April 20, 2026

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി; റവന്യൂ വകുപ്പ് അട്ടിമറിക്കുന്നതായ ആരോപണം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അഴിമതി രഹിതവും, സുതാര്യവുമായി നടപ്പാക്കി വന്ന  സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ഇപ്പോള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആരോപണം. വയനാട് വന്യജീവി സങ്കേതത്തിലെ പുനരധിവാസ പദ്ധതി അട്ടിമറിക്കാന്‍ റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തുന്നതായി വയനാട് വന്യജീവി കേന്ദ്ര കര്‍ഷക ക്ഷേമസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും, ജില്ലാകലക്ടറും പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാവുമ്പോഴും അവരെ റവന്യൂ വകുപ്പ് അവരെ നോക്കുകുത്തിയാക്കുകയാണ്. 25 കോടിയിലധികം കലക്ടറുടെ അക്കൗണ്ടിലുണ്ടായിട്ടും കഴിഞ്ഞ ഒരു വര്‍ഷമായി പുനരധിവാസം നടന്നിട്ടില്ല. ജില്ലാ ഇംപ്ലിമെന്റിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടും സാങ്കേത തടസ്സങ്ങള്‍ ഉന്നയിച്ച് പണം റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കയാണ്. നരിമാന്തികൊല്ലി, ഈശ്വരന്‍കൊല്ലി സെറ്റില്‍മെന്റുകളുടെ പുനരധിവാസത്തിന് ട്രൈബല്‍വകുപ്പ് ഏഴരകോടി നല്‍കിയിട്ട് മൂന്നര വര്‍ഷമായിട്ടും നരിമാന്തികൊല്ലിയിലെ എട്ടുപേര്‍ക്ക് മാത്രമാണ് പണം നല്‍കിയത്. ചെട്ട്യാലത്തൂരില്‍ 23 കോടി അനുവദിച്ചിട്ട് ഒരു വര്‍ഷമായി. എന്നാല്‍ ഒരാള്‍ക്ക് പോലും പണം നല്‍കിയിട്ടില്ല. മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയായ ഇവര്‍ക്ക് പണം നല്‍കാന്‍ ജില്ലാ ഇംപ്ലിമെന്റ് കമ്മിറ്റി നാല് മുമ്പ് തീരുമാനിച്ചിരുന്നു. പദ്ധതി തുടങ്ങിയ 2011 മുതല്‍ കലക്ടറുടെ പേരിലുള്ള കനറാ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കാറുള്ളത്. ഇത്തവണ റവന്യൂ വകുപ്പ് പുനരധിവാസവുമായി യാതൊരു ബന്ധവുമില്ലാത്ത ട്രൈബല്‍ പ്രൊജക്ടറും, കലക്ടറും അടങ്ങിയ ട്രഷറിയിലെ ജോയിന്റ് അക്കൗണ്ട് വനം വകുപ്പിന് നല്‍കി പദ്ധതി  അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ട്രഷറി നിയന്ത്രം നിലവിലുണ്ടെന്ന ന്യായം നിരത്തിയാണ് ഇപ്പോള്‍ പുനരധിവാസം നിര്‍ത്തിവെച്ചിരിക്കുന്നത്. 
 നരിമാന്തികൊല്ലിയിലെ 28 യോഗ്യതാ കുടുംബങ്ങളില്‍ എട്ടു പേര്‍ക്ക് മാത്രമാണ് പണം നല്‍കിയത്. മാനന്തവാടി എം.എല്‍.എ ഇടപ്പെട്ടതോടെ 12 പേര്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവര്‍ക്ക് നല്‍കണമെങ്കില്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി വേണമെന്നാണ് അധികാരികള്‍ പറയുന്നത്. അന്തിമ നിര്‍ണ്ണയ ദിനത്തില്‍ ഇവര്‍ വീടുകളിലില്ലെന്ന ഇവരുടെ വാദം തെറ്റാണ്. താമസക്കാരാണെന്ന മുഴുവന്‍ രേഖകളും, കാട്ടാനകള്‍ തകര്‍ത്ത വീടുകളുടെ കെട്ടിടാവശിഷ്ടങ്ങളുമുണ്ട്. ഇത്തരത്തില്‍പ്പെട്ടവര്‍ക്ക് പുനരധിവാസം നടപ്പാക്കിയ മറ്റു ഗ്രാമങ്ങളിലും പുനരധിവാസം നല്‍കിയിട്ടുണ്ട്. നരിമാന്തികൊല്ലിയിലും, ഈശ്വരന്‍കൊല്ലിയിലും മടങ്ങിയെത്തിയവര്‍ക്ക് ജില്ലാ ഭരണകൂടവും, വനം വകുപ്പും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ചെട്ട്യാലത്തൂരിലെ കര്‍ഷകര്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് സകല രേഖകളും വനം വകുപ്പിന് നല്‍കിയിട്ട് ഒരു വര്‍ഷം തികയുകയാണ്. വനം വകുപ്പ് മുഴുവന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും, ജില്ലാ ഇംപ്ലിമെന്റിംഗ് കമ്മിറ്റി മൂന്ന് മാസം മുമ്പ് തീരുമാനമെടുത്തിട്ടും റവന്യൂ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം പണം നല്‍കാതെ താമസിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേമസമിതി പ്രസിഡന്റ് കുറിച്യാട് രാഘവന്‍, സെക്രട്ടറി തോമസ് പട്ടമന, ട്രഷറര്‍ സജീവന്‍ കാട്ടിക്കുളം, രാഘവന്‍ നരിമുണ്ടക്കൊല്ലി. രാജേഷ് നരിമുണ്ടക്കൊല്ലി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *