവും ചേർന്നു നിൽക്കാൻ പരിഷത്ത് തയ്യാറാണ് . മറ്റുള്ളവർ സമദൂരം പറയുന്നു ഞങ്ങൾ അത് പ്രവർത്തിച്ചു കാണിക്കുന്നു. ഞങ്ങൾ പരിഷത്ത് പ്രവർത്തകരാണ് .

Q : സ്ത്രീധന നിലപാടുകളിൽ വർഷങ്ങളായി ശാസ്ത്ര സാഹിത്യ പരിഷത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടല്ലോ ? അത് എവിടെ വരെ എത്തി ?

Ans : പുരുഷന്മാർ ഇപ്പോൾ സ്ത്രീധനം വേണം എന്നു പറഞ്ഞ് അങ്ങോട്ടു ചെല്ലുന്നില്ല . പക്ഷേ മറ്റൊരു നിലപാട് കാണാൻ സാധിക്കുന്നു , വിവാഹപ്പന്തലിൽ കുറഞ്ഞ ആഭരണം ഇടുന്നു. അതിനുശേഷം കാര്യമായ അളവിലുള്ള ആഭരണങ്ങൾ വണ്ടിയിൽ ഒക്കെയായി പിറകെ കൊടുത്തു വിടുന്നു. എന്തായാലും പരിഷത്ത് പ്രവർത്തകർ ഈ പണിക്ക് പോകില്ല. പ്രവർത്തകരിൽ അങ്ങനെ പോകുന്നവർ പിന്നെ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവുകയില്ല.

Q : നിലവിലിരിക്കുന്ന ഗവൺമെൻറുകളുമായി നിങ്ങളുടെ ഇൻറാക്ഷൻസ് എങ്ങനെയാണ് ? വയനാട്ടിൽ വിമാനത്താവളം വേണമെന്ന് പരിഷത്ത് ആഗ്രഹിക്കുന്നുണ്ടോ ?

Ans : കേരളത്തിലെ ഗവൺമെന്റുകൾ ചെയ്ത പുരോഗമനപരമായ 70 ശതമാനത്തിലേറെ കാര്യങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും പരിഷത്തിന്റെ സ്വാധീനമുണ്ട് . വയനാട്ടിൽ വിമാനത്താവളങ്ങളുടെ ആവശ്യമില്ല. രണ്ടോ മൂന്നോ ഹെലി പാഡുകൾ മതിയാകും . ഉന്നത ചികിത്സ കിട്ടേണ്ട വയനാട്ടുകാരെ വിദഗ്ധ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ ഹെലികോപ്റ്ററുകൾ വേണം. അത് അത് സാധാരണക്കാരന് പ്രാപ്യമായ നിരക്കിലേക്ക് എത്തിക്കാൻ ഗവൺമെൻറ് തയ്യാറാകണം. പരിഷത്തിന് ഉള്ളത് ഒരു സുസ്ഥിര വികസന കാഴ്ചപ്പാട് ആണ് . സാധാരണക്കാരന്റെ ജീവിതമാണ് ഉന്നതിയിൽ എത്തിക്കേണ്ടത്. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടയിലേക്ക് പരിഷത്ത് ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞു.ലഭ്യമായ റിസോഴ്സുകൾ പൂർണ്ണമായും ഉപയോഗിക്കപ്പെടണം. അതിന് ഗവൺമെൻറ് പഞ്ചായത്തുകൾക്ക് ഫണ്ട് നൽകണം.

Q : പ്രതീക്ഷയുടെ സൂര്യൻ ഉദിച്ചു കഴിഞ്ഞു. ഉദിച്ചു നിൽക്കുന്നു. അസ്തമയം ജനങ്ങൾ തീരുമാനിക്കണം , അങ്ങനെയാണോ ?

Ans : ഒരിക്കലും അങ്ങനെയൊന്നും പറയാൻ പരിഷത്ത് ഒരിക്കലും തയ്യാറല്ല . കേരളത്തിലെ ജനങ്ങൾ എല്ലാം കണ്ണുതുറന്നു കാണുന്നുണ്ട്.അതിനനുസരിച്ച് അവർ അധ്വാനിച്ച് മുന്നേറും. നേട്ടം അവരുടേത് മാത്രമായിരിക്കും . എല്ലാം ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നു. കാരണം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *