July 29, 2026

കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത: ഇരുവശത്തും റോഡ് നിര്‍മ്മാണം ആരംഭിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറുന്നു

0
site-psd-187
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: താമരശ്ശേരി ചുരത്തിന് ബദലായി നിര്‍മ്മിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടങ്ങളായ വയനാട് കള്ളാടിയിലും കോഴിക്കോട് മറിപ്പുഴയിലും റോഡ് നിര്‍മ്മാണം ആരംഭിച്ചു.വയനാട് ഭാഗത്ത് തുരങ്കം ആരംഭിക്കുന്ന കള്ളാടി മീനാക്ഷിയില്‍, പാറ തുരക്കുന്ന സ്ഥലത്തേക്ക് 300 മീറ്റര്‍ ദൂരത്തില്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. മീനാക്ഷി പാലത്തിന് സമീപത്തുനിന്ന് ഒരേസമയം നിരവധി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പണികള്‍ നടക്കുന്നത്.

നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിച്ച് രണ്ട് ഏക്കറോളം സ്ഥലം നിരപ്പാക്കുന്നുണ്ട്.കഴിഞ്ഞ മാസം ആദ്യവാരം തന്നെ വയനാട് ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും, കൂടുതല്‍ തൊഴിലാളികളെയും യന്ത്രസാമഗ്രികളും എത്തിച്ച് കഴിഞ്ഞ ആഴ്ചയോടെയാണ് നിര്‍മ്മാണത്തിന് വേഗത കൈവന്നത്. ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ് (ഉആഘ) ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നൂറോളം തൊഴിലാളികളാണ് നിലവില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കായി താല്‍ക്കാലിക താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തെ മറിപ്പുഴയില്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, ഇരുവശത്തുനിന്നും ഒരേസമയം തുരങ്ക നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി. തുരങ്കം നിര്‍മ്മിക്കുന്നതിനാവശ്യമായ കൂറ്റന്‍ യന്ത്രങ്ങള്‍ അടുത്ത മാസത്തോടെ എത്തിക്കും. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി, വരുന്ന ജനുവരിയോടെ തുരങ്ക നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.മലബാറിന്റെ വികസനത്തിന് കുതിപ്പേകുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ നിര്‍മ്മാണം 2030-ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *