August 13, 2026

തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയ നിരീക്ഷിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

       ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കായി സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പ്രചാരണങ്ങളും  ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കും. സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലെ ഉള്ളടക്കങ്ങള്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നതായിരിക്കണം. അപകീര്‍ത്തിപ്പെടുത്തുന്നതോ വ്യക്തിഹത്യ നടത്തുന്ന രീതിയിലുളളതോ ആയ പരാമര്‍ശങ്ങള്‍ പാടില്ല.  ജാതി മത ഭാഷാപരമായ വിദ്വേഷങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുളള പ്രചാരണങ്ങളും അനുവദിക്കില്ല. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കമ്മറ്റിക്ക് സമര്‍പ്പിക്കണം.. മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച പരസ്യങ്ങള്‍ മാത്രമേ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധപ്പെടുത്താന്‍ പാടുളളൂ.സ്ഥാനാര്‍ഥികളുടെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയനിങ്ങിനായി ചെലവഴിച്ച തുകയും ഉള്‍പ്പെടുത്തും.  
      മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമ തീയറ്ററുകളും വഴി ഇലക്ഷന്‍ പരസ്യങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ പ്രക്ഷേപണം ചെയ്യുന്നതിന് മുന്‍പ് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി തേടണം. തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനൊപ്പം പത്ര-ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവയും കമ്മറ്റി റെക്കോഡു ചെയ്ത് സൂക്ഷിക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകളും സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വാര്‍ത്തകളും പരസ്യങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റി ഓരോ സ്ഥാനാര്‍ഥിയേയും കുറിച്ചുള്ള റിപ്പോര്‍ട്ട് വരണാധികാരിക്കും  ചെലവു നിരീക്ഷകനും നല്‍കും. സ്വതന്ത്രമായ് വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തില്‍ പെയ്ഡ് ന്യൂസുകള്‍  സ്വാധീനം ചെലുത്തുന്നതായും തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നല്‍കുന്നതായും കണ്ടത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എം.സി.എം.സി.ക്കു രൂപം നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *