നന്ദിതയുടെ കവിതകള്‍ പുനര്‍ജ്ജനിക്കുന്നു: സിനിമ ചിത്രീകരണം തുടങ്ങി
കല്‍പ്പറ്റ: അകാലത്തില്‍ മരിച്ച മുട്ടില്‍ ഡബ്ല്യു.എം.ഒ.കോളേജിലെ അധ്യാപികയായിരുന്ന നന്ദിതയുടെ കവിതകള്‍ സിനിമയാകുന്നു. പ്രശസ്ത സിനിമാസംവിധായകന്‍ എന്‍.എന്‍.ബൈജുവിന്റെ നേതൃത്വത്തിലാണ് നന്ദിതയുടെ ഇംഗ്ലീഷ് കവിതകള്‍ സിനിമയാകുന്നത്. നന്ദിത എന്നുതന്നെ പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയതായി അണിയറ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1999ലാണ് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചത്. ജീവിതകാലത്ത് ഡയറിയില്‍ എഴുതിസൂക്ഷിച്ച കവിതകള്‍ അവരുടെ മരണശേഷമാണ് പുറംലോകം അറിയുന്നത്. ഈ കവിതകള്‍ സമാഹരിച്ച് 2002ല്‍ പാപ്പിയോണ്‍ നന്ദിതയുടെ കവിതകള്‍ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയ നിരവധി കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നാല് ഇംഗ്ലീഷ് കവിതകളെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. അമ്പലപ്പുഴ ആസ്ഥാനമായ ഇലപ്പച്ച ക്രിയേഷന്‍സിന്റെ ബാനറിലാണ് സിനിമാനിര്‍മ്മാണം. തകഴിയുടെ ജീവിതം, കണ്ണൂര്‍ മാടായിപ്പാറയുടെ കഥ തുടങ്ങി നിരവധി ജനകീയ പരിസ്ഥിതി വിഷയങ്ങള്‍ സിനിമയാക്കിമാറ്റിയ ഇലപ്പച്ചയുടെ ഏറ്റവും പുതിയ സിനിമയാണ് നന്ദിത.
തിരക്കഥാകൃത്തും നടിയുമായ ഗാത്രി വിജയിയാണ് നന്ദിതയായി അഭിനയിക്കുന്നത്. നന്ദിതയുടെ സഹോദരന്‍ പ്രശാന്ത് ശ്രീധരന്റെ പാട്ടും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നന്ദിതയുടെ ജീവിതവുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരെഴുത്തുകാരിയുടെ കവിതകളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്‌ക്കാരമാണിതെന്നും അണിയറപ്രവര്‍ത്തകരില്‍ ഒരാളായ എം.ഗംഗാധരന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കഥയല്ല യഥാര്‍ത്ഥ നന്ദിതയുടെ ജീവിതമെന്ന് സംവിധായകനായ എന്‍.എന്‍.ബൈജു പറഞ്ഞു. ഒരു പ്രതിഭയുടെ മരണമായിരുന്നു നന്ദിതയുടെ മരണം. ജീവിതകാലഘട്ടത്തില്‍ അവര്‍ ഉള്ളില്‍ സൂക്ഷിച്ച സര്‍ഗ്ഗശേഷിയും ജീവിതത്തിന്റെ വിഹ്വലതകളും ആശങ്കകളും ആശ്വാസങ്ങളും എല്ലാം അവരുടെ കവിതയില്‍ പ്രകടമായിരുന്നു. ഇവയൊക്കെതന്നെയാണ് സിനിമയിലും വിഷയമായി വരുന്നത്. സുനില്‍ ചന്ദ്രന്‍ പുലിയൂരും ഈ സിനിമയില്‍ വേഷമിടുന്നുണ്ട്. വയനാട്ടിലും വാഗമണ്ണിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്. നിരവധി വിഷയങ്ങള്‍ ഇതിനോടകം സിനിമയായിട്ടുണ്ടെങ്കിലും നന്ദിതയുടെ കവിതകളിലെ ഫാന്റസി എന്ന പ്രമേയം ആദ്യമായാണ് സിനിമയാകുന്നത്.







Leave a Reply