മിലാപ്,ശ്രീ ശങ്കരാചാര്യ കോളേജ് സഹവാസ ക്യാമ്പ് ആരംഭിച്ചു
കാവുംമന്ദം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല തിരൂര്‍ പ്രാദേശിക കേന്ദ്രം സാമൂഹ്യപ്രവര്‍ത്തന വിഭാഗം ബി എസ് ഡബ്ലിയു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏഴ് ദിന സഹവാസ ക്യാമ്പ് ‘മിലാപ്’ തരിയോട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രന്‍ അദ്ധ്യക്ഷനായി. ഡോ. പി. അബ്ദുള്‍ ഷരീഫ് പദ്ധതി വിശദീകരണം നടത്തി.
മുരുകേഷ് ഐ സ്വാഗതവും ക്യാമ്പ് വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ റിഫാന നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹവുമായി നേരിട്ട് ഇടപെടാനുള്ള അവസരം ഒരുക്കുകയും, ഗ്രാമത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും തിരിച്ചറിയുന്നതിനും സമൂഹത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുള്ള മനോഭാവം വിദ്യാര്‍ഥികളില്‍ വളര്‍ത്തുകയും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
2025 സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പില്‍ സാമൂഹിക ബോധവത്കരണം, ആരോഗ്യ വിദ്യാഭ്യാസ മുന്നേറ്റം, ഗ്രാമ വികസനം, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമീണ ജീവിതവുമായി അടുക്കാനും, ജനങ്ങളുടെ ജീവിത യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അവസരം നല്‍കുന്ന ഒരു മികച്ച വേദിയായാണ് മിലാപ് കൂട്ടായ്മ ക്യാമ്പ് മാറുന്നത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ റസാക്ക്, ഹെഡ് ക്ലര്‍ക്ക് കെ ഹംസ, ഡോ രഹന, ടോട്ടം കോഡിനേറ്റര്‍ ദീപിക തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply