May 6, 2026

മാസ്റ്ററിങ്ന് വേണ്ടി റേഷൻ കടകളിൽ നീണ്ടനിര

0
Img 20241008 Wa0059
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപറ്റ: അന്ത്യോദയ അന്നയോജന (മഞ്ഞ), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ (പ്രയോരിറ്റി ഹൗസ് ഹോൾഡ്–പിങ്ക്) എന്നീ വിഭാഗം റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ ഒരുലക്ഷത്തിലധികം പേർ ഇനിയും മസ്റ്ററിങ് നടത്തിയിട്ടില്ല. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി ആകെ 4,59,802 പേരാണു മസ്റ്ററിങ് ചെയ്യാനുള്ളത്. ഇതിൽ 3,13,082 പേരാണ് (ഇന്നലെ വൈകിട്ടു 3 വരെയുള്ള കണക്ക്) മസ്റ്ററിങ് പൂർത്തിയാക്കിയത്. ജില്ലയിൽ 184350 മഞ്ഞ കാർഡ് ഉടമകളാണുള്ളത്. ഇവരിൽ 123369 പേർ മസ്റ്ററിങ് പൂർത്തിയാക്കി. 60,981 പേർ മസ്റ്ററിങ് നടത്തിയില്ല.

 

പിങ്ക് കാർഡ് ഉടമകളുടെ എണ്ണം 275452 ആണ്. ഇവരിൽ 189713 പേർ മസ്റ്ററിങ് പൂർത്തിയാക്കി. ഇൗ വിഭാഗത്തിൽ ഇനി 85,739 പേർ കൂടി മസ്റ്ററിങ് നടത്താനുണ്ട്.ഇന്നലെ വൈകിട്ട് വരെയും റേഷൻ കടകൾക്കു മുന്നിൽ മസ്റ്ററിങ്ങിനായി കാത്തുനിൽക്കുന്നവരുടെ നീണ്ടനിരയായിരുന്നു. മസ്റ്ററിങ്ങിനും റേഷൻ വാങ്ങുന്നതിനുമായി കാർഡ് ഉടമകൾ കൂട്ടത്തോടെ എത്തിയതോടെ പല റേഷൻ കടകളുടെയും പ്രവർത്തനം ഇന്നലെ താളംതെറ്റി. ഇതിനിടെ ഇടയ്ക്കിടെ സെർവർ മന്ദഗതിയിലായതും റേഷൻ വ്യാപാരികളെയും കാർഡ് ഉടമകളെയും വലച്ചു. കാർഡിലെ കുട്ടികളുടെയും മസ്റ്ററിങ് നടത്തേണ്ടതിനാൽ കുട്ടികളുടെ അധ്യയനത്തെയും ബാധിക്കുന്നുണ്ട്. സ്കൂളിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണു പലരും കുട്ടികളെ മസ്റ്ററിങ്ങിനായി റേഷൻ കടകളിലെത്തിക്കുന്നത്.

 

കുട്ടികൾക്കും മറ്റും മസ്റ്ററിങ് നടത്താനുള്ള സൗകര്യത്തിനായി ഞായറാഴ്ച റേഷൻകടകൾ തുറക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പല സ്ഥലങ്ങളിലും റേഷൻകടകൾ തുറന്നില്ലെന്ന് കാർഡ് ഉടമകൾ പറയുന്നു. മരിച്ചവരുടെ പേരിലും മറ്റും അനധികൃതമായി റേഷൻ കൈപ്പറ്റുന്നതു തടയുന്നതിനും സൗജന്യ റേഷൻ ലഭിക്കുന്നതിനു തുടർന്നും അർഹരാണെന്ന് ഉറപ്പിക്കാനുമാണ് ബയോമെട്രിക് വിവരങ്ങളിലൂടെ മസ്റ്ററിങ് നടത്തുന്നത്.

 

ആധാർ പുതുക്കാത്തവർ കുടുങ്ങി

ആധാർ കാർഡ് പുതുക്കാത്തവരുട‌െ റേഷൻ കാർഡ് മസ്റ്ററിങ് പ്രതിസന്ധിയിലായി. അക്ഷയ കേന്ദ്രങ്ങളിൽ നിന്നാണ് ആധാർ കാർഡ് പുതുക്കേണ്ടത്. ‌ആധാർ പുതുക്കലിന് അപേക്ഷിച്ചാലും നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് ഒന്നിലധികം ദിവസം വേണം. ഈ സാഹചര്യത്തിൽ മസ്റ്ററിങ്ങിന്റെ അവസാന ദിനമായ ഇന്ന് എന്തായ‌ാലും പുതുക്കിയ ആധാറും കൊണ്ട് പലർക്കും ഇന്ന് മസ്റ്ററിങ്ങിനു പോകാനാവില്ലെന്നു ഉറപ്പായിട്ടുണ്ട്. അതേസമയം, ആധാർ പുതുക്കാത്തതിന്റെ പേരിൽ മസ്റ്ററിങ് മുടങ്ങിയവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തി വിവരം അറിയിക്കാൻ റേഷൻ വ്യാപാരികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇന്നുകൂടി അവസരം

മുൻഗണനാ വിഭാഗത്തിലെ എഎവൈ (മഞ്ഞ) പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡ് ഉടമകൾക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ ഇന്നുകൂടി അവസരം. റേഷൻ വിഹിതം നഷ്ടപ്പെടാതിരിക്കാൻ കാർഡ് ഉടമകൾ റേഷൻ, ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തി മാസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ്ങിന് ഇനി അവസരം ലഭിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. കിടപ്പു രോഗികൾ, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിവരങ്ങൾ റേഷൻ കട ഉടമയെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഇതര സംസ്ഥാനക്കാർ അതത് സംസ്ഥാനത്തെ റേഷൻ കടകളിൽ മസ്റ്ററിങ് നടത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *