May 3, 2026

പിന്നാക്ക വിഭാഗക്കാര്‍ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണം: മന്ത്രി ഒ.ആര്‍. കേളു

0
site-psd-347
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : പിന്നാക്ക വിഭാഗക്കാര്‍ ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. പനമരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കൂവമൂലക്കുന്ന് ഉന്നതിയില്‍ സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗ വികസന വകുപ്പ് കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും നിര്‍മ്മിച്ചത്. പട്ടികജാതി വിഭാഗക്കാരുടെ സാംസ്‌കാരിക വളര്‍ച്ചക്കും കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനും സാംസ്‌കാരിക നിലയം സഹായകമാവുമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി നിലയം ഉപയോഗപ്പെടുത്തണമെന്നുംമന്ത്രി പറഞ്ഞു.

ആയിരത്തിലധികം കുട്ടികള്‍ക്ക് വിദേശപഠനം, പൈലറ്റ്, എയര്‍ ഹോസ്റ്റസ് തുടങ്ങിയ മേഖലകളിലെ പഠന സഹായം, തൊഴില്‍ സാധ്യതയുള്ള ആധുനിക കോഴ്‌സുകളിലെ പ്രവേശനം ഉള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 971 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ വിശാലമായ ഹാള്‍, ഓഫീസ് മുറി, ടോയ്‌ലറ്റ്, വരാന്ത, പടിക്കെട്ട് എന്നിവയടക്കം സമ്പൂര്‍ണ്ണ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.

പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷയായ പരിപാടിയില്‍ പനമരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ മാനുവല്‍, ഗ്രാമപഞ്ചായത്ത് അംഗം ആയിഷ ഉമ്മര്‍, ഊരു മൂപ്പന്‍ ബാബു രാജ്, എസ്.ടി പ്രൊമോട്ടര്‍ കെ.ആര്‍ മണികണ്ഠന്‍, മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം. മജീദ്,ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിത്, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷില്ലി ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *