August 4, 2026

കല്പറ്റയെ ഇളക്കി മറിച്ച് എൽ.ഡി.എഫ്. റോഡ് ഷോ

0
IMG-20210404-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റയെ ഇളക്കി മറിച്ച് എൽ.ഡി.എഫ്. റോഡ് ഷോ

കല്പറ്റ: പ്രചാരണത്തിന്റെ സമാപന ദിവസം എൽ.ഡി.എഫിന്റെ മെഗാ റോഡ് ഷോ കല്പറ്റയെ ആവേശത്തിരയിലാഴ്ത്തി. ആയിരക്കണക്കിന് പ്രവര്ത്തകര്ക്കൊപ്പം വിവിധ കലാ രൂപങ്ങളും അണിനിരന്ന റോഡ് ഷോ അക്ഷരാർഥത്തിൽ കാഴ്ചയുടെ വിരുന്നൊരുക്കി കല്പറ്റയെ ഇളക്കിമറിച്ചു.
 സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനൊപ്പം എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറും റോഡ്ഷോയ്ക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ചു. വാദ്യമേളങ്ങൾക്കൊപ്പം നൃത്തം ചെയ്തും മുദ്രാവാക്യം വിളിച്ചും മുന്നണിയിലെ പാർട്ടികളുടെ പതാകകളും ചിഹ്നം പതിച്ച തൂവെള്ളക്കൊടികളുമായി പ്രവർത്തകർ ഒരു മണിക്കൂറിലേറെ നേരം കല്പറ്റയെ ഇളക്കിമറിച്ചു.
 റോഡ് ഷോയ്ക്കായി എൽ.ഡി.എഫ്. പ്രവർത്തകരും കലാകാരന്മാരും രാവിലെ തന്നെ കല്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയിരുന്നു. റോഡ് ഷോ തുടങ്ങിയിട്ടും പ്രവർത്തകർ റോഡ് ഷോയിൽ അണിനിരക്കാനായി ഒഴുകിയെത്തിക്കൊണ്ടിരുന്നു. റോഡരികിൽ അഭിവാദ്യമർപ്പിക്കാനായി കാത്തുനിന്നവർക്ക് പൂക്കാവടികളും മാർഗംകളിയും തിരുവാതിരയും മയൂരനൃത്തവും ബൊമ്മയാട്ടവും ശിങ്കാരിമേളവും ബാൻഡുമേളവും ആവേശമായി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറോടിക്കുന്ന കർഷകരും റോഡ് ഷോയിൽ അണിനിരന്നു.
 സ്ഥാനാർഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കട്ടൗട്ടുകളും ചിഹ്നം പതിച്ച തൂവെള്ളക്കുടകളുമായി വനിതകളും അണിനിരന്നു. ഉറപ്പാണ് എൽ.ഡി.എഫ്., ഉറപ്പാണ് കല്പറ്റ മുദ്രാവാക്യം വിളിച്ച് നേതാക്കളും യുവനിരയും പിന്നാലെ ആർത്തിരമ്പി. ഇതിനിടയിൽ അലങ്കരിച്ച വാഹനത്തിൽ സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട്, കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, സി.കെ. ശശീന്ദ്രൻ എം.എൽ.എ., ജില്ലാസെക്രട്ടറി പി. ഗഗാറിൻ, എൽ.ജെ.ഡി. ജില്ലാപ്രസിഡന്റ് കെ.കെ. ഹംസ തുടങ്ങിയവരാണ് സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങിയ റോഡ് ഷോ കല്പറ്റ നഗരസഭാ ഓഫീസിന് സമീപമാണ് സമാപിച്ചത്. സമാപിച്ചിട്ടും വാദ്യമേളങ്ങള്ക്കൊപ്പം നൃത്തം ചവിട്ടിയ പ്രവർത്തകർ എം.വി. ശ്രേയാംസ് കുമാറിനെയും നൃത്തംചെയ്യാൻ ക്ഷണിച്ചു. പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയും ചേർന്നതോടെ ചുറ്റും ആർപ്പുവിളികളുയർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *