September 19, 2026

വേനൽ ചൂട്; വന്യമൃഗങ്ങൾക്ക് സൗകര്യം ഒരുങ്ങുന്നു

0
IMG_20220209_093730.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽവന്യമൃഗങ്ങൾക്ക് സൗകര്യം ഒരുങ്ങുന്നു.
ചൂട് കനക്കുന്നതോടെ കര്‍ണ്ണാടകയിലേയും തമിഴ്‌നാട്ടിലെയും കാടുകളില്‍ നിന്നും വയനാട് വന്യജീവിസങ്കേതത്തിലേക്കെത്തുന്ന വന്യമൃഗങ്ങളുടെ കുടിയേറ്റത്തിന് സൗകര്യമൊരുക്കി കാത്തിരിക്കുകയാണ് വനപാലകര്‍.ഈ വേനലില്‍ ഡിസംബര്‍ 15 വരെ വന്യജീവി സങ്കേതത്തിലും അതിനോട് ചേര്‍ന്നുള്ള കടുവാ സങ്കേതങ്ങളിലും മികച്ച മഴ ലഭിച്ചതിനാല്‍ വന്യജീവികളുടെ വരവ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. എന്നാല്‍ ഫിബ്രുവരി പകുതിയോടെ വരവ് വര്‍ദ്ധിക്കുമെന്നാണ് കണക്ക്.എല്ലാ കാലാവസ്ഥയിലും വന്യമൃഗങ്ങള്‍ക്കുള്ള തീറ്റയും വെള്ളവും സുലഭമാണെന്നതിനാലാണ് ചൂടികാലത്ത് വയനാട്ടിലേക്കെത്തുന്നത്.ഇതിന് പുറമെ വേനല്‍കാലത്ത് മറ്റ്വിധസൗകര്യങ്ങളും വനം വകുപ്പ് പ്രത്യകമായി ഒരുക്കാറുണ്ട്.മൃഗങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനായി 26 പുതിയ ബ്രഷ്വുഡ് ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചു,നേരത്തെയുള്ള 168 ഡാമുകളിലെ 34 ചെക്ക് ഡാമുകള്‍ ഇതിനോടകം മണല്‍ നീക്കം ചെയ്ത് വെള്ള സംഭരണത്തിന് തയ്യാറാക്കി.
മൃഗങ്ങള്‍ക്ക് തീറ്റ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അടിപ്പുല്ല്  വളര്‍ത്തുന്നതിനായി ഏകദേശം 289 ഹെക്ടര്‍ പരുക്കന്‍ പുല്‍മേടുകള്‍ വെട്ടിമാറ്റുകയും 83 ഹെക്ടര്‍ വനഭൂമിയില്‍ കളകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.വരണ്ട സീസണിലും ഭക്ഷണം  ഉറപ്പാക്കാന്‍ വയലുകളും ജലാശയങ്ങളും ഒരുക്കാനും വന്യജീവി സങ്കേതം അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. വേനലെത്തുന്നതോടെ കാട്ടുതീ പ്രതിരോധത്തിനും സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.സംസ്ഥാന അതിര്‍ത്തിയിലെ 27 കിലോമീറ്റര്‍ ഉള്‍പ്പെടെ 195 കിലോമീറ്ററില്‍ 10 മീറ്റര്‍ വീതിയില്‍ ഫയര്‍ ബ്രേക്കറുകളും സ്ഥാപിച്ചിട്ടുണ്ട്.130 താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍മാര്‍ ഉള്‍പ്പെടെ 160 മുന്‍നിര ഫോറസ്റ്റ് ജീവനക്കാരെ അവശ്യ ഉപകരണങ്ങളും വയര്‍ലെസ് സെറ്റുകളും ഉപയോഗിച്ച് സംരക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.
വനാതിരുകളില്‍ താമസിക്കുന്നവരെ ബോധവല്‍ക്കരിക്കാന്‍  നാല് ബോധവല്‍ക്കരണ സെഷനുകള്‍ നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമാനമായ 20 സെഷനുകള്‍ കൂടി സംഘടിപ്പിക്കാന്‍  പദ്ധതിയിടുന്നതായി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജോസ് മാത്യു പറഞ്ഞു.
24 സ്ഥിരം വേട്ട വിരുദ്ധ ക്യാമ്പുകള്‍ക്കും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ അഞ്ച് വാച്ച് ടവറുകള്‍ക്കും പുറമെ, വന്യജീവി സങ്കേതത്തിലെ നാല് ഫോറസ്റ്റ് റേഞ്ചുകളിലായി 15 പുതിയ ട്രീടോപ്പ് താത്കാലിക വാച്ച് ടവറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. 0493-6223500, 8547603486 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *