November 8, 2026

മഠംകുന്ന് ആദിവാസി കോളനിയിലേക്ക് വൈദ്യുതിയെത്തിച്ച കൊടിയത്തൂരിലെ യുവാക്കള്‍ക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി

0
IMG_20220207_080255.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മുക്കം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതിവരുത്തി മുട്ടില്‍ മഠംകുന്ന് ആദിവാസി കോളനിയിലേക്ക് വൈദ്യുതിയെത്തിച്ച് മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച കൊടിയത്തൂരിലെ യുവാക്കള്‍ക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി. 
മഠംകുന്ന് കോളനിയുടെ ദുരിതജീവിതം പത്രവാര്‍ത്തയിലൂടെ അറിഞ്ഞയുടന്‍ കൊടിയത്തൂരിലെ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ കോളനി സന്ദര്‍ശിക്കുകയും ഏതാനും കുടിലുകള്‍ സൗജന്യമായി വയറിംഗ് പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു. കുടിലുകള്‍ പുറംപോക്കിലാണെന്നും രേഖകകളില്ലെന്നും തടസ്സവാദങ്ങളുന്നയിച്ച് അധികൃതര്‍ കണക്ഷന്‍ നല്‍കാതെ കാലതാമസമുണ്ടാക്കിയെങ്കിലും രേഖകളെല്ലാം ശരിയാക്കി നിരന്തര ഇടപെടലിലൂടെ എല്ലാ കടമ്പകളും പൂര്‍ത്തീകരിച്ച് മൂന്ന് പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ച് കണക്ഷന്‍ ലഭ്യമാക്കുകയായിരുന്നു.
ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരെയും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെയും ഘോഷയാത്രായാണ് കോളനി വാസികള്‍ സ്വീകരിച്ചാനയിച്ചത്. കൊടിയത്തൂര്‍ ടീം വെല്‍ഫെയറിനുള്ള ആദരം വൈസ് ക്യാപ്റ്റനും ഇലക്ട്രിക്കല്‍ എഞ്ചിനീയറുമായ കെ.സി യൂസുഫിന് വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ല പ്രസിഡന്റ് വി മുഹമ്മദ് ഷരീഫ് സമ്മാനിച്ചു. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡ്, പി.കെ അള്‍റഫ്, മുനീര്‍, യൂസുഫ് കമ്പളത്ത് എന്നിവരാണ് വയറിംഗ് ജോലികള്‍ നിര്‍വഹിച്ചത്. ജില്ല ജനറല്‍ സെക്രട്ടറി പി.എച്ച് ഫൈസല്‍, ട്രഷറര്‍ ഇബ്രാഹിം അമ്പലവയല്‍, കല്‍പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് മണി നാരായണന്‍, സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു. 22 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 33 കുടുംബങ്ങളാണ് പ്ലാസ്റ്റിക്ക് ഷെഡ്ഡുകളില്‍ ഇവിടെ താമസിക്കുന്നത്. ഭൂമിയുടെ കൈവശ രേഖ ഇതുവരെ നല്‍കിയിട്ടില്ല. ഓണ്‍ലൈന്‍ പഠനത്തിനുള്‍പ്പടെ മാര്‍ഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു ഇവര്‍. ശൗചാലയങ്ങളോ കുടിവെള്ള സംവിധാനമോ ഇല്ല. കാരപ്പുഴ ഡാമിലെ വെള്ളമാണ് കുടിക്കുന്നത്. പതിറ്റാണ്ടുകളായി ദുരിതത്തിലായ മഠംകുന്നുകാര്‍ പുതുവെളിച്ചമെത്തിയതോടെ പ്രതീക്ഷയുടെ നെറുകയിലാണ്.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *