വയനാടിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ നടപ്പിലാക്കണമെന്ന് .
വയനാടിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ നടപ്പിലാക്കുക, വയനാട്ടിൽ മരംമുറി നിരോധിക്കുക, അനധികൃത ക്വാറികൾ അടച്ചുപൂട്ടുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പരിസ്ഥിതിദിനത്തിൽ രാവിലെ 9 മണി മുതൽ കലക്ട്രേറ്റ് കവാടത്തിൽ ധർണ്ണ സംഘടിപ്പിച്ചു. വയനാടിനെ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ജില്ലയാക്കുമെന്ന് പ്രഖ്യാപിക്കുകയും ഐ.യു.സി. എൻ റെഡ് ഡാറ്റാ ലിസ്റ്റിൽ ഉൾപ്പെട്ടതും നൈസർഗ്ഗിക പ്രകൃതിയുടെ സ്വാഭാവിക ന്യൂട്രലൈസേഷൻ നൂറ്റാണ്ടുകളായി ചെയ്തുവരുന്നതുമായ 14,000 അപൂർവ്വമായ വയനാടൻ റോസ് വുഡ് (വീട്ടിമരങ്ങൾ) നിഷ്കരുണം വെട്ടിവീഴ്ത്തുന്ന വികസന ഭീകരത അവസാനിപ്പിക്കുക. അതേ സമയം പൊതുഖജനാവിൽ നിന്നും കോടികൾ ചെലവഴിക്കുന്ന കേരള സർക്കാറിന്റെ പരിസ്ഥിതി ദിന മരം നടീൽ നാടകത്തിനെതിരെയുമാണ് ധർണ്ണ. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ജില്ലാ കമ്മിറ്റി ചെയർപേഴ്സൺ സുലോചന രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് വട്ടേക്കാട്ടിൽ, സാം.പി.മാത്യു, കെ.ജി.മനോഹരൻ, പി.ടി.പ്രേമാനന്ദ്, തുടങ്ങിയവർ സംസാരിച്ചു. ബഷീർ ആനന്ദ് ജോൺ സ്വാഗതം പറഞ്ഞു കെ.വി. പ്രകാശൻ അദ്ധ്യക്ഷനായിരുന്നു.
ഉച്ചവരെ കലക്ട്രേറ്റ് പടിക്കൽ തുടർന്ന ധർണ്ണ, ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിന് സമീപം വിശദീകരണ യോഗത്തോടെ സമാപിച്ചു. മെയ് 10, ഞായറാഴ്ച 2 മണിക്ക് പ്രവർത്തകയോഗം ചേരുന്നതായും പരിസ്ഥിതി സ്നേഹികളായ വയനാട്ടുകാരെ പ്രസ്തുത യോഗത്തിലേക്ക് ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.





Leave a Reply