ക്രിസ്തുമസ് പുതുവത്സരം – എക്സൈസ് പരിശോധനയിൽ ബ്രൂണോയും , സുൽത്താനും
ബത്തേരി : ക്രിസ്തുമസ് പുതുവൽസര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ മദ്യ – മയക്കുമരുന്നുകളുടെ സൂക്ഷിപ്പും , വിൽപ്പനയും ഉപയോഗവും തടയുന്നതിന് കേരള കർണ്ണാടക അതിർത്തിയായ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലും, വൈത്തിരി , സു. ബത്തേരി താലൂക്കുകളിലെ വിവിധ പാർസൽ കൊറിയർ സർവ്വീസ് സ്ഥാപനങ്ങളുടെ ഗോഡൗണുകളിലും ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ വയനാട് ഐ.ബി യുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി. കൽപ്പറ്റ ഡീ ടീ ഡീ എസ് കൊറിയർ , വി ആർ എൽ, സു.ബത്തേരി ടൗണിലെ കെ ആർ എസ് പാർസൽഗോഡൗൺ , മറ്റ് കൊറിയർ സ്ഥാപനങ്ങൾ , പാർസൽ വാഹനങ്ങൾ തുടങ്ങിയവ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ന്യൂയിർ ആഘോഷങ്ങൾ കൊഴുപ്പിക്കുന്നതിനായി കർണ്ണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊറിയർ പാർസൽ ആയും , പച്ചക്കറി അടക്കമുള്ള ചരക്ക് വാഹനങ്ങളിലും കഞ്ചാവ്, എം ഡീ എം എ തു ടങ്ങിയ മാരക മയക്കുമരുന്നുകൾ ജില്ലയിലേക്ക് വരാനും സൂക്ഷിക്കാനും സാധ്യതയുള്ളതായി എക്സൈസ് ഇന്റെലിജെൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിൽ ഇനിയും പരിശോധന കൂടുതൽ ശക്തമാക്കാനാണ് എക്സൈസിന്റെ തീരുമാനം. പരിശോധനക്ക് വയനാട് എക്സൈസ് ഐ.ബി ഇൻസ്പെക്ടർ എം.കെ. സുനിൽ ,പരിശീലനം ലഭിച്ച വയനാട് പോലീസ് ഡോഗുകളായ ബ്രൂണോ , സുൽത്താൻ ,ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ ചാൾസ് , രഞ്ജിത്ത്, ജോർജ് നെറ്റാസ്, സു. ബത്തേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ശ്രീ.വി.ആർ ജനാർദ്ധനന്റെ നേതൃത്വത്തിലുള്ള റെയിഞ്ച് പാർട്ടി, കൽപ്പറ്റ റെയിഞ്ച് ഇ ഐ പി.ബാബുരാജും പാർട്ടിയും , മുത്തങ്ങ ചെക്ക്പോസ്റ്റ് പാർട്ടി,വയനാട് ഐ.ബി പാർട്ടി, എന്നിവർ പങ്കെടുത്തു.





Leave a Reply