എസ്.എസ്.എൽ.സി പരീക്ഷ ഏഴിന് തുടങ്ങും; ഒരുക്കങ്ങൾ വിലയിരുത്തി
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഏഴിന് തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷയുടെ ക്രമീകരണങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ യോഗം ചേർന്നു. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. ചോദ്യപ്പേപ്പറുകൾ 18 ക്ലസ്റ്ററുകളായി തിരിച്ച് ജില്ലാ ട്രഷറി, സബ്ട്രഷറികൾ, ബാങ്കുകൾ എന്നിവിടങ്ങളിലായി സൂക്ഷിക്കും. ശക്തമായ പോലീസ് ബന്ധവസ്സോടെ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കുന്ന ചോദ്യപ്പേപ്പറുകൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തുടിതാളം
ഗോത്ര സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങും
വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിൽ തുടി താളം ഗോത്രസഹവാസ ക്യാമ്പ് വെള്ളിയാഴ്ച തുടങ്ങും. ഗോത്രവിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് രണ്ടു ദിവസങ്ങളിലാണ് റസിഡൻഷ്യൽ ക്യാമ്പ് നടക്കുക. ഗോത്ര വിദ്യാർത്ഥികളും പൊതു വിദ്യാലയങ്ങളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാനുള്ള പരിശ്രമങ്ങളും ഇതിനു പിന്നിലുണ്ട്. കാട്ടുനായ്ക്ക, പണിയ,കുറിച്യ വിഭാഗങ്ങളിലായി 160 ഓളം ഗോത്രവിദ്യാർത്ഥികൾ വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിൽ പഠിക്കുന്നുണ്ട്. പരമ്പാരാഗതമായ അനുഷ്ഠാന കലകളുടെ അവതരണവും രണ്ടു ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് എസ്.എസ്. എ ജില്ലാ പ്രോഗ്രാം ഓഫീസർ ജി.എൻ.ബാബുരാജ് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എ.മൊയ്തു അദ്ധ്യക്ഷത വഹിക്കും. ഡി.പി.ഒ കെ.സത്യൻ ഗോത്രമൂപ്പൻമാരെ ആദരിക്കും. വൈകീട്ട് 3 മുതൽ തുയിലിണർത്ത് അരങ്ങേറും. ഏച്ചോം തുടിയിലെ രാജേഷ്,വിനു കിടച്ചുളൻ എന്നിവർ നേതൃത്ത്വം നൽകും. ഡോക്യുമെന്ററി പ്രദർശനം, ഗോത്രതാളം തനത് കലകളുടെ അവതരണം എന്നിവയും നടക്കും. പ്രകാശൻ പേരാമ്പ്ര ചൊൽക്കാഴ്ച അവതരിപ്പിക്കും. ശനിയാഴ്ച മെഡിറ്റേഷൻ, ക്യാമ്പ് പ്രവർത്തനങ്ങൾ എന്നിവ നടക്കും.
വിമുക്തഭടന്മാർക്ക് എംപ്ലോയ്‌മെന്റ് സെമിനാർ
തൊഴിൽരഹിതരായ വിമുക്തഭടന്മാർക്ക് വേണ്ടി ഡൽഹി പുനരധിവാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കോർപ്പറേറ്റ്-പൊതുമേഖലാ വകുപ്പുകളുമായി ബന്ധപ്പെട്ട തൊഴിൽ സെമിനാർ മാർച്ച് എട്ടിന് സെയിലേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർ വശം സതേൺ നേവൽ കമാൻഡ് കൊച്ചിയിൽ നടക്കും. താല്പര്യമുള്ളവർ രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കുമായി വേേു://ംംം.റഴൃശിറശമ.രീാ എന്ന വെബ്‌സൈറ്റിൽ ഡി.ജി.ആർ. എംപ്ലോയ്‌മെന്റ് സെമിനാർ എന്ന ലിങ്കിൽ ബന്ധപ്പെടണം.
പുതുക്കിയ ഭരണാനുമതി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ പ്രത്യേക വികസന നിധിയിൽനിന്നും 2017-18 വർഷത്തിൽ നിർദേശിച്ച പ്രവർത്തികളിൽപ്പെട്ട എ.എൻ.എം യു പി സ്‌കൂൾ ഗോഖലെ നഗർ മൈലമ്പാടിക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്ക് പുതുക്കിയ ഭരണാനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി.
വില്ലേജ് ഓഫീസ് പൊളിച്ച് ലേലം ചെയ്യുന്നു
സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയിൽ ഉൾപ്പെട്ട കൽപ്പറ്റ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി കെട്ടിടത്തിന്റെ ഓട്, മരം, ഇഷ്ടിക, ജി.ഐ പൈപ്പുകൾ, ആസ്ബറ്റോസ് ഷീറ്റുകൾ എന്നിവ ലേലം ചെയ്ത് വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് കൽപ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത് എത്തണം. വിശദവിവരത്തിന് വൈത്തിരി താലൂക്ക് ഓഫീസുമായോ കളക്ടറേറ്റ് എം.സെക്ഷനുമായോ ബന്ധപ്പെടുക. ഫോൺ: 04936 202251





Leave a Reply