വയനാട്ടിൽ കർഷക കടാശ്വാസത്തിന് അടിയന്തര സർക്കാർ ഇടപെടൽ വേണം : എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: വയനാട്ടിൽ കർഷക കടാശ്വാസത്തിന് സർക്കാർ ഇടപെടൽ വേണമെന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ആവശ്യപ്പെട്ടു. കേരള കർഷക കടാശ്വാസ കമ്മീഷൻ നിർത്തിവെച്ച സിറ്റിംഗ് പുനരാരംഭിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കാർഷിക വിളകൾ ഉദ്പ്പാദിപ്പിച്ച് അതുകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന വയനാട്ടിലെ കർഷകർ ഇന്ന് ആത്മഹത്യ മുനമ്പിലാണ്.
വയനാട്ടിലെ വിവിധ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം കടം എടുത്ത് കൃഷി ചെയ്ത കൃഷിക്കാർക്ക് കഴിഞ്ഞ പത്ത് വർഷമായി ഉൽപ്പന്നങ്ങളുടെ വില തകർച്ചയും ഒരിക്കലും ഉണ്ടാകാത്ത രോഗങ്ങൾ വന്ന് വിളകൾ നശിച്ച് പോകുന്നതും ഇതിലെല്ലാം ഉപരിയായി വന്യമൃഗശല്യവും കാരണം ജീവിതം പൊറുതിമുട്ടിയിരിക്കയാണ്.
വന്യമൃഗ ആക്രമണങ്ങളിൽ
വയനാട്ടിലെ കൃഷിയിടങ്ങളിൽ മാത്രം കഴിഞ്ഞ് ഒരു പതിറ്റാണ്ടിനിടെ മുപ്പതോളം കർഷകർ മരണപ്പെട്ടിട്ടുണ്ട്. മതിയായ നഷ്ട പരിഹാരം ലഭിക്കുന്നില്ല. 2014 ൽ സർക്കാർ തയ്യാറാക്കിയ വിളനാശത്തിനുള്ള നഷ്ടപരിഹാര പാക്കേജ് ഇന്നത്തെ സാഹചര്യത്തിൽ തീർത്തും അപര്യപ്തമാണ്. ഉൽപ്പാദന ചിലവ് പോലും ലഭിക്കാതെ കൃഷിക്കാർ എന്തു ചെയ്യണെുന്നറിയാതെ അന്തം വിട്ട് നിൽക്കുന്ന അവസ്ഥയാണ്. കേന്ദ്രം യു.പി.എ. ഭരിച്ചപ്പോഴും സംസ്ഥാനം യു.ഡി.എഫ് ഭരിച്ചപ്പോഴും വില തകർച്ചയിൽ നിന്ന് കർഷകരെ
രക്ഷിക്കാൻ വിപണി ഇടപെടൽ നടത്തി കൃഷിക്കാർക്ക് ലാഭകരമാവുന്ന വിധത്തിൽ അധിക വില നൽകി സംഭരിച്ചു. ഇഞ്ചി, കാപ്പി ,തടാക്കിയ വിളകൾക്ക് പ്രതിസന്ധി ഘട്ടത്തിൽ അധിക വില നൽകി കൃഷിക്കാരെ സഹായിച്ചിട്ടുണ്ട്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാരും കേരളത്തിലെ പിണറായി സർക്കാരും വയനാട്ടിലെ കർഷകരെ ശത്രുതാ മനോഭാവത്തോടെ നോക്കി കാണുന്നു.
നിരവധി വാഗ്ദാനങ്ങൾ വാരിക്കോരി കർഷകർക്ക് നൽകിയെങ്കിലും കർഷകർക്ക് സാമ്പത്തിക നേട്ടം ലഭിച്ചില്ല. ഇഞ്ചി, വാഴ എന്നിവ കൃഷി ചെയ്ത് ജീവിക്കാൻ ആയിരകണക്കിന് കർഷകർ കർണാടകയിലേക്ക് കുടിയേറിയെങ്കിലും മുടക്കിയ തുക പോലും നഷ്ടമാവുകയാണ് ചെയ്തത്. സ്വന്തം വീടും ഭൂമിയും പണയപ്പെടുത്തി വായ്പയെടുത്തവർ ഇന്ന് വലിയ പ്രതിസന്ധിയിലാണ്.
വർഷങ്ങൾക്ക് മുമ്പേ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങിയ കർഷകർ കടവും പിഴപ്പലിശയും ഈടാക്കുന്നതിന് വേണ്ടി വയനാട്ടിൽ ആയിര കണക്കിന് കർഷകർക്ക് സർഫാസി ആക്ട് പ്രകാരം ജപ്തി ഭീഷണിയിലാണ്. കടങ്ങൾ അടച്ചു തീർക്കാൻ യാതൊരു വഴിയുമില്ല .പുൽപ്പള്ളി മുള്ളൻകൊല്ലി, പൂതാടി മേഖലകളിൽ കുരുമുളകായിരുന്നു പ്രധാന കൃഷി. ദ്രുതവാട്ടം വന്ന് ആ ഭാഗങ്ങൾ ഇന്ന് വിജനമായി തരിശു പോലെ കിടക്കുകയാണ്.
ഇതെല്ലാമായിട്ടും കൃഷിക്കാരൻ അവൻ്റെ അഭിമാനം നിലനിർത്തുന്നതിന് പെടാപ്പാട് പെടുകയാണ്. കടാശ്വാസ കമ്മീഷനിലൂടെ കൃഷിക്കാർക്ക് മതിയായ സാമ്പത്തിക ആനുകൂല്യം നൽകിയിരുന്നത് നിർത്തി. വർഷങ്ങളായി കടാശ്വാസ കമ്മീഷൻ്റെ പ്രവർത്തനം വയനാട്ടിലേക്ക് എത്തുന്നില്ല .കർഷക കടാശ്വാസ കമ്മീഷൻ്റെ പ്രവർത്തനം ദ്രുതഗതിയിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കടക്കെന്നിയിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് കൊണ്ടിരുക്കുന്ന കർഷകരെ സഹായിക്കാൻ സർക്കാർ കണ്ണ് തുറന്ന് പ്രവർത്തിക്കണം . പ്രധാന മന്ത്രിക്കും മുഖ്യ മന്ത്രിക്കും അൽപ്പമെങ്കിലും മനുഷ്യ സ്നേഹമുണ്ടങ്കിൽ ഇപ്പോഴാണ് വയനാട്ടിലെ കൃഷിക്കാരെ സഹായിക്കേണ്ടത്.
കടം വീട്ടാൻ കഴിയാതെ ആത്മ ഹത്യ ചെയ്യുന്ന കർഷകർ മരിച്ചതിന് ശേഷം അനുശോചനം ദു:ഖവും രേഖപ്പെടുത്തിയിട്ട് കാര്യമില്ല. വയനാട്ടിലെ വിദ്യാ സമ്പന്നരായ ചെറുപ്പക്കാർക്ക് ജോലി ലഭിക്കാൻ യാതൊരു നടപടിയുമില്ല. യുവജനങ്ങൾ ഉന്നത വിദ്യാഭ്യാസം നേടി ജോലി ലഭിച്ച് കുടുംബത്തെ സഹായിക്കാമെന്ന് കരുതിയിരുന്നവർ നിസംഗതയിൽ മുന്നോട്ടുപോവുകയാണ്. ഇതിന് പരിഹാരമായി കേന്ദ്ര- കേരള സർക്കാരുകൾ ഉണർന്ന് പ്രവർത്തിച്ച് കർഷകരെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ പറഞ്ഞു.






Leave a Reply