April 28, 2026

പ്രളയത്തിൽ താങ്ങായ കൈകൾക്ക് പച്ചപ്പിന്റെ ആദരം

0
By ന്യൂസ് വയനാട് ബ്യൂറോ
 സ്വജീവനെക്കുറിച്ച് ചിന്തിക്കാതെ വെളളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും ദുരന്തമുഖത്ത് പെട്ടുപോയ ആയിരക്കണക്കിന് ആളുകളെ  ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കരങ്ങൾക്ക്   പച്ചപ്പിന്റെ ആദരം. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടത്തിയ പ്രത്യേക ചടങ്ങിലാണ് ദുരന്തമുഖങ്ങളിൽ കർമ്മധീരരായവരെ അനുമോദിച്ചത്. കൽപ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പൗരാവലി ഒത്തുചേർന്നത്. മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അക്ഷീണം പ്രയത്‌നിച്ച് മാതൃകയായവരെയാണ് ഒരു വേദിയിലേക്ക് ക്ഷണിച്ച് നാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചത്. 3826 പേർക്ക് സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടപ്പള്ളി  വിതരണം ചെയ്തു. രക്ഷാപ്രവർത്തനങ്ങളിൽ ഒരു പതിറ്റാണ്ടിലേറെയായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന തുർക്കീ ജീവൻ രക്ഷാസമിതിയും പ്രത്യേകം ആദരവ് ഏറ്റുവാങ്ങി. ഏതൊരു ദുരന്തമേഖലകളിലും എപ്പോഴും ഓടിയെത്തുന്ന സദ്ധപ്രവർത്തകരാണ് നാടിന്റെ സ്പന്ദനമെന്ന്‍ മന്ത്രി രാമചന്ദ്രൻ കടപ്പള്ളി പറഞ്ഞു. ജില്ല നേരിയ വലിയ ദുരന്തത്തെ അതിജീവിക്കാൻ ഈ കൂട്ടായ്മകൾ കൊണ്ടാണ് കഴിഞ്ഞത്. പ്രളയാനന്തര നവകേരള നിർമ്മിതിയിലും ജനകീയ സഹകരണം അനിവാര്യമാണ്. ദുരന്തങ്ങൾക്കിരയായ കുടുംബങ്ങൾക്കൊപ്പം നിൽക്കാൻ ഏവരും അണിനിരക്കണം. വീടും ഭൂമിയും സകലതും നഷ്ടപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിനായി സർക്കാർ സ്വരൂപിക്കു ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ സഹായം വേണം. നാടിന്റെ നാനാഭാഗത്ത് നിന്നുളളവർ കൈകോർക്കുമ്പോൾ നവകേരളം എളുപ്പത്തിൽ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. 
 സമാനതകളിലാത്ത ദുരന്തത്തിലും കൈത്താങ്ങാകാൻ എത്തിയ രക്ഷാപ്രവർത്തകരുടെ കർമ്മവീര്യവും സഹകരണവും മാതൃകാപരമാണെന്ന്‍ സി.കെ ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു.  കൽപ്പറ്റ നിയോജകമണ്ഡത്തിൽപ്പെട്ട വൈത്തിരി, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ തുടങ്ങിയ പഞ്ചായത്തുകളിൽ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അതിജീവനത്തിന്റെ പാതയിലും ഒരേ മനസ്സോടെ കൈകോർക്കാൻ ഏവർക്കും സാധിക്കണമെന്നും എം.എൽ.എ പറഞ്ഞു.  
   ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സന്ന്‍ സനിതാ ജഗദീഷ്, ജില്ലാ കളക്ടർ എ.ആർ  അജയകുമാർ, ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം നാസർ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു ദാസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *