കർഷകരുടെ ഭൂമി ജപ്തി ചെയ്യാൻ അനുവദിക്കില്ല: കേരളാ കർഷക യൂണിയൻ (എം)
പുൽപ്പള്ളി: വയനാട് ജില്ലയിൽ ബാങ്കിൽ നിന്നെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ കർഷകരുടെ ഭൂമി ജപ്തി ചെയ്യാനുള്ള നടപടിയിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന് കേരളാ കർഷക യൂണിയൻ (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പതിനായിരക്കണക്കിന് കർഷകരാണ് ജപ്തി ഭീഷണിയിൽ നിൽക്കുന്നത്. കാർഷിക മേഖലയായ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ മാത്രം രണ്ടായിരത്തോളം കർഷകർക്കാണ് വിവിധ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. കോവി ഡിനൊപ്പം വരൾച്ചയും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കൃഷി നാശവും മൂലം കർഷിക വിളകൾ കരിഞ്ഞുണങ്ങി നശിച്ചത് മൂലം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.ഇതിനിടയിലാണ്ബാങ്ക് അധികൃതർ വീടുകളിലെത്തി പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജപ്തി നടപടികളുടെ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്താൻ ആരംഭിച്ചിരിക്കുന്നത്. ഈ നടപടി തുടർന്നാൽ വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യമുണ്ടാകും. ആയതിനാൽ കർഷകർക്ക് ആശ്വാസകരമായി നടപടികൾ സ്വീകരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് കെ.ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു. കേരളാ കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡൻ്റ് റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എം ജോസഫ് , ടി.എസ് ജോർജ് ,വൈസ് പ്രസിഡൻ്റ് ചാണ്ടി മാത്യു, ട്രഷറർ പി ജെ ജോസഫ്, ജോസ് തോമസ്, ജോർജ് എൻ യു, ജോൺ ബേബി, കെ എസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.






Leave a Reply