അമ്പലവയലിൽ വയോധികനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മാതാവ് അറസ്റ്റിൽ
അമ്പലവയൽ ; മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പെൺമക്കൾ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ.അമ്പലവയൽ ആയിരംകൊല്ലി മണ്ണിൽതൊടിയിൽ താമസിക്കുന്ന മുഹമ്മദ് (68) ആണു കൊല്ലപ്പെട്ടത്. ഇയാളുടെ വലതുകാൽ വെട്ടിമാറ്റി സ്കൂൾ ബാഗിലാക്കി അമ്പലവയൽ പഞ്ചായത്തിന്റെ മാലിന്യനിക്ഷേപകേന്ദ്രത്തിൽ ഉപേക്ഷിച്ചു. പിന്നീട് മൃതദേഹം ചാക്കിലാക്കി വീട്ടിനടുത്ത തോട്ടത്തിലെ പൊട്ടക്കിണറ്റിലിട്ട ശേഷം ഇരുവരും പൊലീസിൽ കീഴടങ്ങി. കുറ്റകൃത്യത്തിനു സഹായിച്ച പെൺകുട്ടികളുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ പത്തരയോടെയാണു നാടിനെ നടുക്കിയ സംഭവം. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ മുഹമ്മദ് അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടയാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തേണ്ടിവന്നെന്നാണു കുട്ടികളുടെ മൊഴി. പെൺകുട്ടികളിൽ ഒരാൾ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മൃതദേഹത്തിൽനിന്നു വെട്ടിമാറ്റിയ കാൽ സ്കൂൾ ബാഗിലാക്കി ഓട്ടോയിൽ അമ്പലവയൽ ടൗണിലിറങ്ങുകയും
മാലിന്യം ഇടുന്ന സ്ഥലത്തെത്തി കാൽ ഉപേക്ഷിക്കുകയും ചെയ്തു. കുട്ടികളും മാതാവും വൈകിട്ട് മൂന്നരയോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മുഹമ്മദിന്റെ മൃതദേഹം കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിലായി കളയാനായിരുന്നു പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരം.
കോടാലി, കത്തി എന്നിവയെല്ലാം ഉപയോഗിച്ചെങ്കിലും കാൽ മാത്രമേ മുറിച്ചു മാറ്റാൻ പറ്റിയുള്ളൂവെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. അമ്മയെയും പെൺകുട്ടികളെയും മുൻപും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഫൊറൻസിക് വിദഗ്ധരടക്കമുള്ളവരും പരിശോധന നടത്തി. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടികളെ ഇന്ന് ജുവൈനൽ ജസ്റ്റിസ് ബോർഡിലും മാതാവിനെ ബത്തേരി കോടതിയിലും ഹാജരാക്കും.





Leave a Reply